പെഡ്രോ കാസ്റ്റിലോ
പെഡ്രോ കാസ്റ്റിലോ

പെറുവില്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ പുറത്താക്കി, ആദ്യ വനിതാ പ്രസിഡന്റായി ദിന ബൊലുവാര്‍ട്ട്

മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷമാണ് പെഡ്രോ കാസ്റ്റിലോ സ്ഥാനഭ്രഷ്ടനാകുന്നത്

പെറുവില്‍ ഇടതുപക്ഷ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ പുറത്താക്കി ആദ്യ വനിതാ പ്രസിഡന്റായി ദിന ബൊലുവാര്‍ട്ട് സത്യപ്രതിജ്ഞ ചെയ്തു. ഏറെക്കാലമായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് പെഡ്രോ കാസ്റ്റിലോയ്ക്ക് സ്ഥാനം നഷ്ടമായത്. അട്ടിമറി ശ്രമമെന്നാരോപിച്ച് സഖ്യത്തെ പിരിച്ചുവിടാന്‍ ശ്രമിച്ച് മണിക്കൂറുകള്‍ക്കകം കാസ്റ്റിലോയ്ക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. കാസ്റ്റിലോ കുറ്റവിചാരണാ നടപടികള്‍ അഭിമുഖീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമാകുന്നത്. സ്കൂള്‍ അധ്യാപകനായ കാസ്റ്റിലോ അപ്രതീക്ഷിതമായാണ് ഒന്നരക്കൊല്ലം മുന്‍പ് അധികാരത്തിലെത്തുന്നത്.

130 അംഗങ്ങളില്‍ 101 പേരും എതിരെ വോട്ട് രേഖപ്പെടുത്തിയതോടെ കാസ്റ്റിലോയുടെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

ടെലിവിഷന്‍ പ്രസംഗത്തിലൂടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും കാസ്റ്റിലോ രാജ്യത്തെ അറിയിച്ചത് . എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തുകയും അടിയന്തര സെഷന്‍ വിളിച്ചുകൂട്ടുകയും ചെയ്തു. 130 അംഗങ്ങളില്‍ 101 പേരും എതിരെ വോട്ട് രേഖപ്പെടുത്തിയതോടെ കാസ്റ്റിലോയുടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ആറ് ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഇതിനോടകം തന്നെ കാസ്റ്റിലോ നേരിട്ടിരുന്നു. അഞ്ച് തവണ കാബിനറ്റ് പുനഃസംഘടിപ്പിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

പാര്‍ലമെന്റ് പിരിച്ചു വിടാന്‍ നടപടിയെടുത്തതോടെ ഭരണഘടനാ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ കാസ്റ്റിലോയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 മുതല്‍ ഭരണഘടനാ തത്വ പ്രകാരം ധാര്‍മിക ഉത്തരവാദിത്വങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് കാസ്റ്റിലോ. 2026 വരെയായിരുന്നു പ്രസിഡന്റ് സ്ഥാനത്ത് കാസ്റ്റിലോയുടെ കാലാവധി.

2017 ല്‍ കാസ്റ്റിലോ നയിച്ച ദേശീയ പണിമുടക്കിന് നേതൃത്വം നല്‍കുന്നതിലൂടെയാണ് പ്രശ്തനാകുന്നത്.

രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യമാണ് പെറു. കാസ്റ്റിലോയുടെ അറസ്‌റ്റോടെ നേതാവിനെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് കാസ്റ്റിലോയുടെ അനുയായികള്‍ രംഗത്തെത്തി. 24 വര്‍ഷം അധ്യാപകനായിരുന്ന കാസ്റ്റിലോ 2017 ല്‍ ദേശീയ പണിമുടക്കിന് നേതൃത്വം നല്‍കുന്നതിലൂടെയാണ് വാർത്തകളില്‍ ഇടം പിടിക്കുന്നത്. അങ്ങനെ ശ്രദ്ധേയനായ കാസ്റ്റിലോ അഴിമതി അവസാനിപ്പിക്കുമെന്നതടക്കം നിരവധി വാഗ്ദാനങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഇടതുപക്ഷക്കാരനായ കാസ്റ്റിലോ 2021ലാണ് എതിരാളിയായ കെയ്‌ക്കോ ഫുജിമോറിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തുന്നത്. എന്നാല്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസ്റ്റിലോയ്ക്ക് എതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ടായി. ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള കാസ്റ്റിലോയുടെ നീക്കത്തിനെതിരെയും വന്‍ വിമര്‍ശനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in