റോഹിങ്ക്യൻ അഭയാർത്ഥികൾ: ബംഗ്ലാദേശിൻ്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ഇന്ത്യ
Google

റോഹിങ്ക്യൻ അഭയാർത്ഥികൾ: ബംഗ്ലാദേശിൻ്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ഇന്ത്യ

മ്യാൻമർ ഭരണകൂടവുമായുള്ള സ്വാധീനം ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം

ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാർത്ഥികളെ സുരക്ഷിതമായി തിരിച്ചയക്കണമെന്ന ആവശ്യത്തെ ഇന്ത്യ അനുകൂലിക്കും. അഭയാർത്ഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ മ്യാൻമാറുമായുള്ള നല്ല ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം വിദേശകാര്യ സെക്രട്ടറി തല ചർച്ചയിൽ ഉന്നയിച്ചിരുന്നുവോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും ബംഗ്ലാദേശിൻ്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പിന്തുണയ്ക്കുമെന്ന് വിനയ് ക്വാത്ര പറഞ്ഞു.

നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അഭയാർത്ഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ സഹായം വേണ്ടിവരുമെന്ന് പറഞ്ഞത്.

“റോഹിങ്ക്യൻ വിഷയത്തിൽ, നമുക്കെല്ലാവർക്കും നന്നായി അറിയാം, റോഹിങ്ക്യകൾക്ക് അഭയം നൽകുന്നതിൽ ബംഗ്ലാദേശ് വഹിച്ച പങ്ക് അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഈ ശ്രമത്തെ പിന്തുണയ്ക്കുന്നു. സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുളള കാര്യങ്ങൾ ഇന്ത്യയും നൽകിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് മ്യാൻമറിലേക്ക് അഭയാർത്ഥികളായ റോഹിങ്ക്യൻ അഭയാർത്ഥികളെ സുരക്ഷിതവും സുസ്ഥിരവും നേരത്തെ തിരിച്ചെത്തിക്കുന്നതും ഇന്ത്യാ ഗവൺമെന്റ് പിന്തുണയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ എപ്പോഴും ക്രിയാത്മകമായ പങ്ക് വഹിക്കുകയും ക്രിയാത്മക വീക്ഷണം പുലർത്തുകയും ചെയ്യും,” ക്വാത്ര പറഞ്ഞു.

ബംഗ്ലാദേശിൽ ആകെ ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളാണുള്ളത്. "ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പ് " എന്നറിയപ്പെടുന്ന കോക്സ് ബസാറിൽ താമസിക്കുന്ന അഭയാർത്ഥികളെ തിരിച്ചയ്ക്കാനാണ് ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടിയത്.അവരെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ ഇന്ത്യ മ്യാൻമർ ഭരണകൂടത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണമെന്ന് ബംഗ്ലാദേശ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. മ്യാൻമറിലെ അട്ടിമറിക്ക് മുൻപ് തന്നെ അഭയാർതഥികളെ തിരിച്ചയ്ക്കാനുള്ള ശ്രമം ബംഗ്ലാദേശ് നടത്തിയിരുന്നു.

ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീനGoogle

ഇന്ത്യ സന്ദർശനത്തിന് മുമ്പ്, ഷെയ്ഖ് ഹസീന എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റോഹിങ്ക്യകളുടെ കാര്യത്തിൽ ചർച്ചകൾ നടത്തി വരികയാണെന്ന് അറിയിച്ചു, “ഇന്ത്യ ഒരു വിശാലമായ രാജ്യമാണ്; അവർക്ക് അഭയർത്ഥികളെ ഉൾക്കൊള്ളാൻ കഴിയും. പക്ഷെ ഇന്ത്യയിൽ അഭയാർത്തികൾ കുറവാണ്. ഞങ്ങൾക്ക് 11 ലക്ഷം റോഹിങ്ക്യകളുണ്ട്. ഞങ്ങൾ അന്താരാഷ്ട്ര സമൂഹവുമായും നമ്മുടെ അയൽരാജ്യങ്ങളുമായും അവർക്ക് രാജ്യത്തേക്ക് മടങ്ങാൻ ചില നടപടികൾ സ്വീകരിക്കാൻ കൂടിയാലോചന നടത്തുകയാണ്. ”ഷെയ്ഖ് ഹസീന പറഞ്ഞു.

അതേ സമയം ആഴ്ചകൾക്ക് മുൻപ് ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശമായ റാഖൈൻ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷം ബംഗ്ലാദേശിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. മ്യാൻമർ സൈന്യവും റാഖൈൻ ബുദ്ധമതക്കാരുടെ സായുധ സംഘടനയായ അരാകൻ ആർമിയും ( എ എ) യും തമ്മിൽ 2020 നവംബർ മുതൽ വെടി നിർത്തൽ കരാർ നിലവിലുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി അരാകൻ സൈന്യം രാഖൈൻ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനായി വെടി നിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. മ്യാന്മറിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം സംസ്ഥാനത്തിന്റെ പകുതിയും നിയന്ത്രിക്കുന്നത് ഇപ്പോൾ എ എ ആണ്. മ്യാന്മാർ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആക്രമണങ്ങൾക്കിടയിൽ സംഘർഷം ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നുണ്ട്.

ബംഗ്ലാദേശിൽ അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ അവാമി ലീഗിന് റോഹിങ്ക്യൻ വിഷയം ഒരു തലവേദന ആയി മാറിയേക്കാം.

logo
The Fourth
www.thefourthnews.in