കൂട്ടക്കുഴിമാടങ്ങളിലോ കെട്ടിടങ്ങള്‍ക്കടിയിലോ...; ഗാസയിലെ 21,000 കുട്ടികള്‍ എവിടെപ്പോയി?

കൂട്ടക്കുഴിമാടങ്ങളിലോ കെട്ടിടങ്ങള്‍ക്കടിയിലോ...; ഗാസയിലെ 21,000 കുട്ടികള്‍ എവിടെപ്പോയി?

ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഇതുവരെ ഏകദേശം 21,000 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്

ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തിന്റെ ക്രൂര ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഗാസയില്‍ ഏകദേശം 21,000 കുട്ടികള്‍ കാണാതായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സഹായ ചാരിറ്റി ഗ്രൂപ്പായ സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കാണാതായ ആയിരക്കണക്കിന് കുട്ടികള്‍ കെട്ടിടത്തിനടിയിലോ രേഖപ്പെടുത്താത്ത കൂട്ടകുഴിമാടങ്ങളിലോ ആകാമെന്നും സ്‌ഫോടക വസ്തുക്കളാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പരുക്കുകളേറ്റും, ഇസ്രയേല്‍ സൈന്യം തടവിലാക്കിയും സംഘര്‍ഷത്തില്‍ കാണാതാവുകയും പോയിട്ടുണ്ടാകാമെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

''ഗാസയിലെ നിലവിലെ സാഹചര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനും ഉറപ്പ് വരുത്താനും സാധിക്കില്ല. എന്നാല്‍ കുറഞ്ഞത് 17,000 കുട്ടികളെങ്കിലും കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞിട്ടുണ്ടാകാം. ഏകദേശം 4000-ത്തോളം കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാകും. കണക്കില്‍പ്പെടാത്ത കുട്ടികള്‍ കൂട്ടകുഴിമാടങ്ങളില്‍ പെട്ടിട്ടുണ്ടാകും,'' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒമ്പത് മുതല്‍ 250 പലസ്തീന്‍ കുട്ടികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കൂട്ടക്കുഴിമാടങ്ങളിലോ കെട്ടിടങ്ങള്‍ക്കടിയിലോ...; ഗാസയിലെ 21,000 കുട്ടികള്‍ എവിടെപ്പോയി?
ഹമാസിനെതിരായ ആക്രമണത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; ഇനി ലക്ഷ്യം ഹിസ്ബുള്ളയെന്ന് നെതന്യാഹു

ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ 14000-ത്തിലധികം കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. മാത്രവുമല്ല, നിരവധി കുട്ടികള്‍ പോഷാകാഹാരക്കുറവും നേരിടുന്നുണ്ടെന്നും കരയാന്‍ പോലുമുള്ള ആരോഗ്യം ഇവര്‍ക്കില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ കൂട്ടികളുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ഗാസയിലെ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് ദ ചില്‍ഡ്രന്റെ പശ്ചിമേഷ്യ മേഖലാ ഡയറക്ടര്‍ ജെറെമി സ്റ്റോണര്‍. ''പ്രിയപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരാണ്. തങ്ങളുടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് അവശിഷ്ടങ്ങളോ കൂട്ടകുഴിമാടങ്ങളോ കുഴിക്കേണ്ട അവസ്ഥ ഒരു രക്ഷിതാവും ഉണ്ടാകരുത്. യുദ്ധ മേഖലയില്‍ ഒരു കുട്ടിയും ഒറ്റയ്ക്കാകരുത്. ഒരു കുട്ടിയും തടവിലാകുകയോ ബന്ദിയാകുകയോ പാടില്ല,'' അവര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in