ഉപരോധം അവസാനിപ്പിക്കാതെ യൂറോപ്പിലേക്ക് വാതക വിതരണമില്ല; നിലപാട് കടുപ്പിച്ച് റഷ്യ

ഉപരോധം അവസാനിപ്പിക്കാതെ യൂറോപ്പിലേക്ക് വാതക വിതരണമില്ല; നിലപാട് കടുപ്പിച്ച് റഷ്യ

ജി7 രാജ്യങ്ങളുടെ യോഗത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനും ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങൾക്കും മേൽ വില പരിധി നിശ്ചയിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് റഷ്യന്‍ നടപടി

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയുമായി റഷ്യ. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തിവെച്ചുകൊണ്ടാണ് റഷ്യയുടെ പക വീട്ടല്‍. രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിൻവലിക്കാതെ യൂറോപ്പിലേക്കുള്ള റഷ്യൻ വാതക വിതരണം പുനരാരംഭിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന ജി7 രാജ്യങ്ങളുടെ യോഗത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനും ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങൾക്കും മേൽ വില പരിധി (price cap) നിശ്ചയിക്കാൻ തീരുമാനിച്ചതിന് മറുപടിയെന്നോണമാണ് റഷ്യയുടെ നടപടി.

കഴിഞ്ഞ ബുധനാഴ്ച നോർഡ് സ്ട്രീം വണ്ണിലൂടെയുള്ള ഗ്യാസ് വിതരണം അറ്റകുറ്റപണികൾക്ക് വേണ്ടി മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞശേഷവും പൈപ്പ് ലൈനിലെ ടർബൈനുകളിലൊന്നിലെ എണ്ണ ചോർച്ച ചൂണ്ടിക്കാട്ടി അനിശ്ചിത കാലത്തേക്ക് പ്രവർത്തനം നിർത്തിവെക്കുന്നതായി പൊതുമേഖലാ ഊർജ കമ്പനിയായ ഗാസ്‌പ്രോം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് യൂറോപ്പിലുടനീളം ഊർജ പ്രതിസന്ധി രൂക്ഷമായിരുന്നു. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണമാണ് നോർഡ് വൺ സ്ട്രീമിന്റെ അറ്റകുറ്റ പണികൾ നടത്തുന്ന സ്ഥാപനത്തിന് കൃത്യമായ ഇടവേളകളിൽ പണി നടത്താനാവാത്തതെന്ന് റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. "നമ്മുടെ രാജ്യത്തിനെതിരെ ജർമ്മനി, യുകെ എന്നിവയുൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കാരണമാണ് ഗ്യാസ് പമ്പിംഗിൽ പ്രശ്നങ്ങൾ ഉണ്ടായത്," എന്നായിരുന്നു റഷ്യൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം.

പാശ്ചാത്യ രാജ്യത്തിനെതിരെയുള്ള ആയുധമായി ഊർജ വിതരണത്തെ റഷ്യ ഉപയോഗിക്കുന്നുവെന്ന് മുൻപ് തന്നെ ആരോപണമുണ്ടായിരുന്നു

റഷ്യയിൽ നിന്ന് ബാൾട്ടിക്‌ സമുദ്രത്തിലൂടെ ജർമനിയിലേക്ക് ഗ്യാസ് വിതരണം നടത്തുന്ന ഏറ്റവും വലിയ പൈപ്പ് ലൈനാണ് നോർഡ് സ്ട്രീം വൺ. 2011 മുതൽ പ്രവർത്തനമാരംഭിച്ച പൈപ്പ് ലൈൻ റഷ്യയുടെ അധികാരത്തിലുള്ള ഗ്യാസ്‌പ്രോം കമ്പനിയാണ് നടത്തുന്നത്. ഗ്യാസിനായി യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പൈപ്പ് ലൈനിനെയാണ്.

ഉപരോധം അവസാനിപ്പിക്കാതെ യൂറോപ്പിലേക്ക് വാതക വിതരണമില്ല; നിലപാട് കടുപ്പിച്ച് റഷ്യ
ഇന്ധന വിതരണം ശനിയാഴ്ചയും പുനരാരംഭിക്കില്ലെന്ന് റഷ്യ; ആശങ്കയൊഴിയാതെ യൂറോപ്യന്‍ രാജ്യങ്ങള്‍

പാശ്ചാത്യ രാജ്യത്തിനെതിരെയുള്ള ആയുധമായി ഊർജ വിതരണത്തെ റഷ്യ ഉപയോഗിക്കുന്നുവെന്ന് മുൻപ് തന്നെ ആരോപണമുണ്ടായിരുന്നു. വിതരണം താത്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ഊർജ വില തിങ്കളാഴ്ച 30 ശതമാനമാണ് ഉയർന്നത്. യൂറോപ്യൻ യൂണിയൻ പുനരുപയോഗ-ഊർജ ഉത്പന്നങ്ങൾക്കായുള്ള പദ്ധതികൾ ശക്തമാക്കണമെന്നും വൈദ്യുതി വിപണി പരിഷ്കരിക്കണമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

തിങ്കളാഴ്ച യൂറോ 0.99 ഡോളറെന്ന 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു

മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച പദ്ധതികൾ

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണവോർജം ഉപേക്ഷിക്കാൻ ജർമനി 2011ൽ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ രണ്ട് ആണവ നിലയങ്ങൾ എപ്പോഴും സ്റ്റാൻഡ്‌ബൈയിൽ സൂക്ഷിക്കണമെന്നാണ് ജർമനിയുടെ തീരുമാനം.

തിങ്കളാഴ്ച യൂറോ 0.99 ഡോളറെന്ന 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും തകർച്ചയിലാണ്. പൗണ്ടിന്റെ മൂല്യം 0.5 ശതമാനം ഇടിഞ്ഞ് രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.1444 ഡോളറിലുമെത്തി.

പ്രതിസന്ധിയെ തുടർന്ന്, ആളുകളെയും വ്യവസായികളെയും സഹായിക്കാനായി 65 ബില്യൺ ഡോളറിന്റെ പദ്ധതി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലുടനീളമുള്ള പല രാജ്യങ്ങളും സമാനമായ നടപടികൾ വരികയാണ്.

വിലക്കയറ്റത്തിൽ നിന്ന് ഊർജ പ്രതിസന്ധികളിൽ നിന്നും മുക്തി നേടുന്നതിന് 17 ബില്യൺ ഡോളറിന്റെ സഹായ പാക്കേജാണ് ഇറ്റാലിയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള വൈദ്യുതി, ഗ്യാസ് ബില്ലുകൾ വെട്ടിക്കുറയ്ക്കുന്നതിനും അതുപോലെ "സിസ്റ്റം-കോസ്റ്റ്" ലെവികൾ കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ളത് കൂടിയാണ് നിലവിലുള്ള പാക്കേജ്.

ഉപരോധം അവസാനിപ്പിക്കാതെ യൂറോപ്പിലേക്ക് വാതക വിതരണമില്ല; നിലപാട് കടുപ്പിച്ച് റഷ്യ
യൂറോപ്പിലേക്കുള്ള വാതക വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ; നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ജർമ്മനി

ഫിൻ‌ലൻഡ്, സ്വീഡൻ തുടങ്ങിയ സ്കാന്ഡിനേവിയൻ രാജ്യങ്ങൾ, ഊർജ കമ്പനികൾക്ക് ബില്യൺ കണക്കിന് ഡോളർ ലിക്വിഡിറ്റി ഗ്യാരന്റി വാഗ്ദാനം ചെയ്യാനുള്ള പദ്ധതികളും ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in