കുരുക്കഴിയാതെ ബോറിസ് ജോൺസൻ; രാഷ്ട്രീയഭാവിക്ക് മുൻപിൽ ചോദ്യചിഹ്നമായി പാർട്ടിഗേറ്റ് വിവാദം

കുരുക്കഴിയാതെ ബോറിസ് ജോൺസൻ; രാഷ്ട്രീയഭാവിക്ക് മുൻപിൽ ചോദ്യചിഹ്നമായി പാർട്ടിഗേറ്റ് വിവാദം

വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിന് പിന്നാലെ വസതിയിൽ പാർട്ടികളൊന്നും നടന്നിട്ടില്ലെന്നും എല്ലാവിധ മാർഗനിർദേശങ്ങളും പാലിച്ചിരുന്നുവെന്നും ബോറിസ്, ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞിരുന്നു

പാർട്ടിഗേറ്റ് വിവാദത്തിലെ കുരുക്കഴിയാതെ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ വിശദീകരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ അന്തിമ റിപ്പോർട്ട് ബോറിസിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കും. ബുധനാഴ്ച നടന്ന മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന മൊഴിയിൽ ബോറിസ് ഉറച്ചുനിന്നു. യുകെയിലുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ വസതിയായ 'നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ' പാർട്ടി നടത്തിയതാണ് പാർട്ടി ഗേറ്റ് വിവാദമെന്ന പേരിൽ അറിയപ്പെടുന്നത്.

2021 ഡിസംബറിലാണ് ആദ്യമായി ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. തുടർന്ന് നടന്ന അന്വേഷണങ്ങളിൽ 15 പാർട്ടികൾ ഈ സമയത്ത് നടന്നതായി തെളിഞ്ഞു

വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിനു പിന്നാലെ വസതിയിൽ പാർട്ടികളൊന്നും നടന്നിട്ടില്ലെന്നും എല്ലാവിധ മാർഗനിർദേശങ്ങളും പാലിച്ചിരുന്നുവെന്നും ബോറിസ്, ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞിരുന്നു. ഇതേ വാദഗതിയാണ് പിന്നീട് പലവട്ടം ബോറിസ് ആവർത്തിച്ചത്. എംപിമാർ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന കൺസർവേറ്റീവ്, പ്രതിപക്ഷ എംപിമാരുടെ കമ്മിറ്റിയാണ് നിലവിൽ ബോറിസ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. താൻ പാർലമെന്റിൽ പറഞ്ഞ പ്രസ്താവനകൾ തെറ്റായിരുന്നുവെന്ന് ബോറിസ് നിലവിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ പാർലമെന്റിൽ ഉയർത്തിയ വാദം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മനഃപൂർവം പറഞ്ഞതാണോയെന്നാണ് ഇപ്പോൾ കമ്മിറ്റി അന്വേഷിക്കുന്നത്. വസതിയിൽ നടന്ന പാർട്ടികളിലെ പല ചിത്രങ്ങളിലും ബോറിസിനെ കാണാനാകും. കൂടാതെ ലോക്ക്ഡൗൺ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പോലീസ് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതൊന്നും അറിഞ്ഞില്ലെന്ന വാദം എത്രത്തോളം ശരിയാണെന്നാണ് കമ്മിറ്റിയുടെ ചോദ്യം.

നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് ജീവനക്കാരാരും തന്നോട് പറഞ്ഞിട്ടില്ലെന്നും അതിനാൽ പറഞ്ഞത് സത്യമാണെന്നും അദ്ദേഹം കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞു. പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയെന്നത് ഭ്രാന്തമായ ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അനുകൂലമായ വിധിയാകും കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് കരുതുന്നതെന്നും ബോറിസ് പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ മറുപടികൾ വിശ്വാസയോഗ്യമല്ലെന്ന് ഒരു കമ്മിറ്റി അംഗം പ്രതികരിച്ചു.

ജോൺസൺ ഹൗസ് ഓഫ് കോമൺസിനെ മനപ്പൂർവം തെറ്റിദ്ധരിപ്പിച്ചെന്ന തീരുമാനത്തിലാണ് കമ്മിറ്റി എത്തിച്ചേരുന്നതെങ്കിൽ അത് അദ്ദേഹത്തിന്റെ എം പി സ്ഥാനം വരെ നഷ്ടമാകാൻ കാരണമായേക്കാം. കൂടാതെ മറ്റൊരു ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ ഇല്ലയോ എന്നുള്ളതും കമ്മിറ്റിയുടെ കണ്ടെത്തലിനു ശേഷമാകും തീരുമാനിക്കപ്പെടുക. എന്നാൽ കമ്മിറ്റി, റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.

ബോറിസ് തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന പാർലമെന്റ് അംഗങ്ങൾ വളരെ കുറവാണ്. അതേസമയം, വോട്ടർമാർ തങ്ങളുടെ മുൻ പ്രധാനമന്ത്രിയോട് ക്ഷമിക്കാൻ തയ്യാറാകുമോയെന്നതു കണ്ടറിയേണ്ട കാര്യമാണ്. അങ്ങനെയൊരു മനോഭാവമാണ് വോട്ടർമാർക്കെന്നാണ് പൊതു വിലയിരുത്തൽ.

നിരവധി വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് ബോറിസ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്. ബ്രിട്ടീഷ് വാർത്താമാധ്യമമായ 'ഡെയ്‌ലി മിററാണ്' വിവാദത്തെ സംബന്ധിക്കുന്ന വാർത്തകൾ ആദ്യമായി പുറത്തുവിടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതായിട്ടായിരുന്നു വാർത്ത. ഡിസംബർ 2021ലാണ് ആദ്യമായി ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. തുടർന്ന് നടന്ന അന്വേഷണങ്ങളിൽ 15 പാർട്ടികൾ ഈ സമയത്ത് നടന്നതായി തെളിഞ്ഞു. ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുമ്പോഴായിരുന്നു ഈ പാർട്ടികൾ നടന്നത്. ഇത് കൂടുതൽ ജനരോഷത്തിനിടയാക്കി.

logo
The Fourth
www.thefourthnews.in