പെറുവിൽ പ്രക്ഷോഭം ശക്തമാക്കി കാസ്റ്റിലോ അനുകൂലികൾ; അനുനയ നീക്കവുമായി പ്രസിഡന്റ്

പെറുവിൽ പ്രക്ഷോഭം ശക്തമാക്കി കാസ്റ്റിലോ അനുകൂലികൾ; അനുനയ നീക്കവുമായി പ്രസിഡന്റ്

പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ബില്‍ അവതരിപ്പിക്കാമെന്ന് പ്രസിഡന്റിന്റെ വാഗ്ദാനം

മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഇംപീച്ച്മെന്റിന് പിന്നാലെ പെറുവിൽ പ്രതിഷേധം ശക്തമാക്കി കാസ്റ്റിലോ അനുകൂലികൾ. ഞായറാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമായിരുന്നു. പിന്നാലെ അനുനയ നീക്കവുമായി പുതിയ പ്രസിഡന്റ് ദിനാ ബൊലുവാര്‍ട്ട് രംഗത്തെത്തി. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് , പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

2026 ലാണ് ഇനി പെറുവില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. തിരഞ്ഞെടുപ്പ് 2024 ൽ നടത്തണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ കോണ്‍ഗ്രസിന് മുന്നില്‍ വെയ്ക്കുമെന്നാണ് ദിനാ ബൊലുവാര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം.

ഞായറാഴ്ച പെറു തലസ്ഥാനമായ ലിമിയിൽ പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് തീയിടുകയും സായുധ സേനയുടെ വിമാനത്താവളം നശിപ്പിക്കുകയും ചെയ്തു.എയർപോർട്ട് ടെർമിനലിൽ 50 ജീവനക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാർ വളയുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തു.രാജ്യത്തെ ഗ്രാമീണമേഖലയില്‍ പോലും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണ്.

ഡിസംബര്‍ ഏഴിനാണ് പെറു പ്രസിഡന്റായിരുന്ന പെഡ്രോ കാസ്റ്റിലോ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്. അട്ടിമറി ശ്രമം ആരോപിച്ച് പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെ കാസ്റ്റിലോയ്ക്ക് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി വൈസ് പ്രസിഡന്റായിരുന്ന ദിന ബൊലുവാര്‍ട്ട് സത്യപ്രതിജ്ഞ ചെയ്തു.

സ്കൂള്‍ അധ്യാപകനായ കാസ്റ്റിലോ അപ്രതീക്ഷിതമായാണ് ഒന്നരക്കൊല്ലം മുന്‍പ് അധികാരത്തിലെത്തുന്നത്. ഗ്രാമീണ മേഖലകളിലാണ് കാസ്റ്റിലോയ്ക്ക് ഏറെ സ്വാധീനമുള്ളത്. അഞ്ച് തവണ കാബിനറ്റ് പുനഃസംഘടിപ്പിച്ച നീക്കവും ആറ് ജുഡീഷ്യല്‍ അന്വേഷണങ്ങളും കാസ്റ്റിലോക്കെതിരെ ശക്തമായ വികാരമാണ് പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പാര്‍ലമെന്റിനുണ്ടാക്കിയത്. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പാര്‍ലമെന്റ് പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് കാസ്റ്റിലോ അറിയിച്ചു. ഇതോടെ അടിയന്തര പാര്‍ലമെന്റ് യോഗം ചേര്‍ന്നു. 130 അംഗങ്ങളില്‍ 101 പേരും കാസ്റ്റിലോയ്ക്കെതിരെ വോട്ട് രേഖപ്പെടുത്തി. ഇംപീച്ച്മെന്റിലൂടെ പ്രസിഡന്റിനെ പുറത്താക്കി. 2021 ജൂലായിൽ അധികാരമേറ്റതിന് പിന്നാലെ പ്രസിഡന്റിനെതിരായ കോണ്‍ഗ്രസിന്റെ മൂന്നാമത്തെ ഇംപീച്ച്‌മെന്റ് നടപടിയാണ് വിജയിച്ചത്.

logo
The Fourth
www.thefourthnews.in