മതനിന്ദാപരമായ ഉള്ളടക്കം പിന്‍വലിച്ചില്ല; വിക്കിപീഡിയയെ വിലക്കി പാകിസ്താന്‍

മതനിന്ദാപരമായ ഉള്ളടക്കം പിന്‍വലിച്ചില്ല; വിക്കിപീഡിയയെ വിലക്കി പാകിസ്താന്‍

നേരത്തെ മുന്നറിയിപ്പെന്നോണം വിക്കിപീഡിയയുടെ സേവനങ്ങള്‍ ടെലികോം അതോറിറ്റി 48 മണിക്കൂര്‍ ബ്ലോക്ക് ചെയ്തിരുന്നു

മതനിന്ദാപരമായ ഉള്ളടക്കം പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് വിക്കിപീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍. ഫെബ്രുവരി ഒന്നിന് വിക്കിപീഡിയയുടെ സേവനങ്ങള്‍ ടെലികോം അതോറിറ്റി 48 മണിക്കൂര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഉള്ളടക്കം പിന്‍വലിച്ചില്ലെങ്കില്‍ പൂര്‍ണമായും വിലക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പിന്‍വലിക്കാനോ വിശദീകരണം നല്‍കാനോ നടപടി ഇല്ലാതിരുന്നതോടെയാണ് പാകിസ്താന്‍ ടെലികോം അതോറിറ്റിയുടെ നടപടി.

'' കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് വിക്കിപീഡിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അവരുടെ ഭാഗം കേള്‍ക്കുന്നതിനുള്ള അവസരവും നല്‍കി. എന്നാല്‍ ഇത് പിന്‍വലിക്കാനോ അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാനോ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് വിലക്ക്. '' - പാകിസ്താന്‍ ടെലികോം അതോറിറ്റി ട്വീറ്റ് ചെയ്തു.

തീരുമാനം വിദ്യാര്‍ത്ഥികളെയും അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ബാധിക്കും

ഭരണഘടനാവിരുദ്ധവും യോജിക്കാന്‍ കഴിയാത്തതുമായ പരിഹാസ്യമായ നടപടിയാണ് സര്‍ക്കാരിന്റേതെന്ന് പാക് ഡിജിറ്റല്‍ മീഡിയ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തീരുമാനം വിദ്യാര്‍ത്ഥികളെയും അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി രാജ്യങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴി വെച്ച ഇസ്ലാം വിരുദ്ധ സിനിമയുടെ ഏഴുന്നൂറിലധികം ലിങ്കുകള്‍ 2012 ല്‍ പാകിസ്താന്‍ ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്താന്‍ ഉന്നത കോടതിയുടെ നിര്‍ദേശപ്രകാരമാണ് സിനിമയിലേക്കുള്ള ലിങ്കുകള്‍ ബ്ലോക്ക് ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇസ്ലാമിനെയോ പ്രവാചകനേയോ അപമാനിക്കുന്ന എല്ലാ 'ദൈവനിന്ദ വസ്തുക്കളും' പിന്‍വലിക്കണമെന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരി ടെലികോം അതോറിറ്റിക്ക് നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്കിപീഡിയക്കെതിരായ നോട്ടീസ്.

logo
The Fourth
www.thefourthnews.in