'ഒരുനാൾ  സർവാധിപതി ഇപ്പോൾ വെറുക്കപ്പെട്ടവൻ'  രജപക്സെയുടെ കഥ
GOOGLE

'ഒരുനാൾ സർവാധിപതി ഇപ്പോൾ വെറുക്കപ്പെട്ടവൻ' രജപക്സെയുടെ കഥ

22 ദശലക്ഷം ആളുകൾ ജീവിക്കുന്ന കൊച്ചു ദ്വീപുരാജ്യത്തെ സംബന്ധിച്ചിടത്തോളം സാധാരണ ജീവിതത്തിലേക്കുള്ള മടക്കം വിദൂരമായൊരു സ്വപ്നമാണ്

മാസങ്ങളായി നടക്കുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളുടെയും പ്രതിഷേധങ്ങളുടെയും ആകെത്തുകയാണ് ശനിയാഴ്ച ശ്രീലങ്കന്‍ തെരുവുകളിൽ കണ്ടത്. രൂക്ഷമായ ഭക്ഷണ - ഇന്ധന - വൈദ്യുതി ക്ഷാമവും വർധിച്ചുവന്ന പണപ്പെരുപ്പവും മൂലം ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാന്ദ്യത്തിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലമായി കടന്നുപോകുന്നത്.

കൊളംബോയുടെ തെരുവുകളിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിനാളുകളുടെ രോഷം നീളുന്നത് ലങ്കയുടെ ഉയർച്ചയും പതനവും ഒരുപോലെ കണ്ട രജപക്സെ കുടുംബത്തിന് നേരെയാണ്. വർഷങ്ങൾ നീണ്ട രജപക്സെ കുടുംബ വാഴ്ച ലങ്കയെ കൊണ്ടെത്തിക്കുന്നത് തകർച്ചയുടെ അടിത്തട്ടിലേക്കാണ്. 22 ദശലക്ഷം ആളുകൾ ജീവിക്കുന്ന ഒരു കൊച്ചു ദ്വീപുരാജ്യത്തെ സംബന്ധിച്ചിടത്തോളം നിലവിലെ നിലയിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള മടക്കം വിദൂരമായൊരു സ്വപ്നം മാത്രമാണ്.

ശ്രീലങ്കയുടെ അധികാര കേന്ദ്രങ്ങളിൽ രജപക്സെ കുടുംബത്തിന്റെ സാന്നിധ്യം വളരെ മുൻപ് തന്നെയുണ്ട്. ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ (എസ്‌എൽഎൽപി) സ്ഥാപക അംഗമായ ഡോൺ ആൽവിൻ രജപക്സെ ഇപ്പോൾ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പിതാവാണ്

ശ്രീലങ്കയുടെ അധികാര കേന്ദ്രങ്ങളിൽ രജപക്സെ കുടുംബത്തിന്റെ സാന്നിധ്യം വളരെ മുൻപ് തന്നെയുണ്ട്. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പിതാവാണ് ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ (എസ്‌എൽഎൽപി) സ്ഥാപക അംഗമായ ഡോൺ ആൽവിൻ രജപക്സെ. രണ്ടുതവണ പാർലമെന്റേറിയനായിരുന്നു അദ്ദേഹം.1967 യിൽ ഡി.എ രാജപക്‌സെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ മകൻ മഹിന്ദ രജപക്സെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ രാഷ്ട്രീയത്തിൽ സജീവമായി.

യൂണിവേഴ്സിറ്റിയിലെ ലൈബ്രറി അസിസ്റ്റന്റ് ആയിരുന്ന അദ്ദേഹം പിന്നീട് ശ്രീലങ്ക ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. അഭിഭാഷകനായിരുന്ന മഹിന്ദ രജപക്‌സെ 1970ലാണ് ആദ്യമായി പാർലമെന്റിൽ എത്തുന്നത്. അങ്ങനെ ഇരുപത്തിനാലാം വയസ്സിൽ ശ്രീലങ്കൻ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അദ്ദേഹം.

മഹിന്ദ രജപക്സെ
മഹിന്ദ രജപക്സെGOOGLE

1994ൽ ചന്ദ്രിക കുമാരതുംഗ പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നു. ഈ സമയമാവുമ്പോഴേക്കും മഹിന്ദ രജപക്സെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിരുന്നു. ചന്ദ്രിക കുമാരതുംഗ പ്രസിഡന്റ് ആയിരുന്ന രണ്ട് തവണയും മഹിന്ദ രജപക്സെ ക്യാബിനറ്റ് മന്ത്രി ആയിരുന്നു. 2005ൽ ചന്ദ്രിക രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയും മഹിന്ദ രജപക്സെ ശ്രീലങ്കയുടെ പ്രസിഡന്റ് ആവുകയും ചെയ്തു.

പ്രതിരോധ വകുപ്പും മഹിന്ദ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ആയിരുന്ന ചമലും ബന്ധുവായ നിരുപമയും ഈ സമയം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഗോതബായ രജപക്സെ സൈന്യത്തിൽ ആയിരുന്നു. ഉയർന്ന റാങ്കുള്ള സൈനിക ഉദ്യോഗസ്ഥനായിരുന്ന ഗോതബായ വിരമിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് തിരിച്ചുവന്ന അദ്ദേഹം സഹോദരൻ മഹിന്ദയോടൊപ്പം പ്രതിരോധ സെക്രട്ടറിയായി ഭരണ രംഗത്തേക്ക് വരികയും ചെയ്തു.

തമിഴ് വിമതരുമായി 26 വർഷത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതും എൽടിടിഇയുടെ അന്ത്യത്തിന് കാരണമായതും രാജപക്സെയും സഹോദരനും നടത്തിയ നീക്കങ്ങളാണെന്ന് പൊതുവിൽ വിലയിരുത്തുന്നത്

2005ലെ തെരഞ്ഞെടുപ്പിൽ വടക്കൻ തമിഴ് മേഖലയിലെ വോട്ടിങ് മരവിപ്പിക്കാൻ മഹിന്ദ എൽടിടിഇ സഹായം തേടിയെന്ന് എതിരാളികൾ ആരോപിക്കുകയുണ്ടായി. 2009ൽ തമിഴ് വിമതരുമായി 26 വർഷത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതും എൽടിടിഇയുടെ അന്ത്യത്തിന് കാരണമായതും രാജപക്സെയും സഹോദരനും നടത്തിയ നീക്കങ്ങളാണെന്നാണ് വിലയിരുത്തുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു അന്ന് ഇരുവരും ചേർന്ന് തമിഴ് വംശജർക്കെതിരെ നടത്തിയെന്ന ആരോപണവും ശക്തമാണ്.

എന്നാൽ തമിഴ് വിഭാഗത്തെ കൂട്ടക്കൊല ചെയ്തതും സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടക്കം ലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾ പിന്നീട് പുറത്തുവരികയുണ്ടായി . തമിഴ് വംശജരായ 4000 ത്തോളം പേർ ആഭ്യന്തരയുദ്ധത്തിലും സൈനിക നടപടികളിലുമായി കൊല്ലപ്പെട്ടിരുന്നു. എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരനും അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള മഹിന്ദയുടെ കരങ്ങൾ പരസ്യമായ രഹസ്യമായിരുന്നു. ഗോതബായയുടെയും ശരത് ഫാൻസെകയും അടക്കമുള്ളവർ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആണെന്ന വിവരങ്ങൾ പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴരെ കീഴടക്കിയെന്നതുകൊണ്ട് തന്നെ ഇരുവർക്കും സിംഹള ബുദ്ധമതക്കാർക്കിടയിൽ വലിയ പിന്തുണ നേടിക്കൊടുത്തു . ഇതേ തുടർന്ന് 2010ൽ മഹിന്ദ രണ്ടാം തവണ വീണ്ടും അധികാരത്തിലെത്തി.

ഈ തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. തമിഴ് ഭൂരിപക്ഷ മേഖലയിലെ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയിരുന്നു എന്നും തമിഴർ കൃത്യമായി വോട്ട് ചെയ്തിരുന്നുവെങ്കിൽ റെനില്‍ വിക്രമസിംഗെ വിജയിക്കുമായിരുന്നു എന്നാണ് യുഎൻപി ആരോപണം.

2011ൽ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ശ്രീലങ്കൻ സൈന്യം നടത്തിയ നരനായാട്ടിനെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടു. പക്ഷെ ആരോപണങ്ങള്‍ അപ്പാടെ മഹിന്ദ രജപക്സെയും സർക്കാരും തള്ളിക്കളഞ്ഞു. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ രജപക്‌സെ തോൽക്കുകയും 2019 ആവുമ്പോഴേക്കും എസ്‌എൽഎൽപിയെ പിളർത്തി രജപക്സെ ശ്രീലങ്ക പൊതുജന പെരുമാളാ എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. 2018ൽ ലങ്കയിൽ കാണാൻ സാധിച്ചത് പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടിയുള്ള വടംവലികളാണ്. പ്രസിഡന്റ് മൈത്രിപാല ശിവസേന മഹിന്ദ രജപക്സെയെ പ്രധാനമന്ത്രി ആക്കുകയും സുപ്രീം കോടതി ഇടപെടലിലൂടെ പിന്നീട് അദ്ദേഹത്തിന് രാജി വെക്കേണ്ടി വരികയും ചെയ്തു.

ഗോതബയ രജപക്സെയും   മഹിന്ദ രജപക്സെയും
ഗോതബയ രജപക്സെയും മഹിന്ദ രജപക്സെയും GOOGLE

എന്നാൽ 2019 തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി മഹിന്ദ രജപക്സെയുടെ സഹോദരനായ ഗോതബായ രജപക്സെ പ്രസിഡന്റ് ആയി. പിന്നാലെ, ജ്യേഷ്ഠനായ മഹിന്ദ രജപക്സെ പ്രധാനമന്ത്രിയുമായതോടെ, ലങ്ക രജപക്സെ കുടുംബത്തിന്റെ കൈയില്‍ ഒതുങ്ങാൻ തുടങ്ങി. അതിനുശേഷം ലങ്ക കണ്ടത് ജനാധിപത്യത്തേക്കാൾ കുടുംബവാഴ്ചയും സ്വേച്ഛാധിപത്യവുമാണ്. അധികം വൈകാതെ, ലങ്കയുടെ സാമ്പത്തികമായ പതനവും ലോകത്തിന് കാണാനായി, രജപക്സെ കുടുംബത്തിൻ്റെയും.

logo
The Fourth
www.thefourthnews.in