ആർക്കും എതിർപ്പില്ല;
യുഎന്‍ രക്ഷാ സമിതിയുടെ അധ്യക്ഷ പദവിയില്‍ റഷ്യ; അപലപിച്ച് യുക്രെയ്ന്‍

ആർക്കും എതിർപ്പില്ല; യുഎന്‍ രക്ഷാ സമിതിയുടെ അധ്യക്ഷ പദവിയില്‍ റഷ്യ; അപലപിച്ച് യുക്രെയ്ന്‍

യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപക പ്രതിഷേധമുയരുമ്പോഴും ഇക്കാര്യത്തില്‍ എതിർപ്പുയർന്നില്ല എന്നതാണ് ശ്രദ്ധേയം

യു എൻ രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് റഷ്യ. 15 അംഗങ്ങളുള്ള യു എൻ രക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഓരോ മാസവും ഓരോ അംഗങ്ങള്‍ ഏറ്റെടുക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍, യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപക പ്രതിഷേധമുയരുമ്പോഴും ഇക്കാര്യത്തില്‍ എതിർപ്പുയർന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ നീക്കം തടയണമെന്ന് യുക്രെയ്ന്‍ മറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടില്ല. സ്ഥിരം കൗൺസിൽ അംഗമായ റഷ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തടയാൻ കഴിയില്ലെന്നാണ് അമേരിക്ക നിലപാട് സ്വീകരിച്ചത്.

ഏപ്രിൽ ഫൂൾ ദിനത്തിലെ എക്കാലത്തെയും മോശം തമാശയെന്നാണ് യുക്രേനിയൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലെബ റഷ്യയുടെ പ്രസിഡന്റ് പദവിയെ വിശേഷിപ്പിച്ചത്

എന്നാൽ, ഈ നടപടിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് യുക്രെയ്ൻ. ഏപ്രിൽ ഫൂൾ ദിനത്തിലെ എക്കാലത്തെയും മോശം തമാശയെന്നാണ് യുക്രേനിയൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലെബ റഷ്യയുടെ അധ്യക്ഷ പദവിയെ വിശേഷിപ്പിച്ചത്. യു എൻ രക്ഷാ സമിതിയുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായാണ് യുക്രെയ്ന്റെ പ്രഥമ ഉപദേഷ്ടാവ് മിഖൈലോ പൊഡോല്യാക്ക് അഭിപ്രായപ്പെട്ടത്. ആക്രമണോത്സുകമായ യുദ്ധം നടത്തുന്ന, മാനുഷിക നിയമങ്ങള്‍ ലംഘിക്കുന്ന ഒരു രാജ്യമാണ് ലോകത്തിലെ പ്രധാന സുരക്ഷാ സമിതിയെ നയിക്കുന്നതെന്ന് മിഖൈലോ അപലപിച്ചു.

റഷ്യ, സുരക്ഷാ സമിതിയിലെ സ്ഥിരാംഗമാണെന്നും സ്വാഭാവിക നടപടിക്രമങ്ങളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാന്‍ പ്രായോഗികമായ അന്താരാഷ്ട്ര നിയമ മാർഗങ്ങളൊന്നും നിലവിലില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ, ആയുധ നിയന്ത്രണം ഉൾപ്പെടെ നിരവധി സംവാദങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎന്നിലെ മോസ്കോ അംബാസഡർ വാസിലി നെബെൻസിയ റഷ്യൻ ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ആർക്കും എതിർപ്പില്ല;
യുഎന്‍ രക്ഷാ സമിതിയുടെ അധ്യക്ഷ പദവിയില്‍ റഷ്യ; അപലപിച്ച് യുക്രെയ്ന്‍
പ്രതിസന്ധികളില്‍ നിന്ന് മോചനമില്ലാത്ത പാകിസ്താന്‍; യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമോ?

റഷ്യയ്ക്ക് പുറമെ, യു കെ, യു എസ്, ഫ്രാൻസ്, ചൈന എന്നിവയാണ് യുഎൻ രക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ. 2022 ഫെബ്രുവരിയിലാണ് റഷ്യ അവസാനമായി അധ്യക്ഷ സ്ഥാനത്തെത്തിയത്. റഷ്യയുടെ അധിനിവേശം തടയാൻ മതിയായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുകയോ പിരിച്ചുവിടുകയോ ചെയ്യണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യയെ സമിതിയിൽ നിന്ന് നീക്കം ചെയ്യണമെന്നും കഴിഞ്ഞ വർഷം സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in