''മക്കളുടെ ഭാവി എന്താകും? ആണ്‍കുട്ടികള്‍ തീവ്രവാദികളാകുമോ?''  - യുകെയ്ക്കുവേണ്ടി ജോലി ചെയ്ത അഫ്ഗാനികള്‍ ചോദിക്കുന്നു
Google

''മക്കളുടെ ഭാവി എന്താകും? ആണ്‍കുട്ടികള്‍ തീവ്രവാദികളാകുമോ?'' - യുകെയ്ക്കുവേണ്ടി ജോലി ചെയ്ത അഫ്ഗാനികള്‍ ചോദിക്കുന്നു

കരാ‍ര്‍ ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ യു കെ സര്‍ക്കാരിന്റെ നടപടികളായില്ല

താലിബാൻ അധികാരത്തിലെത്തിയതോടെ, സ്വന്തം രാജ്യത്ത് ഒളിവില്‍ കഴിയുന്ന നിരവധി പൗരന്മാരുണ്ട് അഫ്ഗാനിസ്ഥാനില്‍. യു കെ സര്‍ക്കാരിന്റെ ബ്രിട്ടീഷ് കൗണ്‍സിലിന് കീഴില്‍ കരാര്‍ ജോലി നോക്കിയിരുന്നവരാണ് അവരിലേറെയും. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും സുരക്ഷിതമാക്കുന്നതിനായി ഒരു വര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയാണ് പലരും. താലിബാന്റെ തോക്കിന്‍ മുനയില്‍ ജീവിതം അവസാനിക്കുമോ എന്ന ഭയവും പേറി ഓരോ ദിവസവും തള്ളിനീക്കുന്നത്, യുകെ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്.

ബ്രിട്ടീഷ് കൗണ്‍സിലിന് കീഴില്‍ ജോലി ചെയ്തിരുന്നവരില്‍ നൂറിലധികം പേര്‍ അധ്യാപകരാണ്. അവരില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളും. അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പഠനം സാധ്യമാക്കിയിരുന്നവരാണ് അവരെല്ലാം. ഇംഗ്ലീഷിനൊപ്പം പാശ്ചാത്യ സംസ്കാരവും മൂല്യങ്ങളും അഫ്ഗാനിലെ കുട്ടികളിലേക്ക് എത്തിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ താലിബാന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരായിരുന്നു ബ്രിട്ടീഷ് കൗണ്‍സിലിനായി ജോലി ചെയ്തിരുന്നവരുടെ നടപടികളെന്നാണ് താലിബാന്‍ വാദം.

യുകെ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്തിരുന്നതിന്റെ രേഖകള്‍ താലിബാന്റെ ശ്രദ്ധയില്‍പ്പെടാതെ സുരക്ഷിതമാക്കി സൂക്ഷിക്കുകയാണ് ഏറെപേരും. എന്നെങ്കിലും യുകെ സര്‍ക്കാരിന്റെ സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് രേഖകളെല്ലാം സൂക്ഷിച്ചുവയ്ക്കുന്നത്. പലരും പരിശോധനകള്‍ക്കിടെ, താലിബാന്റെ പിടിയില്‍ അകപ്പെട്ടിരുന്നെങ്കിലും രേഖകളൊന്നും കണ്ടെടുക്കാനാവാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. കുറ്റവാളിയുടേതിന് സമാനമായ ജീവിതവുമായാണ് മുന്നോട്ട് പോകുന്നതെന്ന് ഓരോരുത്തരും പറയുന്നു.

"എന്റെ മക്കളുടെ ഭാവി എന്തായിരിക്കും? എന്റെ മകൾക്ക് പഠിക്കാൻ കഴിയില്ല. അവളെക്കുറിച്ച് എനിക്ക് വലിയ സ്വപ്നങ്ങളായിരുന്നു. എന്റെ ചെറിയ ആൺകുട്ടികൾ തീവ്രവാദികളാകുമോ? ഞാൻ അവരെ എന്തിനാണ് ഈ ലോകത്തേക്ക് കൊണ്ടുവന്നതെന്ന് പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട്. ഇതാണ് അവരുടെ ഭാവിയെങ്കിൽ ഒരുപക്ഷേ അവർ ജീവിച്ചിരിക്കാത്തതാണ് നല്ലത്,"
ബ്രിട്ടീഷ് കൗണ്‍സിലിന് കീഴില്‍ ജോലി ചെയ്തിരുന്നയാള്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് യു കെ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ പരിഗണിക്കുന്നത്. ചാരന്മാരാണെന്ന് പോലും സംശയിക്കുന്നു. അതുകൊണ്ട് തന്നെ താലിബാന് കീഴില്‍ അഫ്ഗാനില്‍ തുടരുകയെന്നത് കടുത്ത വെല്ലുവിളിയാണ്.

മുന്‍ സര്‍ക്കാരുമായോ അവരുടെ സഖ്യകക്ഷികളുമായോ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കിയതായി താലിബാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അതിന് ശേഷവും ഇതേ കുറ്റങ്ങള്‍ ചുമത്തി പലരേയും കൊലപ്പെടുത്തി. ബ്രിട്ടന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 160 പേരെ താലിബാന്‍ ഇതേ കാരണത്താല്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ ഇവരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും വലുതാണ്. പലരുടേയും കുടുംബാംഗങ്ങള്‍ വിഷാദരോഗികളായി. സ്കൂളില്‍ പോകാനാവാതെ കുട്ടികളുടെ ഭാവി ഇരുട്ടിലായി.

ബ്രിട്ടീഷ് കൗൺസിലിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നവരെയെല്ലാം അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും യു കെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. പക്ഷെ കരാ‍ര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകരേയും കോണ്‍ട്രാക്ടര്‍മാരെയും പരിഗണിച്ചില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അഫ്ഗാന്‍ റീ ലൊക്കേഷന്‍ അസിസ്റ്റന്‍സ് പോളിസി (ARAP) ഇവരെ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ അഫ്ഗാൻ സിറ്റിസൺസ് റീസെറ്റിൽമെന്റ് സ്കീം (ACRS) പ്രകാരം അപേക്ഷ നല്‍കി പുനരധിവാസത്തിനായി കാത്തിരിക്കുകയാണ് പലരും.

Google

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിൽ നിന്ന് 15,000 പേരെ ബ്രിട്ടീഷ് സർക്കാർ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ച്ചയെന്നോണം 5000 പേരെ കൂടി പുനരധിവസിപ്പിച്ചു. അഫ്ഗാൻ റീലൊക്കേഷൻ അസിസ്റ്റൻസ് പോളിസി, ഓഫീസുകളിൽ ജോലി ചെയ്തിരുന്നവരെ ലക്ഷ്യം വച്ച് മാത്രമായിരുന്നെന്നാണ് ബ്രിട്ടീഷ് കൗൺസിൽ പറയുന്നത്. അഫ്ഗാൻ സിറ്റിസൺസ് റീസെറ്റിൽമെന്റ് സ്കീമിന്റെ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ബ്രിട്ടീഷ് കൗൺസിൽ വ്യക്തമാക്കുന്നു. സുരക്ഷിതമായൊരിടത്തേക്ക് വൈകാതെ മാറാനാകുമെന്ന പ്രതീക്ഷയില്‍ ജീവിതം മുന്നോട്ടുനീക്കുകയാണ് ബ്രിട്ടീഷ് കൗൺസിലിന് കീഴിലെ മുന്‍ കരാര്‍ ജീവനക്കാര്‍.

logo
The Fourth
www.thefourthnews.in