അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ആണവ അന്തർവാഹിനി 'ഹീറോ കിം കുൻ ഓക്ക്' നീറ്റിലിറക്കി ഉത്തര കൊറിയ

അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ആണവ അന്തർവാഹിനി 'ഹീറോ കിം കുൻ ഓക്ക്' നീറ്റിലിറക്കി ഉത്തര കൊറിയ

1950-ൽ കൊറിയൻ യുദ്ധസമയത്ത് യുഎസ്എസ് ബാൾട്ടിമോർ മുക്കിയ ഓപ്പറേഷന് നേതൃത്വം നൽകിയ ഉത്തരകൊറിയൻ നാവികസേന തലവനായ ഹീറോ കിം കുൻ ഓക്കിന്റെ പേരാണ് അന്തർവാഹിനിക്ക് നൽകിയിരിക്കുന്നത്.

അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും മുന്നറിയിപ്പുമായി തന്ത്രപരമായ പുതിയ ആണവ അന്തർവാഹിനി നീറ്റിലിറക്കി ഉത്തര കൊറിയ. 'ഹീറോ കിം കുൻ ഓക്ക്' എന്നാണ് അന്തർവാഹിനിയുടെ പേര്. പുതിയ അന്തർവാഹിനി ഡിപിആർകെയുടെ നാവിക സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുമെന്ന് ചടങ്ങിൽ പങ്കെടുക്കവെ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. അമേരിക്കയെയും ഏഷ്യൻ സഖ്യകക്ഷികളെയും നേരിടാൻ ഒരു ആണവ സായുധ നാവികസേന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം അന്തർവാഹിനി വികസിപ്പിച്ചതെന്ന് സർക്കാർ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസി‌എൻ‌എ) റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ വികസിത നാവിക ആസ്തികളെ പ്രതിരോധിക്കാൻ രാജ്യം സ്വന്തമായി ആണവ ആക്രമണ അന്തർവാഹിനി സ്വന്തമാക്കിയതിൽ കിം ജോങ് ഉൻ സംതൃപ്തി പ്രകടിപ്പിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് പുതിയ നീക്കം. 1950-ൽ കൊറിയൻ യുദ്ധസമയത്ത് യുഎസ്എസ് ബാൾട്ടിമോർ മുക്കിയ ഓപ്പറേഷന് നേതൃത്വം നൽകിയ ഉത്തരകൊറിയൻ നാവികസേന തലവനായ ഹീറോ കിം കുൻ ഓക്കിന്റെ പേരാണ് അന്തർവാഹിനിക്ക് നൽകിയിരിക്കുന്നത്.

വെള്ളത്തിനടിയിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങൾ വിക്ഷേപിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരുന്നതാണ് ഹീറോ കിം കുൻ ഓക്ക് അന്തർ വാഹിനിയെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറഞ്ഞു. എന്നാൽ എത്ര മിസൈലുകൾ വഹിക്കാനും വിക്ഷേപിക്കാനും അന്തർവാഹിനിക്ക് സാധിക്കുമെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല.

രാജ്യം ആണവോർജ്ജമുള്ള അന്തർവാഹിനികൾ നിർമിക്കാൻ കൂടുതൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആണവായുധങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ നിലവിലുള്ള അന്തർവാഹിനികളും ഉപരിതല കപ്പലുകളും പുനർനിർമിക്കുമെന്നും കിം പറഞ്ഞു. ആണവശേഷിയുള്ള സൈന്യത്തെ കെട്ടിപ്പടുക്കുന്നത് അടിയന്തര ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവികസേനയുടെ ആണവായുധവൽക്കരണവുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും കിം ഊന്നിപ്പറഞ്ഞു.

logo
The Fourth
www.thefourthnews.in