ഇറാഖിൽ പുതിയ പ്രതിസന്ധി;  പ്രക്ഷോഭകർ പാർലമെന്റ് കൈയടക്കി

ഇറാഖിൽ പുതിയ പ്രതിസന്ധി; പ്രക്ഷോഭകർ പാർലമെന്റ് കൈയടക്കി

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഹമ്മദ് ഷിയ അൽ സുഡാനിയെ നാമനിർദേശം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്

രാഷ്ട്രീയ-സാമൂഹിക അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന ഇറാഖിൽ പുതിയ പ്രതിസന്ധി. ഇറാഖി പാർലമെന്റ് കെട്ടിടം പ്രക്ഷോഭകർ കൈയടക്കി. ഇറാഖി ഷിയ നേതാവ് മുഖ്താദ അൽ-സദറിന്റെ അനുയായികളാണ് ബുധനാഴ്ച നടന്ന അക്രമത്തിന് പിന്നിൽ. സർക്കാർ കെട്ടിടങ്ങളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും ആസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലേക്കാണ്‌ നൂറുകണക്കിന് വരുന്ന സംഘം അതിക്രമിച്ചു കയറിയത്. ഇറാൻ അനുകൂല രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ കോർഡിനേഷൻ ഫ്രെയിംവർക്ക്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഹമ്മദ് ഷിയ അൽ സുഡാനിയെ നാമനിർദേശം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്.

പ്രധാന കവാടത്തിലേക്കുള്ള വാതിലുകളിൽ തടിച്ചുകൂടിയ ലഹളക്കാരെ തടയാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പ്രവേശന കവാടം കടന്ന ജനങ്ങൾ, ദേശീയ പതാക വീശിയും 'അൽ സുഡാനി പുറത്തുപോകു' എന്ന മുദ്രാവാക്യം മുഴക്കിയും മന്ദിരത്തിനു ചുറ്റും അലഞ്ഞു നടന്നു. സംഭവസമയത്ത് പാർലമെന്റിൽ നിയമനിർമാതാക്കൾ ആരുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മുസ്തഫ അൽ-ഖദേമി പ്രതിഷേധക്കാരോട് ഉടൻ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളുടെയും വിദേശ ദൗത്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്നും സുരക്ഷയ്ക്കുംവീഴ്ച വരുത്തുന്ന പ്രവർത്തനങ്ങളെ തടയണമെന്നും സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് നൽകി.

ഒക്ടോബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അൽ സദറിന്റെ രാഷ്ട്രീയ സഖ്യം 73 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. അധികാരം പിടിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന്‌ സ്റ്റേറ്റ് ഓഫ് ലോ നൂറി അൽ മാലിക്കി, മുഖ്താദ അൽ-സദറിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചെങ്കിലും അധികാരം പിടിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായില്ല. ഇറാഖിലെ നിയമമനുസരിച്ച് പ്രസിഡന്റിനെ തിരഞ്ഞെടുത്താൽ മാത്രമേ പ്രധാനമന്ത്രി പദത്തിലെത്താൻ സാധിക്കു.

അൽ-സദറിന്റെ നിയമനിർമ്മാതാക്കളെ മാറ്റി, ഷിയാ വിഭാഗത്തിലെ തന്നെ സംഘടനയായ കോർഡിനേഷൻ ഫ്രെയിംവർക്ക് ഈ ആഴ്ച ആദ്യം മുഹമ്മദ് അൽ സുഡാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തിരുന്നു. ഇറാനിയൻ വിപ്ലവത്തെയും, ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ശത്രു രാജ്യത്തെയും പിന്തുണച്ച ഇസ്ലാമിക് ദവാ പാർട്ടിയിൽപ്പെട്ട 52-കാരൻ പ്രധാനമന്ത്രിയാകുന്നതിനെ അൽ-സദറും അദ്ദേഹത്തിന്റെ അനുയായികളും എതിർത്തു. ഇതേ തുടർന്നാണ് പുതിയ സംഭവ പരമ്പരകള്‍ അരങ്ങേറിയത്.

പാര്‍ലമെന്റ് ആക്രമണത്തിനു രണ്ടു മണിക്കൂറുകൾക്കു ശേഷം, അനുയായികളോടു സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാന്‍ ട്വിറ്ററിലൂടെ അല്‍-സദര്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ, ഞങ്ങൾ സദറിനെ അനുസരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധക്കാർ പാർലമെന്റ് കെട്ടിടത്തിന് പുറത്തേക്ക് പോയി.

“പരിഷ്കാരത്തിന്റെ വിപ്ലവം, അനീതിയുടെയും അഴിമതിയുടെയും നിരാകരണം” പ്രതിഷേധക്കാരെ പിന്തുണച്ച് സദർ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ സന്ദേശം കേട്ടുവെന്നും അഴിമതിക്കാരെ അത് ഭയപ്പെടുത്തിയെന്നും ഷിയാ നേതാവ് കൂട്ടിച്ചേർത്തു.

അനുയായികളിൽ അൽ സദറിനുള്ള സ്വാധീനം തെളിയിക്കാനും കോർഡിനേഷൻ ഫ്രെയിംവർക്കിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചാലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു കലാപത്തിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in