ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം

ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം

'നമ്മള്‍ ഒന്നും നിര്‍ത്താന്‍ പോകുന്നില്ല' എന്നാണ് നെതന്യാഹുവിന്റെ നിലപാട്

ഇസ്രയേല്‍ സൈനിക നടപടിയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഗാസയില്‍ ബന്ദിമോചനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാന മണിക്കൂറുകളിലേക്ക്. ഖത്തറിന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളെ ഹമാസും ഇസ്രയേലും കൈമാറിയിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാന 24 മണിക്കൂറിലേക്ക് എത്തുമ്പോള്‍ സൈനിക നടപടി നിര്‍ത്താന്‍ ഇസ്രയേലിന് മുകളില്‍ ആഗോള സമ്മര്‍ദവും ശക്തമാകുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. താത്കാലിക വെടിനിര്‍ത്തല്‍ തുടരണം. അത് കൂടുതല്‍ ബന്ദികളുടെ മോചനം സാധ്യമാക്കും. ഗാസയിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സഹായങ്ങള്‍ എത്തുന്നതിന് വഴിയൊരുക്കുമെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ തുടരണമെന്ന സൂചനയാണ് ഹമാസ് നേതാക്കളും നല്‍കുന്ന പ്രതികരണം. രണ്ട് മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ തുടരാന്‍ സന്നദ്ധമാണെന്നാണ് മധ്യസ്ഥര്‍ മുഖേന ഹമാസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

13 പേരുടെ മൂന്ന് സംഘങ്ങളിലായി 39 ഇസ്രയേലികളെയാണ് ഹമാസ് ഇതുവരെ മോചിപ്പിച്ചത്. 17 തായ്‌ലന്റ് പൗരന്‍മാര്‍, ഒരു ഫിലിപൈന്‍ പൗരന്‍, ഇസ്രയേലി - റഷ്യന്‍ വംശജന്‍ എന്നിവരും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 39 പേരടങ്ങന്ന മൂന്ന് ഗ്രൂപ്പുകളായി 117 പലസ്തീനികളെ ഇസ്രയേലും മൂന്ന് ദിവസത്തിനിടെ ജയിലില്‍ നിന്ന് മോചിപ്പിച്ചു.

എന്നാല്‍, ഗാസ കരാറിന്റെ ഭാഗമായി പലസ്തീനികളെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍ ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 3200 പലസ്തീനികളെ അധിവിഷ്ട വെസ്റ്റ്ബാങ്കില്‍ നിന്നും ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പലസ്തീന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം
'നെതന്യാഹു ഒരു ദുരന്തം'; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇസ്രയേലികളുടെ പ്രതിഷേധം

ആഗോള തലത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യം ഉയരുമ്പോഴും അത്തരം ഒരു നീക്കത്തിന് ഇസ്രയേല്‍ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഇപ്പോഴത്തെ താത്കാലിക വെടിനിര്‍ത്തല്‍ യഥാര്‍ഥ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഉതകുന്നതല്ല. വെസ്റ്റ് ബാങ്കിലുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇബ്രാഹിം അബുഷരീഫിനെ ഉദ്ധരിച്ച് അല്‍ജസീറയോട് പ്രതികരിച്ചു.

ഇക്കാര്യം അടിവരയിടുന്നതാണ് ഗാസയിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം. 'നമ്മള്‍ ഒന്നും നിര്‍ത്താന്‍ പോകുന്നില്ല' എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അന്‍പത് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 14854 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ 1200 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in