ഷിന്‍സോ ആബെ
ഷിന്‍സോ ആബെ

ആബെയുടെ കൊലപാതകം; സുരക്ഷാപിഴവ് സമ്മതിച്ച് ജപ്പാന്‍

അക്രമിക്ക് വിരോധമുള്ള മതസംഘടനയെ ആബെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിശ്വാസമാണ് കൊലയിലേക്ക് നയിച്ചത് ; മൃതദേഹം ടോക്യോയിൽ എത്തിച്ചു
Updated on
1 min read

പൊതുപരിപാടിയ്ക്കിടെ അക്രമിയുടെ വെടിയേറ്റ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് പോലീസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പ്രസംഗിക്കവെ വെള്ളിയാഴ്ചയാണ് ആബെയ്ക്ക് വെടിയേറ്റത്. മണിക്കൂറുകള്‍ക്കകം മരണം സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത യമഗാമി എന്ന നാല്പത്തിയൊന്നുകാരനെ സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. സ്വയം നിര്‍മിച്ച തോക്കുപയോഗിച്ചാണ് ആബെയെ ഇയാള്‍ വെടിവെച്ചത്. കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. തിങ്കളാഴ്ച രാത്രി നടക്കുന്ന പ്രത്യേക മരണാനന്തര പ്രാര്‍ഥനകള്‍ക്കുശേഷം ചൊവ്വാഴ്ചയാണ് ആബെയുടെ മൃതദേഹം സംസ്‌കരിക്കുക.

യമഗാമിക്ക് വിരോധമുണ്ടായിരുന്ന ഒരു മത സംഘടനയെ ആബെ പ്രോത്സാഹിപ്പിച്ചിരുന്നതായും ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. യമഗാമിയുടെ അമ്മയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ഈ സംഘടനയാണെന്നും ഇതാണ് വിരോധത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ നേതാവിനെ വധിക്കാനും യമഗാമി ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറയുന്നു. സംഘടനയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആബെ മുമ്പ് പങ്കെടുത്ത പല പ്രചാരണ പരിപാടികളിലും യമഗാമി എത്തിയിരുന്നു. ബോംബാക്രമണമാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ തോക്ക് നിര്‍മ്മിച്ചത്.

ഷിന്‍സോ ആബെ
യമഗാമി തന്നെയാണോ ആബേയുടെ കൊലയാളി; എന്തിനുവേണ്ടി കൊലപാതകം?
ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമിയെ സുരക്ഷാസേന പിടികൂടുന്നു
ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമിയെ സുരക്ഷാസേന പിടികൂടുന്നു

2002 മുതല്‍ 2005 വരെ ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് സേനയില്‍ സേവനമനുഷ്ഠിച്ചയാളാണ് കൊലയാളിയായ ടെറ്റ്‌സുയ യമഗാമി. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു പ്രധാന നാവിക താവളമായ സസെബോയിലെ പരിശീലന യൂണിറ്റില്‍ ചേര്‍ന്ന ഇയാളെ പിന്നീട് ഡിസ്‌ട്രോയര്‍ പീരങ്കി വിഭാഗത്തിലേക്ക് നിയോഗിച്ചിരുന്നുവെന്ന് നാവികസേനാ വക്താവ് പറഞ്ഞു. ഹിരോഷിമയിലെ ഒരു പരിശീലനക്കപ്പലിലും ഇയാള്‍ ജോലി ചെയ്തിരുന്നു. നാവികസേന വിട്ട് 2020 അവസാനം ക്യോട്ടോയിലെ ഒരു ഫാക്ടറിയില്‍ ഫോര്‍ക്ക്‌ലിഫ്റ്റ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചു. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

logo
The Fourth
www.thefourthnews.in