ബോറിസ് ജോൺസണ്‍
ബോറിസ് ജോൺസണ്‍

പാർട്ടിഗേറ്റ് വിവാദം: ബോറിസ് ജോൺസൺ പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞ വെള്ളിയാഴ്ച ബോറിസ് തന്റെ എംപി സ്ഥാനവും രാജിവച്ചിരുന്നു

പാർട്ടിഗേറ്റ് വിവാദത്തിൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെതിരെ റിപ്പോർട്ട് സമർപ്പിച്ച് പാർലമെന്റ് അന്വേഷണ സമിതി. പാർട്ടിഗേറ്റ് വിവാദത്തിൽ മുൻ പ്രധാനമന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി സമിതി കണ്ടെത്തി. വ്യാഴാഴ്ചയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.

കോവിഡ് മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയെന്ന ആരോപണമാണ് പാർട്ടിഗേറ്റ് വിവാദം. ഈ സംഭവത്തിൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ തനിക്ക് പാർട്ടികളെ കുറിച്ചറിവില്ല എന്നായിരുന്നു ബോറിസിന്റെ മറുപടി. ഇതിലാണ് നിലവിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി അന്വേഷണം നടത്തിയത്. കമ്മിറ്റിയുടെ നിഷ്പക്ഷതയ്‌ക്കെതിരെ ബോറിസ് നടത്തിയ ആക്രമണങ്ങളെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ട്. 'ജനാധിപത്യത്തിന്റെ ഭയാനകമായ ദിനം' എന്നാണ് ബോറിസ് റിപ്പോർട്ടിനെ വിമർശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കഴിഞ്ഞ വെള്ളിയാഴ്ച ബോറിസ് തന്‍റെ എംപി സ്ഥാനവും രാജിവച്ചിരുന്നു.

ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രധാനമന്ത്രിക്കെതിരെ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത്. സർക്കാരിലെ ഏറ്റവും മുതിർന്ന അംഗമായ പ്രധാനമന്ത്രിയാണ് പാർലമെന്റിനെ അവഹേളിച്ചത് എന്നതിനാൽ കുറ്റം ഗുരുതരമാണെന്ന് കമ്മിറ്റി വ്യാഴാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സഭയെയും ജനങ്ങളെയും അദ്ദേഹം ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി കണ്ടെത്തി.

ബോറിസ് ജോൺസണ്‍
'രാഷ്ട്രീയജീവിതം അവസാനിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു'; എംപി സ്ഥാനവും രാജിവച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

അതേസമയം, റിപ്പോർട്ട് സമർപ്പിക്കും മുൻപ് തന്നെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ പുറത്താക്കാനുള്ള നീക്കമാണെന്നും ബോറിസ് ആരോപിച്ചിരുന്നു. അന്വേഷണ സമിതിയിൽ നിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. കത്ത് കൈപ്പറ്റിയതിന് പിന്നാലെ 'കങ്കാരൂ കോടതി'കളായാണ് സമിതി പ്രവർത്തിക്കുന്നതെന്ന് ബോറിസ് ക്ഷുഭിതനായി പ്രതികരിച്ചു.

രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സമിതിയുടെ പ്രവർത്തനങ്ങൾ. 'അവരുടെ വാദങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെങ്കിലും ഒരു ചെറിയ കൂട്ടം ആളുകൾ എന്നെ പുറത്താക്കുകയാണ്'ബോറിസ് സമിതിക്കെതിരെ തുറന്നടിച്ചു. പ്രധാനമന്ത്രി ഋഷി സുനകിനെയും ബോറിസ് പരോക്ഷമായി വിമർശിച്ചു. താൻ നടപ്പിലാക്കിയ ബ്രെക്സിറ്റിൽ നിന്ന് ഒരു മടക്കയാത്രയ്ക്കാണ് ചിലർ ശ്രമിക്കുന്നതെന്നും പഴയ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയേക്കുമെന്നും ബോറിസ് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in