ജുഡീഷ്യല്‍ നിയമനിർമാണത്തിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തം; പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

ജുഡീഷ്യല്‍ നിയമനിർമാണത്തിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തം; പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇസ്രയേലിൽ ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന വിവാദമായ ജുഡീഷ്യല്‍ പുനരുദ്ധാരണ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് ഇസ്രയേലികള്‍ ജറുസലേമിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നിരവധി പ്രതിഷേധക്കാരാണ് ടെല്‍ അവീവില്‍ ഒത്തുകൂടിയത്.

ബിൽ രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയായാണെന്നാണ് വിമർശകർ

നാളെയാണ് ജുഡീഷ്യല്‍ പുനരുദ്ധാരണ പദ്ധതിയില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുക. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. മന്ത്രിതല തീരുമാനങ്ങളെ അസാധുവാക്കുന്നതിന് സുപ്രീംകോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് ബില്‍. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയായാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ടെല്‍ അവീവില്‍ നിന്ന് 70 കിലോമീറ്റര്‍ പിന്നിട്ടാണ് ഇസ്രയേല്‍ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധക്കാരുടെ മാര്‍ച്ച് എത്തിയത്. നീലയും വെള്ളയും കലര്‍ന്ന ഇസ്രയേല്‍ പതാകയേന്തിയുള്ള പ്രതിഷേധം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കടലായി മാറ്റി. 'ജനാധിപത്യം പഴയതുപോലെ ശക്തമല്ല, ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്തുവെന്ന് ഞങ്ങള്‍ക്കും അവര്‍ക്കും അറിയേണ്ടത് വളരെ പ്രധാനമാണ്.''പ്രതിഷേധക്കാരിലൊരാള്‍ പറയുന്നു.

ഒരാഴ്ച മുമ്പ് നിര്‍ജലീകരണത്തെത്തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് നിര്‍ജലീകരണത്തെത്തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെതന്യാഹുവിന് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ ആരംഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിർമാണത്തിനെതിരെ മന്ത്രിസഭയിലടക്കം കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എതിര്‍ സ്വരം ഉയര്‍ത്തിയ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കുകയും ചെയ്തു. രാജ്യത്ത് പണിമുടക്കും പ്രതിഷേധങ്ങളും വര്‍ധിച്ചതോടെ നിയമ നിര്‍മാണം നടത്തുന്നത് നീട്ടുകയായിരുന്നു. എതിര്‍പ്പറിയിച്ചവരില്‍ ഇസ്രയേല്‍ പ്രസിഡന്റെ അടക്കം ഉണ്ട്. അമേരിക്കന്‍ പ്രസിഡന്‌റെ ജോ ബൈഡനടക്കം നീക്കത്തില്‍ നിന്ന് പിന്മാറണമെന്നഭ്യര്‍ഥിച്ചിട്ടും നെതന്യാഹു ചെവിക്കൊണ്ടില്ല.

logo
The Fourth
www.thefourthnews.in