ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

മോഗ ജില്ലയിൽ നിന്നുള്ള ദേവീന്ദർ ബാംബിഹ സംഘത്തിലെ സുഖ്ദുള്‍ സിങ് എന്ന സുഖ ദുനെകയാണ് കൊല്ലപ്പെട്ടത്. സംഭവം ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനിടെയാണ്.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങളും വിവാദങ്ങളും ചൂടുപിടിക്കെ, കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. മോഗ ജില്ലയിൽ നിന്നുള്ള ദേവീന്ദർ ബാംബിഹ സംഘത്തിലെ സുഖ്ദുള്‍ സിങ് എന്ന സുഖ ദുനെകയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി കാനഡയിലെ വിന്നിപെഗില്‍ വച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിജ്ജാറിന്റെ കൊലപാതകത്തിന് സമാനമായി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ വർഷം മാർച്ച് 14ന് ജലന്ധറിലെ മല്ലിയന്‍ ഗ്രാമത്തില്‍ നടന്ന കബഡി മത്സരത്തിനിടെ കബഡി താരം സന്ദീപ് സിംഗ് നങ്കലിനെ കൊലപ്പെടുത്താന്‍ സുഖ്ദുള്‍ സിങ് ഗൂഢാലോചന നടത്തിയിരുന്നു

2017 ൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടന്ന സുഖ്ദുള്‍ സിങ്, എൻഐഎയുടെ തീവ്രവാദി ലിസ്റ്റിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേവീന്ദർ ബാംബിഹ സംഘത്തെ ശക്തിപ്പെട്ടുത്തുന്നതും വേണ്ട ധനസഹായങ്ങൾ നൽകിയിരുന്നതും സുഖ്ദുള്‍ സിങ് ആണ്.

ഖാലിസ്ഥാൻ സംഘടനകളോട് ചായ് വുണ്ടായിരുന്ന ഇയാൾ, പിടിച്ചുപറി, മോഷണം, കൊലപാതകം എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നു. പഞ്ചാബിലെ ഇത്തരം സംഘടനകളുടെയും സമീപ സംസ്ഥാനങ്ങളിലെ കൊടുംകുറ്റവാളികളുടെയും സഹായത്തോടെയാണ് ഇയാൾ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ വർഷം മാർച്ച് 14ന് ജലന്ധറിലെ മല്ലിയന്‍ ഗ്രാമത്തില്‍ നടന്ന കബഡി മത്സരത്തിനിടെ കബഡി താരം സന്ദീപ് സിംഗ് നങ്കലിനെ കൊലപ്പെടുത്താനും ഇയാള്‍ ഗൂഢാലോചന നടത്തിയിരുന്നു. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലുമായി കൊലപാതകത്തിനും മറ്റ് ഹീനമായ കുറ്റകൃത്യങ്ങള്‍ക്കുമായി 20ലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു
നിജ്ജാറിന്റെ കൊലപാതകം: ആരോപണം വേണ്ട, തെളിവ് തരൂ; എങ്കിൽ അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

സുഖ്ദുള്‍ സിങ്ങിനൊപ്പം പഞ്ചാബിലും പരിസര മേഖലകളിൽ നിന്നുമുള്ള 29 ഓളം ഗുണ്ടകൾ, നിയമത്തിൽ നിന്ന് രക്ഷപെടുന്നതിനായി ഇന്ത്യ വിട്ടുപോയിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചോ വ്യാജ യാത്രാ രേഖകൾ ഉപയോഗിച്ചോ നേപ്പാൾ വഴിയോ ഒക്കെയായിരുന്നു ഇവർ ഇന്ത്യ വിട്ടത്. കാനഡയിലേക്കാണ് ഇവരിൽ അധികവും എത്തിയതെന്ന വിവരവും മുൻപ് പുറത്തുവന്നിട്ടുണ്ട്. കാനഡയ്ക്ക് പുറമെ, അമേരിക്ക, ഓസ്‌ട്രേലിയ, പാകിസ്താൻ, മലേഷ്യ, യുഎഇ, ഹോങ്കോങ്, ഇന്തോനേഷ്യ, ജർമ്മനി എന്നിവിടങ്ങളിലും ഇവർ അഭയം തേടിയതായും വ്യക്തമായിരുന്നു.

logo
The Fourth
www.thefourthnews.in