യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്

യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്

വിദേശ മാധ്യമപ്രവർത്തകരെ ഇസ്രയേല്‍ വിലക്കിയ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമപ്രവർത്തകരാണ് ഗാസയിലെ ജനങ്ങളുടെ ദുരിതവും ഇസ്രയേലിന്റെ ക്രൂരതകളും പുറംലോകത്ത് എത്തിച്ചത്

2024ലെ യുനെസ്‌കൊ/ഗില്ലെർമൊ കാനൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്ന പലസ്തീനിയന്‍ മാധ്യമപ്രവർത്തകർക്ക്. വിദേശ മാധ്യമപ്രവർത്തകരെ ഇസ്രയേല്‍ വിലക്കിയ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമപ്രവർത്തകരാണ് ഗാസയിലെ ജനങ്ങളുടെ ദുരിതവും ഇസ്രയേലിന്റെ ക്രൂരതകളും പുറംലോകത്ത് എത്തിച്ചത്. ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്ന 26 മാധ്യമപ്രവർത്തകരുടെ മരണമാണ് യുനെസ്കൊ സ്ഥിരീകരിച്ചിട്ടുള്ളത്. യഥാർഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.

നൂറിലധികം മാധ്യമ പ്രവർത്തകർ പലസ്തീനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ അല്‍ ജസീറയുടെ ഗാസ ബ്യൂറൊ ചീഫായ വെയ്‌ല്‍ ദഹ്‌ദൂഹിന് അടുത്ത ബന്ധുക്കളെ നഷ്ടമായിരുന്നു. ഇതിനുപുറമെ വെയ്‌ലിന് പരുക്കേറ്റിട്ടുമുണ്ട്.

തെക്കന്‍ ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ ക്യാമറമാന്‍ സമീർ അബുദാഖ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരുന്നു.

യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്
'നിറങ്ങളല്ല, മരണഭയമാണ് എന്റെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നത്'; റഫയിലെ ശ്മശാനങ്ങളിലെ അഭയാർഥി ജീവിതം

"പ്രതീക്ഷയറ്റ ഈ ഇരുണ്ടകാലത്ത്, പ്രതിസന്ധികള്‍ക്കിടയിലും റിപ്പോർട്ട് ചെയ്യുന്ന പലസ്തീന്‍ മാധ്യമപ്രവർത്തകർക്കുള്ള ഐക്യദാർഢ്യത്തിന്റെയും അംഗീകാരത്തിന്റേയും ശക്തമായ സന്ദേശം പങ്കുവെക്കാന്‍ അവാർഡ് നിർണയത്തിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു," ജൂറി തലവന്‍ മൗറിഷ്യൊ വെയ്‌ബല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിദഗ്ധരായ മാധ്യമ പ്രവർത്തകരുള്‍പ്പെട്ട അന്താരാഷ്ട്ര ജൂറിയുടെ ശുപാർശയെ അടിസ്ഥാനമാക്കിയാണ് യുനെസ്കൊ വിജയികളെ നിർണയിക്കുന്നത്.

logo
The Fourth
www.thefourthnews.in