ബംഗ്ളാദേശില്‍ ഷെയ്ഖ്  ഹസീന സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

ബംഗ്ളാദേശില്‍ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

സർക്കാർ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പതിനായിരക്കണക്കിന് വരുന്ന അനുഭാവികൾ ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. സർക്കാർ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ''ഷെയ്ഖ് ഹസീന രാജിവെച്ച് പാർലമെന്റ് പിരിച്ചുവിടണം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഒരു നിഷ്പക്ഷ കാവൽ സർക്കാർ വരണമെന്നുമാണ് ഞങ്ങളുടെ പ്രധാന ആവശ്യം''- ബിഎൻപി വക്താവ് സഹിറുദ്ദീൻ സ്വപാൻ എഎഫ്‌പിയോട് പറഞ്ഞു.

ഗോലാഭാഗ് സ്പോർട്സ് ​ഗ്രൗണ്ടിലായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ശനിയാഴ്ച നടന്ന റാലിയിൽ ഏകദേശം 200,000 പേർ പങ്കെടുത്തതായി ബിഎൻപി വക്താവ് അവകാശപ്പെട്ടു. എന്നാൽ ധാക്ക മെട്രോപൊളിറ്റൻ പോലീസ് ഈ കണക്കുകൾ തള്ളി രംഗത്തെത്തി. ഗ്രൗണ്ടിൽ 30,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ധാക്ക മെട്രോപൊളിറ്റൻ പോലീസ് വക്താവ് ഫാറൂഖ് അഹമ്മദ് പറഞ്ഞു. ഇതുവരെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ധാക്കയിലേക്കുള്ള റൂട്ടുകളിൽ പോലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും SWAT, തീവ്രവാദ വിരുദ്ധ യൂണിറ്റുകൾ, ഡോഗ് സ്ക്വാഡുകൾ എന്നിവ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. റാലിയില്‍ കൂടുതല്‍ പേര്‍ സംഘടിക്കാതിരിക്കാന്‍ അനൗദ്യോഗിക ഗതാഗത സമരം ധാക്കയില്‍ നടത്തുന്നതായി ബിഎന്‍പി ആരോപിച്ചു.

ചൊവ്വാഴ്ച സുരക്ഷാ സേന ബിഎൻപി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിന് പ്രേരിപ്പിച്ചതിന് പാർട്ടിയുടെ രണ്ട് ഉന്നത നേതാക്കളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധ റാലി തടയുന്നതിനായി പാർട്ടിയുടെ രണ്ടായിരത്തേളം പ്രവർത്തകരെയും അനുഭാവികളെയും നവംബർ 30മുതൽ തടങ്കലിലാക്കിയിരുന്നു.

പവർകട്ടും ഇന്ധനവില വർധനയും മൂലം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തുടനീളം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് രണ്ട് ബിഎൻപി നേതാക്കളെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റാലി സംഘടിപ്പിച്ചത്.

അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അമേരിക്കയടക്കമുളള പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വളരെക്കാലമായി അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചില പദ്ധതികളുടെ ഭാഗമായി ഷെയ്ഖ് ഹസീന ചൈനയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ കോടിക്കണക്കിന് ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പോലും ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in