'സത്യം ജയിച്ചു'; നികുതി വെട്ടിപ്പ് കേസില്‍ നൊബേല്‍ സമ്മാന ജേതാവ് മരിയ റെസ്സ മോചിത

'സത്യം ജയിച്ചു'; നികുതി വെട്ടിപ്പ് കേസില്‍ നൊബേല്‍ സമ്മാന ജേതാവ് മരിയ റെസ്സ മോചിത

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും, അധികാര വിനിയോഗമാണെന്നും റെസ്സ

നികുതി വെട്ടിപ്പ് കേസുകളില്‍ ഫിലിപ്പൈന്‍ നൊബേല്‍ ജേതാവ് മരിയ റെസ്സ കുറ്റക്കാരിയല്ലെന്ന് കോടതി. റെസ്സയെ കുറ്റവിമുക്തയായി കോടതി പ്രഖ്യാപിച്ചു. വിധിക്കു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച റെസ്സ തനിക്ക് നീതി ലഭിച്ചെന്നും, താന്‍ നിരപരാധിയാണെന്നതാണ് കോടതി ഉത്തരവിലൂടെ തെളിഞ്ഞതെന്നും വ്യക്തമാക്കി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും, അധികാര വിനിയോഗമാണെന്നും റെസ്സ കൂട്ടിച്ചേര്‍ത്തു. വികാരാതീതയായിക്കൊണ്ടായിരുന്നു റെസ്സയുടെ പ്രതികരണം. റെസ്സയെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തനിക്ക് നീതി ലഭിച്ചെന്നും, താന്‍ നിരപരാധിയാണെന്നതാണ് കോടതി ഉത്തരവിലൂടെ തെളിഞ്ഞതെന്നും റെസ്സ വ്യക്തമാക്കി

വിധിയെ ഫിലിപ്പൈന്‍ മാധ്യമ പ്രവര്‍ത്തകയും 59കാരിയുമായ റെസ്സ നീതിയുടെയും സത്യത്തിന്റെയും വിധിയെന്നാണ് വിശേഷിപ്പിച്ചത്. തന്റെ മോചനം മാധ്യമ സ്ഥാപനമായ റാപ്ലറിന് മാത്രം അവകാശപ്പെട്ടതല്ലെന്നും ഓരോ ഫിലിപ്പൈൻ പൗരനും അവകാശപ്പെട്ടതാണെന്നും റെസ്സ കൂട്ടിച്ചേര്‍ത്തു.

തന്‍റെ മോചനം ഓരോ ഫിലിപ്പൈന്‍സിനും അവകാശപ്പെട്ടതാണെന്നും റെസ്സ വ്യക്തമാക്കി

നികുതി റിട്ടേണ്‍ വരുമാനത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ക്ക് ഡിപ്പോസിറ്റിന്റെ രസീതുകള്‍ നല്‍ക്കുന്നത് ഒഴിവാക്കിയെന്നാരോപിച്ചാണ് 2015ല്‍ റെസ്സയ്ക്കും അവരുടെ മാധ്യമ സ്ഥാപനമായ റാപ്ലറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റവന്യു ഏജന്‍സിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അത്. ഇതിനു പിന്നാലെ റെസ്സക്കെതിരെ കേസെടുക്കുകയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു.

റെസ്സയുടെ അറസ്റ്റിന് പിന്നാലെ ഫിലിപ്പൈന്‍സില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

പിന്നാലെ 2012ല്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് റെസ്സക്കെതിരെ പരാതി ഉയരുകയും റെസ്സയെ ആറു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.റെസ്സയുടെ അറസ്റ്റിന് പിന്നാലെ ഫിലിപ്പൈന്‍സില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകദേശം എട്ടോളം കേസുകളാണ് റെസ്സക്കെതിരെയും അവരുടെ സ്ഥാപനമായ റാപ്ലറിനെതിരെയും ഉയര്‍ന്നത്. ഇതില്‍ ചില കേസുകള്‍ തള്ളിപ്പോയി. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ കേസില്‍ റെസ്സ ഇപ്പോള്‍ ജാമ്യത്തിലാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് 2021 ല്‍ നൊബേല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചത്. പലപ്പോഴും സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിനാണ് റെസ്സ മുതിര്‍ന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനായി നിലകൊണ്ട റെസ്സക്ക് സര്‍ക്കാറില്‍ നിന്നും, വ്യവസായ പ്രമുഖരില്‍ നിന്ന് പോലും ഭീഷണിയുയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in