സെര്‍ഗെയ് സുറോവികിന്‍
സെര്‍ഗെയ് സുറോവികിന്‍

റഷ്യൻ സൈനിക ജനറൽ സെര്‍ഗെയ് സുറോവികിന്‍ എവിടെ? പ്രിഗോഷിൻ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് എന്ന് അഭ്യൂഹം

വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗനി പ്രിഗോഷിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സെര്‍ഗെയ് സുറോവികിൻ

വാഗ്നർ ഗ്രൂപ്പിന്റെ പടയൊരുക്കത്തിന് പിന്നാലെ റഷ്യൻ വ്യോമ സൈനിക ജനറൽ ജനറൽ സെര്‍ഗെയ് സുറോവികിൻ പൊതുവിടങ്ങളിൽനിന്ന് അപ്രത്യക്ഷനായത് ചർച്ചയാകുന്നു. ജൂൺ 24ന് മോസ്കോ ലക്ഷ്യമിട്ടുള്ള വാഗ്നർ ഗ്രൂപ്പിന്റെ മുന്നേറ്റത്തിന് പിന്നാലെയാണ് സുറോവികിനെ കാണാതായത്. വാഗ്നർ ഗ്രൂപ്പിന് സഹായം ചെയ്തതിന്റെ പേരിൽ ജനറൽ സുറോവികിൻ അറസ്റ്റിലായതായി മോസ്കോ ടൈംസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

റഷ്യയുടെ യുക്രെയ്ൻ മുന്നേറ്റത്തിന് നേതൃത്വം നൽകിയിരുന്നത് ജനറൽ സെര്‍ഗെയ് സുറോവികിനായിരുന്നു. വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗനി പ്രിഗോഷിനുമായി അടുത്തബന്ധമാണ് അദ്ദേഹത്തിനുള്ളത്. റഷ്യയിലേക്കുള്ള വാഗ്നര്‍ ഗ്രൂപ്പിന്റെ പടയൊരുക്കത്തെ കുറിച്ച് ജനറൽ സുറോവികിന് മുൻകൂട്ടി ധാരണയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. 'ജനറൽ ആംഗേഡൻ' എന്ന വിളിപ്പേരുള്ള സുറോവികിൻ സിറിയയിലും ചെചന്യയിലുമെല്ലാം റഷ്യയുടെ ആക്രമണങ്ങളുടെ മുൻനിര സൂത്രധാരൻ കൂടിയാണ്. 2022-ലാണ് സെർഗെയ് സുറോവികിൻ റഷ്യയുടെ ജനറല്‍ സ്ഥാനത്തെത്തുന്നത്. 'ഇതിഹാസ വ്യക്തി', 'മാതൃരാജ്യത്തെ സേവിക്കാൻ ജനിച്ചവൻ' എന്നിങ്ങനെയാണ് സ്ഥാനമേറ്റെടുക്കവെ പ്രിഗോഷിൻ സുറോവികിനെ വിശേഷിപ്പിച്ചിരുന്നത്.

സെര്‍ഗെയ് സുറോവികിന്‍
'പുടിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'; കലാപനീക്കം സൈനിക നേതൃത്വത്തിനെതിരായ പ്രതിഷേധമെന്ന് വാഗ്നർ സേന മേധാവി
സുറോവികിൻ പുടിനൊപ്പം
സുറോവികിൻ പുടിനൊപ്പം

വാഗ്നര്‍ സൈനിക പിന്മാറ്റത്തിനായി സെര്‍ഗെയ് സുറോവികിൻ വലിയ പങ്ക് വഹിച്ചിരുന്നതായാണ് ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ''നമ്മൾ ഒരുമിച്ച് പോരാടി, നമ്മള്‍ ഒരേ രക്തത്തിലുള്ളവരാണ്, യോദ്ധാക്കളാണ്, അതിനാല്‍ യുദ്ധം നിർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'' - എന്നായിരുന്നു വാഗ്നർ പോരാളികളോടുള്ള സുറോവികിന്റെ സന്ദേശം. നമ്മുടെ രാജ്യത്ത് ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകാൻ ശത്രുക്കൾ കാത്തിരിക്കുകയാണെന്നും പിന്മാറണമെന്നും സുറോവികിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നാണ് ഈ ചിത്രം മാറിയത്. ഗൂഢാലോചനയിൽ സുറോവികിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ റഷ്യയുടെ സൈനിക നീക്കം വൈകിയതിന് പിന്നിലെ കാരണവും വ്യക്തമാകും.

സെര്‍ഗെയ് സുറോവികിന്‍
'യുദ്ധ നയം മാറ്റിയില്ലെങ്കിൽ റഷ്യയില്‍ വിപ്ലവം നടക്കും': പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്

സുറോവികിൻ തിരോധാനത്തിന് പിന്നില്‍ റഷ്യയാണെന്ന റിപ്പോർട്ടുകളാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും മുന്നോട്ടുവയ്ക്കുന്നത്. റഷ്യ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജനറൽ സുറോവിക്, പ്രിഗോഷിന് സഹായം ചെയ്തതായി കണ്ടെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൊയ്ഗുവിനേയും മുഖ്യ സൈനിക ജനറൽ വലേറി ജെറാസിമോവിനേയും തട്ടിക്കൊണ്ടുപോകാൻ വാഗ്നർ സംഘം ലക്ഷ്യമിട്ടതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനറൽ വലേറി ജെറാസിമോവും റഷ്യയിൽ പൊതുവിടങ്ങളിൽനിന്ന് അപ്രത്യക്ഷനായിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in