കത്തിക്കയറി ഉള്ളി വില, ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ പുതിയ അധ്യായം

കത്തിക്കയറി ഉള്ളി വില, ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ പുതിയ അധ്യായം

ആഗോളതലത്തില്‍ 300 കോടിയോളം പേര്‍ക്കെങ്കിലും ആരോഗ്യകരമായ ഭക്ഷണത്തിനാവശ്യമായ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്നാണ് ഏറ്റവും പുതിയ യുഎന്‍ കണക്കുകള്‍

ആഗോള വിപണിയില്‍ ഉള്ളി വിലയില്‍ വന്‍ വര്‍ധന. യൂറോപ്പ്, വടക്കന്‍ ആഫിക്ക, ഏഷ്യന്‍ രാജ്യങ്ങളിലും ഉള്ളി വില സര്‍വകാല റെക്കോഡിലെത്തി. 2022 അവസാനത്തോടെ ഫിലിപ്പൈന്‍സില്‍ ഉള്ളി വില കിലോയ്ക്ക് എഴുന്നൂറ് പെസോ വരെ ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുമായി കണക്കാക്കിയാല്‍ ആയിരത്തിലധികമാണ് ഇത്. ഇക്കാലയളവില്‍ ഫിലിപ്പൈന്‍സിലെ ഒരു വിവാഹത്തില്‍ വധു പൂച്ചെണ്ടുകള്‍ക്ക് പകരം ഉള്ളിയാണ് ഉപയോഗിച്ചതും വാര്‍ത്തയായിരുന്നു.

പ്രതിവര്‍ഷം ഏകദേശം 106 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളി ഉത്പാദിപ്പിക്കപ്പെടുന്നു

പാകിസ്താനിലെ വെള്ളപ്പൊക്കം, റഷ്യ - യുക്രെയ്ന്‍ യുദ്ധം എന്നിവയുണ്ടാക്കിയ തിരിച്ചടിയാണ് വിലകയറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. വടക്കന്‍ ആഫ്രിക്കയില്‍ ഉണ്ടായ കടുത്ത വരള്‍ച്ച വിത്തുകളുടെയും വിളകളുടെയും വില വര്‍ധനവിന് കാരണമായി. മോശം കാലാവസ്ഥ മൊറോക്കന്‍ കര്‍ഷകരെ വലിയ തോതില്‍ ബാധിച്ചു. വില നിയന്ത്രിക്കാന്‍ കയറ്റുമതി ഉള്‍പ്പെടെ നിയന്ത്രിച്ച് മൊറോക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഫെബ്രുവരി ആദ്യം പശ്ചിമ ആഫ്രിക്കയിലേക്ക് ഉള്ളിയും തക്കാളിയും കയറ്റുമതി നിരോധിച്ചിട്ടും രാജ്യത്ത് പച്ചക്കറി വില ഉയര്‍ന്നു തന്നെ നിന്നു.

തെക്കന്‍ സ്പെയിനിലും വടക്കേ ആഫ്രിക്കയിലും ഉളളിയുടെ വിളവെടുപ്പ് കുറഞ്ഞതാണ് യൂറോപ്പിനെ ബാധിച്ചത്

തെക്കന്‍ സ്പെയിനിലും വടക്കേ ആഫ്രിക്കയിലും ഉളളിയുടെ വിളവെടുപ്പ് കുറഞ്ഞതാണ് യൂറോപ്പിനെ ബാധിച്ചത്. ഉള്ളിക്ക് ക്ഷാമം നേരിട്ടതോടെ വില കുതിച്ചുയരുകയും ചെയ്തു. മൊറോക്കോയ്ക്ക് സമാനമായി കസാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും കയറ്റുമതി നിര്‍ത്തിവച്ചാണ് വിലക്കയറ്റം നേരിടാന്‍ ശ്രമിക്കുന്നത്. വന്‍തോതില്‍ ഉള്ളി വാങ്ങി സൂക്ഷിക്കുന്നതുള്‍പ്പെടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും കസാക്കിസ്ഥാന്‍ വാണിജ്യ മന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഫിലിപ്പൈന്‍സില്‍ ഉള്ളി വില കിലോയ്ക്ക് ആയിരം രൂപയിലും കൂടുതലായി ഉയര്‍ന്നു
ഫിലിപ്പൈന്‍സില്‍ ഉള്ളി വില കിലോയ്ക്ക് ആയിരം രൂപയിലും കൂടുതലായി ഉയര്‍ന്നു

പോഷക സമ്പുഷ്ടമായ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കുതിച്ചുയരുന്ന സാഹചര്യം ലോകത്തെ വലിയൊരു വിഭാഗത്തിന് പോഷക സമ്പന്നമായ ആഹാരം നിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ 300 കോടിയോളം പേര്‍ക്കെങ്കിലും ആരോഗ്യകരമായ ഭക്ഷണത്തിനാവശ്യമായ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്നാണ് ഏറ്റവും പുതിയ യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള ഭക്ഷ്യ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് ഉള്ളി. തക്കാളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും ഉള്ളിയാണ്. പ്രതിവര്‍ഷം ഏകദേശം 106 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളി ഉത്പാദിപ്പിക്കപ്പെടുന്നു. കാരറ്റ്, മുള്ളങ്കി, മുളക്, കുരുമുളക്, വെളുത്തുള്ളി എന്നിവയുടെ മൊത്തം ഉത്പാദനത്തിന് തുല്യമാണ് ഈ കണക്ക്. എന്നാല്‍, പച്ചക്കറി കര്‍ഷകര്‍ക്ക് സര്‍ക്കാരുകളുടേതുള്‍പ്പെടെ മതിയായ പിന്തുണ ലഭിക്കാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. പല രാജ്യങ്ങളും ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയ്ക്ക് സബ്സിഡി നല്‍കുമ്പോള്‍, പച്ചക്കറി കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യം കൂടുതല്‍ ലാഭകരമായ കൃഷിയിലേക്ക് തിരിയാനും കര്‍ഷകരെ പ്രേരിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in