വിവാദങ്ങൾക്ക് തുടക്കം കുറിച്ച്
ഋഷി സുനകിന്റെ മഷിപ്പേന

വിവാദങ്ങൾക്ക് തുടക്കം കുറിച്ച് ഋഷി സുനകിന്റെ മഷിപ്പേന

മായ്ക്കാവുന്ന മഷിയുള്ള പൈലറ്റ് വി ഫൗണ്ടന്‍ പേനകള്‍ ഉപയോഗിച്ചാണ് ഋഷി സുനക് ഇതുവരെ ഔദ്യോഗിക രേഖകള്‍ തയ്യാറാക്കിയിരുന്നത്

ഔദ്യോഗിക രേഖകളില്‍ എഴുതാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മായ്ക്കാന്‍ കഴിയുന്ന പേനകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. മായ്ക്കാവുന്ന മഷിയുള്ള പൈലറ്റ് വി ഫൗണ്ടന്‍ പേനകള്‍ ഉപയോഗിച്ചാണ് ഋഷി സുനക് ഇതുവരെ ഔദ്യോഗിക രേഖകള്‍ തയ്യാറാക്കിയിരുന്നത്. ഔദ്യോഗിക രേഖകളുടെ സുരക്ഷയെ മുൻനിർത്തി ഈ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ചാന്‍സലറായ സമയം മുതല്‍ അദ്ദേഹം ഈ പേനയാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തലുകള്‍. ഔദ്യോഗിക രേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്ത് മായ്ക്കാനും തിരുത്തലുകള്‍ വരുത്താനും സാധ്യതയുണ്ടെന്ന ആശങ്കയാണ് വിമർശകർ ഉയർത്തുന്നത്.കാബിനറ്റ് മീറ്റിങ്ങുകളില്‍, ഡൗണിംഗ് സ്ട്രീറ്റില്‍ ഔദ്യോഗിക കത്തുകളില്‍ ഒപ്പിടുമ്പോള്‍, മോള്‍ഡോവയിലെ യൂറോപ്യന്‍ രാഷ്ട്രീയ കമ്മ്യൂണിറ്റി മീറ്റിംഗ് പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളിൽ എല്ലാം അദ്ദേഹം ഈ പേനകള്‍ ഉപയോഗിച്ചതായുള്ള ഫോട്ടോകളും ഇതിനകം പുറത്തുവന്നു.

യുകെയില്‍ 4.75 പൗണ്ട് (493 രൂപ) വിലയുള്ള ഈ പേനകള്‍ ഒരു ജാപ്പനീസ് സ്റ്റേഷനറി കമ്പനിയാണ് വിപണനം ചെയ്യുന്നത്. മായ്ക്കാമെന്ന സവിശേഷത കാരണം മഷി ഉപയോഗിച്ച് എഴുതാന്‍ പഠിക്കുന്ന വ്യക്തികള്‍ക്ക് ഈ പേന അനുയോജ്യമാണ്. പ്രധാനമന്ത്രി ഇത്തരം പേനകള്‍ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്.

കൊവിഡ്-19 പാന്‍ഡെമിക് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഔദ്യോഗിക അന്വേഷണരേഖകളില്‍ നിന്നെല്ലാം ഋഷി സുനക്കിന്റെ കൈയ്യക്ഷര കുറിപ്പുകള്‍ മായ്ക്കപ്പെടുമോ എന്ന ആശങ്കയാണ് നിലവില്‍ ഉയരുന്നത്. ഇത്തരം പേനകള്‍ വിതരണം ചെയ്യുന്നത് സിവില്‍ സര്‍വീസാണെന്നും വിവിധ വകുപ്പുകളിലെ സ്ഥിരം സെക്രട്ടറിമാര്‍ ഉള്‍പ്പെടെ വൈറ്റ്ഹാളിലുടനീളം വ്യാപകമായി ഈ പേനകള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഡൗണിങ് സ്ട്രീറ്റിന്റെ വിശദീകരണം.

'ഇത് സിവില്‍ സര്‍വീസ് നല്‍കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പേനയാണ്. പ്രധാനമന്ത്രി ഒരിക്കലും കയ്യക്ഷരങ്ങള്‍ മായ്ച്ചിട്ടില്ല,' ഋഷി സുനക്കിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു.

യുഎസ് പ്രസിഡന്റുമാര്‍ സാധാരണയായി അവരുടെ വാക്കുകള്‍ മായ്ക്കാനോ കാലക്രമേണ മങ്ങാനോ ചൂടോ ഈര്‍പ്പമോ മൂലം കേടുപാടുകള്‍ വരുത്താനോ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ മായ്ക്കാനാകാത്ത മഷിയുള്ള പേനകളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ മായ്ക്കാന്‍ കഴിയുന്ന പേനകള്‍ വ്യാപകമായി ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

എന്നാൽ 2020 ഒക്ടോബറില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഒപ്പിടാന്‍ മായ്ക്കാന്‍ കഴിയാത്ത പേനകള്‍ ഉപയോഗിക്കുന്നതായുള്ള ഫോട്ടോകള്‍ സുനക്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉണ്ട്. എന്നാൽ ഔദ്യോഗിക രേഖകളില്‍ ഒപ്പിടാൻ സുനക് ഉപയോഗിക്കുന്ന മഷിപ്പേന ബ്രിട്ടണിൽ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in