ഋഷി സുനക്, ലിസ് ട്രസ്
ഋഷി സുനക്, ലിസ് ട്രസ്

ആരാകും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി? അവസാനലാപ്പില്‍ ഋഷി സുനകും ലിസ് ട്രസും

ജനസമ്മതിയില്ലാത്ത ധനികനായ നേതാവെന്ന പ്രതിച്ഛായ ഋഷി സുനകിന് തിരിച്ചടിയാകുമോ?

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ പോരാട്ടം ഇന്ത്യന്‍ വംശജന്‍ ഋഷി സുനകും ലിസ് ട്രസും തമ്മില്‍. ബോറിസ് ജോണ്‍സന്റെ പകരക്കാരനായി ഇവരില്‍ ആരെത്തുമെന്ന് സെപ്തംബര്‍ അഞ്ചിനറിയാം. അഞ്ചാംറൗണ്ടില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നേടിയവരാണ് മുന്‍ ധനമന്ത്രി ഋഷി സുനകും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും. ഋഷി സുനക് 137 വോട്ട് നേടിയപ്പോള്‍ ലിസ് ട്രസിനെ 113 എംപിമാര്‍ പിന്തുണച്ചു. ഋഷി സുനക് വിജയിച്ചാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും അദ്ദേഹം.

അവസാന റൗണ്ടിലെ വോട്ടെടുപ്പില്‍ വിധി നിര്‍ണയിക്കുന്നത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗത്വമുള്ള 1,60,000 പേരാണ്. ഓഗസ്ത് ആദ്യം ആരംഭിക്കുന്ന വോട്ടെടുപ്പ് സെപ്തംബര്‍ രണ്ടിന് അവസാനിക്കും. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ അഞ്ചിനാണ് ഫല പ്രഖ്യാപനം. ഇഞ്ചോടിഞ്ച് പോരാട്ടമാകും ഋഷി സുനക്കും ലിസ് ട്രസും തമ്മിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഋഷി സുനക്കിന് മുന്നിലെ വെല്ലുവിളികള്‍

ബ്രെക്‌സിറ്റില്‍ ഋഷി സുനക് കൈക്കൊണ്ട നടപടികളോട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും അനുകൂല നിലപാടാണ് . പക്ഷെ, ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള സുനകിന്റെ രാജിയാണ് ബോറിസ് ജോണ്‍സണെന്ന കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയിലെ ശക്തനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കിയതിൽ നിർണായകമായത്. ഋഷി സുനക് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്നു. അതാണ് 'റെഡി ഫോര്‍ ഋഷി' എന്ന ക്യാമ്പയിനിന് എതിരായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന 'എനിവണ്‍ ബട്ട് ഋഷി ' ക്യാമ്പയിനും.

ഋഷി സുനക്കിന്‌റെ സമ്പന്ന പശ്ചാത്തലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്നും ചര്‍ച്ചകളുയരുന്നു

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പണപ്പെരുപ്പത്തില്‍ വലഞ്ഞപ്പോള്‍ ഋഷി സുനക് എന്ന ധനകാര്യമന്ത്രി സ്വീകരിച്ച നികുതി പരിഷ്‌കാരങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. ബ്രിട്ടീഷ് ജനതയ്ക്കുമേല്‍ കടുത്ത ബാധ്യത അടിപ്പിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. രാജ്യത്തെ ജീവിത ചെലവ് ഉയര്‍ത്തിയ തീരുമാനങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.

2024ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഋഷി സുനകിന്‌റെ സമ്പന്ന പശ്ചാത്തലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചര്‍ച്ചകള്‍ പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ സജീവമാണ്. സുനക്കിന്റെ ജീവിത രീതികളും സമ്പന്ന വിഭാഗത്തോടുള്ള പരിഗണനയും പലപ്പോഴും ചര്‍ച്ചയായി.

ബ്രെക്‌സിറ്റിനും കോവിഡ് മഹാമാരിക്കുമിടയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വീഴാതെ പിടിച്ചുനിര്‍ത്തിയതിന്‌റെ മുഴുവന്‍ ക്രെഡിറ്റും ഋഷി സുനികിനുള്ളതാണ്. പക്ഷെ ജനങ്ങള്‍ക്കിടയില്‍ ആ സ്വീകാര്യത അദ്ദേഹത്തിനില്ല. ജനസമ്മതിയുള്ള നേതാവല്ല ഋഷി സുനക് എന്നത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോലും സമ്മതിക്കുന്നതാണ്.

ബ്രിട്ടനെ മാന്ദ്യത്തിലേക്ക് കൊണ്ടെത്തിക്കുന്ന നികുതി പരിഷ്‌കാരങ്ങളായിരുന്നു സുനക്കിന്റേതെന്നാണ് എതിര്‍ സ്ഥാനാര്‍ഥി ലിസ് ട്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് ആരോപണം. എല്ലാവിഭാഗം ജനങ്ങളേയും ഉള്‍ക്കൊണ്ട്, നികുതി വെട്ടിക്കുറച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ലിസ് ട്രസ് ബ്രിട്ടീഷ് ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്.

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ഇന്ത്യന്‍ വംശജന്‍ നയിക്കുന്ന ആറാമത്തെ വിദേശരാജ്യമാകും ബ്രിട്ടന്‍. ഈ നിരയിലെ മറ്റ് പ്രധാനികള്‍ ഇവരാണ്

  • അന്റോണിയോ കോസ്റ്റ , പ്രധാനമന്ത്രി (പോര്‍ച്ചുഗല്‍)

  • മുഹമ്മദ് ഇര്‍ഫാന്‍, പ്രസിഡന്റ് (ഗുയ്വാന)

  • പര്‍വിന്ദ് ജഗ്നത്ത് , പ്രധാനമന്ത്രി (മൗറീഷ്യസ്)

  • പൃഥ്വിരാജ്‌സിംഗ് രൂപുണ്‍, പ്രസിഡന്റ് (മൗറീഷ്യസ്)

  • ചന്ദ്രികപര്‍സാദ് സന്തോക്കി, പ്രസിഡന്റ് (സുരിനാം)

  • കമല ഹാരിസ് , വൈസ് പ്രസിഡന്റ് (യുഎസ്)

ഇതിന് പുറമെ ഫിജി , മലേഷ്യ, അയര്‍ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ വിവിധ വകുപ്പുകളുടെ തലപ്പത്തുണ്ട്.

logo
The Fourth
www.thefourthnews.in