യുഎസിനും ദക്ഷിണ കൊറിയക്കും മറുപടി: തന്ത്രപ്രധാന ആണവ അഭ്യാസം നടത്തി ഉത്തരകൊറിയ

യുഎസിനും ദക്ഷിണ കൊറിയക്കും മറുപടി: തന്ത്രപ്രധാന ആണവ അഭ്യാസം നടത്തി ഉത്തരകൊറിയ

യുഎസും ദക്ഷിണകൊറിയയും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം നടത്തിയ ഉച്ചകോടി കരാറിനെ ഉത്തരകൊറിയ വിമർശിക്കുകയും സൈനിക പ്രതിരോധം ശക്തമാക്കുകയും ചെയ്തിരുന്നു

യു എസ്, ദക്ഷിണ കൊറിയ സഖ്യസേനയുടെ സൈനികാഭ്യാസങ്ങൾക്ക് മറുപടിയായി ഉത്തരകൊറിയ തന്ത്രപ്രധാന ആണവ ആക്രമണ അഭ്യാസം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഉൾപ്പെടുന്ന ആണവ അഭ്യാസമാണ് ഉത്തരകൊറിയ നടത്തിയത്. യുഎസിനും ദക്ഷിണ കൊറിയക്കുമെതിരായ സൈനിക പ്രതിരോധം ശക്തിപ്പെടുത്തുമെന്നതിന്റെ ഭാഗമായി, ആണവയുദ്ധമുണ്ടായാൽ രാജ്യം സജ്ജമാകുമെന്ന് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഡ്രിൽ നടത്തിയതെന്ന് കെസിഎൻഎ വാർത്താ ഏജൻസി പറഞ്ഞു.

മോക്ക് ന്യൂക്ലിയർ വാർഹെഡുകൾ വഹിക്കുന്ന രണ്ട് ക്രൂയിസ് മിസൈലുകൾ പടിഞ്ഞാറൻ കടലിലേക്ക് തൊടുത്തുവിടുകയും 150 മീറ്റർ ഉയരത്തിൽ 1,500 കിലോമീറ്റർ (930 മൈൽ) പറക്കുകയും ചെയ്തു.

യുഎസിനും ദക്ഷിണ കൊറിയക്കും മറുപടി: തന്ത്രപ്രധാന ആണവ അഭ്യാസം നടത്തി ഉത്തരകൊറിയ
വിദേശത്തുള്ള പൗരന്മാർക്ക് തിരിച്ചെത്താം; കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുമായി ഉത്തരകൊറിയ

മറൈൻ എഞ്ചിനുകൾ നിർമ്മിക്കുന്ന പുക്‌ജംഗ് മെഷീൻ കോംപ്ലക്‌സും പ്യോങ്‌യാങ്ങിന്റെ നാവിക സേനയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന് ഒരു പ്രധാന യുദ്ധോപകരണ ഫാക്ടറിയും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉൻ സന്ദർശിച്ചുവെന്ന് പ്രത്യേക പ്രസ്താവനയിൽ പറയുന്നു. "WPK (വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ) യുടെ കേന്ദ്ര കമ്മിറ്റിയുടെ വരാനിരിക്കുന്ന പ്ലീനറി യോഗത്തിൽ സമുച്ചയത്തിന്റെ ഒരു സുപ്രധാന നവീകരണവും കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ വികസനവും മുന്നോട്ട് വയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു," പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ സന്ദർശന തിയതികൾ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.

ഉൽച്ചി ഫ്രീഡം ഷീൽഡ് എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയയും യുഎസും തമ്മിലുള്ള 11 ദിവസം നീണ്ട് നിന്ന സംയുക്ത വാർഷിക വേനൽക്കാല അഭ്യാസങ്ങൾ വ്യാഴാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈൽ പരീക്ഷണം നടന്നത്. B-1B ബോംബറുകൾ സഹിതമുള്ള സൈനികാഭ്യാസങ്ങളാണ് ഇരു രാജ്യങ്ങളും നടത്തിയത്. യുഎസും ദക്ഷിണകൊറിയയും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം നടത്തിയ ഉച്ചകോടി കരാറിനെ ഉത്തരകൊറിയ വിമർശിക്കുകയും സൈനിക പ്രതിരോധം ശക്തമാക്കുകയും ചെയ്തിരുന്നു.

ഒരു യുദ്ധക്കപ്പലിലെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കാൻ കിം അടുത്തിടെ കിഴക്കൻ തീരത്തുള്ള നാവികസേനയെ സന്ദർശിച്ചിരുന്നുവെന്നും യുദ്ധസാഹചര്യങ്ങളിൽ കപ്പൽ പ്രഹരശേഷി നിലനിർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചതായും നേരത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in