പതിവു രീതികളെല്ലാം മാറ്റിവച്ച് സ്വീകരണം; മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് പപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി

പതിവു രീതികളെല്ലാം മാറ്റിവച്ച് സ്വീകരണം; മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് പപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി

സൂര്യസ്തമയത്തിന് ശേഷം എത്തുന്ന ഒരു നേതാവിനും ആചാരപപരമായ വരവേല്‍പ് പാപുവ ന്യൂഗിനിയ നല്‍കാറില്ല. എന്നാല്‍ രാത്രി 10 ന് ശേഷം എത്തിയ മോദിയെ എല്ലാ ആചാരങ്ങളും മാറ്റിവച്ച് പാപുവ ന്യൂഗിനിയ വരവേറ്റത്.

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പപുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉഷ്മള സ്വീകരണം. പതിവു രീതികളെല്ലാം മാറ്റിവച്ചായിരുന്നു പപുവ ന്യൂ ഗിനിയ അധികൃതര്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ പപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പ നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ചത് ശ്രദ്ധേയമായി. വിമാനമിറങ്ങിയ നരേന്ദ്ര മോദി, ജെയിംസ് മറാപ്പെയെ ആലിംഗനം ചെയ്ത് കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെയാണ് ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചത്. ജെയിംസ് മറാപ്പെയുടെ നടപടി വലിയ മാധ്യമ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

പതിവ് രീതികളെല്ലാം എല്ലാം മാറ്റിവച്ചായിരുന്നു രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പാപുവ ന്യൂഗിനിയ അധികൃതര്‍ സ്വീകരിച്ചത്. സൂര്യസ്തമയത്തിന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ഒരു നേതാവിനും ആചാരപപരമായ വരവേല്‍പ് പാപുവ ന്യൂഗിനിയ നല്‍കാറില്ല. എന്നാല്‍ പ്രദേശിക സമയം രാത്രി 10 ന് ശേഷം എത്തിയ മോദിയെ എല്ലാ ആചാരങ്ങളും മാറ്റിവച്ച് പാപുവ ന്യൂഗിനിയ വരവേറ്റത്.

പാപുവ ന്യൂ ഗിനിയയിലെ ഇന്ത്യന്‍ വംശജരും നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പവും മോദി അല്‍പ സമയം ചിലവിട്ടു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു നരേന്ദ്ര മോദി പാപുവ ന്യൂ ഗിനിയയിലെത്തിയത്.

പിന്നാലെ, തന്നെ വരവേല്‍ക്കാന്‍ നേരിട്ടെത്തിയ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയ്ക്ക് നന്ദി അറിയിച്ചുള്ള മോദിയുടെ ട്വീറ്റും പുറത്തുവന്നു. പാപുവ ന്യൂഗിനിയയ്‌ക്കൊപ്പം ഊഷ്മളമായ ബന്ധം തുടരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും പസഫിക് ദ്വീപ് രാജ്യവും തമ്മില്‍ ശക്തമായ ബന്ധമാണുള്ളതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇരുപ്രധാനമന്ത്രിമാരും തമ്മിൽ ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിന് ശേഷം പാപുവ ന്യൂ ഗിനിയ ഗവർണർ ജനറൽ ബോബ് ദാദേയെയും മോദി സന്ദർശിക്കും. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷന്റെ (എഫ്‌ഐപിഐസി) മൂന്നാമത് ഉച്ചകോടിയിലും ഇരു നേതാക്കളും പങ്കെടുക്കും.

logo
The Fourth
www.thefourthnews.in