ഉമാനില്‍ തകർന്ന കെട്ടിടം
ഉമാനില്‍ തകർന്ന കെട്ടിടം

യുക്രെയ്ന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലാക്രമണം; 19 പേർ കൊല്ലപ്പെട്ടു

യുക്രെയ്ന്‍ നഗരമായ ഉമാനില്‍ മിസൈല്‍ പതിച്ച കെട്ടിടം തകർന്ന് വീണ് 17 പേർ കൊല്ലപ്പെട്ടു

ഒരിടവേളയ്ക്ക് ശേഷം യുക്രെയ്നില്‍ ആക്രമണം ശക്തമാക്കി റഷ്യ. പ്രത്യാക്രമണം ശക്തിപ്പെടുത്താനുള്ള യുക്രെയ്ന്‍ തീരുമാനമത്തിന് പിന്നാലെ റഷ്യ ആരംഭിച്ച മിസൈലാക്രമണവും ബോംബ് സ്ഫോടനങ്ങളും യുക്രെയ്ന്‍ നഗരങ്ങളെ തകര്‍ത്തെറിയുകയാണ്.

മധ്യ യുക്രെയ്നിയന്‍ നഗരങ്ങളായ ഉമാൻ, നിപ്രോ എന്നിവിടങ്ങളുണ്ടായ റഷ്യൻ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഉമാനില്‍ ബഹുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. മേഖലയിലെ അപ്പാർട്ട്മെന്റുകള്‍ പൂർണമായും തകർന്നതായും റിപ്പോർട്ടുണ്ട്. യുക്രെയ്ന്‍ന്റെ പ്രധാന നഗരങ്ങളിലെല്ലാം വെള്ളിയാഴ്ച പുലർച്ചെ മുതല്‍ റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

തെക്കന്‍ യുക്രെയ്നിന്റെ തുറമുഖ നഗരമായ നിപ്രോയിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും മൂന്ന് വയസ്സുള്ള മകളും കൊല്ലപ്പെട്ടു. ഏഴ് മിസൈലുകളാണ് നഗരത്തിൽ പതിച്ചതെന്ന് നിപ്രോ സൈനിക അഡ്മിനിസ്ട്രേഷൻ മേധാവി സെർഹി ലൈസാക് അറിയിച്ചു. ആക്രമണത്തിൽ നിരപരാധികളായ യുകെയ്ൻ നിവാസികൾ കൊല്ലപ്പെട്ടതായും, എല്ലാ സമാധാന സംരംഭങ്ങളോടും റഷ്യ പ്രതികരിക്കുന്നത് ഇത്തരത്തിലാണെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച തലസ്ഥാനനഗരമായ കീവുള്‍പ്പെടെയുള്ള മേഖലകളില്‍ നടന്ന അക്രമണത്തിൽ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി തടസപ്പെട്ടിരുന്നു. പവർ സ്റ്റേഷനുകളിൽ ഉൾപ്പെടെ 20ലേറെ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചതായാണ് റിപ്പോർട്ടുകൾ. പോള്‍വാള്‍ട്ട, നിപ്രോ, ഉമാന്‍, ക്രെമന്‍ചുക്ക് നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി യുക്രെയ്ന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിരിച്ചടിക്കാൻ യുക്രെയ്ന്‍ ഒരുക്കമാണെന്ന് കപ്രതിരോധ മന്ത്രി ഒലെസ്കി റെസ്നിക്കോവ് വ്യക്തമാക്കി. റഷ്യയുടെ 23 മിസൈലുകളില്‍ 21 എണ്ണവും യുക്രെയ്ന്‍ സൈന്യം വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉമാനില്‍ തകർന്ന കെട്ടിടം
യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ

റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌ന് വാഗ്ദാനം ചെയ്ത യുദ്ധ വാഹനങ്ങളുടെ 98 ശതമാനവും നാറ്റോ രാജ്യങ്ങൾ നൽകിയതായി നാറ്റോ മേധാവി ജൻസ് സ്റ്റോൾട്ടൻബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈന്യത്തിൽ നിന്ന് വിവിധ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതായി 1,550 യുദ്ധ സജ്ജമായ വാഹനങ്ങളും 230 ടാങ്കറുകളും ഇതുവരെ യുക്രെയ്ന് നല്‍കി. പ്രത്യാക്രമണത്തിന് കീവിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നാറ്റോയുടെ നീക്കമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വിശദീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in