അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി 'നിയമ വിരുദ്ധം'; ബ്രിട്ടീഷ് സുപ്രീംകോടതി

അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി 'നിയമ വിരുദ്ധം'; ബ്രിട്ടീഷ് സുപ്രീംകോടതി

അനധികൃത കുടിയേറ്റം തടയാൻ 'റുവാണ്ട പദ്ധതി' നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച അഭയാർത്ഥി നയത്തിന് കനത്ത തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി നിയമവിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചു. റുവാണ്ടയിലെക്ക് നാടുകടത്തുന്നതിലൂടെ അഭയാർത്ഥികളെ മോശം സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് മനുഷ്യാവകശ ലംഘനവും നിയമവിരുദ്ധമാണെന്നും വിധിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ബ്രിട്ടനിൽ നിന്നും അയക്കുന്ന അഭയാർഥികളോട് മോശമായി പെരുമാറില്ലെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ റുവാണ്ടയെ ആശ്രയിക്കാൻ കഴിയില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ സുപ്രീംകോടതി ജസ്റ്റിസ്‌ റോബർട്ട് റീഡ് പറഞ്ഞത്. നിർബന്ധിത തിരോധാനങ്ങളും ജനങ്ങൾക്കെതിരെയുള്ള നിരന്തര പീഡനങ്ങളും ഉൾപ്പെടെയുള്ള റുവാണ്ടയുടെ മോശം മനുഷ്യാവകാശ രേഖയെ ഉദ്ധരിച്ചാണ് റോബർട്ട് റീഡ് വിധി വായിച്ചത്.

മേൽക്കോടതിയിലെ അഞ്ച് ജസ്റ്റിസുമാർ ഏകകണ്ഠമായാണ് വിധി പറഞ്ഞത്. റുവാണ്ടയിലേക്ക് നാടുകടത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്തും ഇവരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതകളും കണക്കിലെടുത്താണ് വിധി. അനധികൃത കുടിയേറ്റം തടയാൻ അനധികൃത അഭയാർത്ഥികളെ തടവിലാക്കുമെന്നും ആഴ്ചകൾക്കുള്ളിൽ നാടുകടത്തുമെന്നും കർശനമായി പ്രഖ്യാപിച്ച ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്, 'പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല വിധി'യെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി 'നിയമ വിരുദ്ധം'; ബ്രിട്ടീഷ് സുപ്രീംകോടതി
ഋഷി സുനകിന് തിരിച്ചടി; അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി നിയമവിരുദ്ധമെന്ന് കോടതി

ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകളും അഭയാര്‍ത്ഥി സംഘടനകളും വിധിയെ അനുകൂലിച്ച് രംഗത്തെത്തി. സഹാനുഭൂതിയും മാന്യതയും ഉയർത്തിപ്പിടിക്കുന്ന ബ്രിട്ടീഷ് മൂല്യങ്ങളുടെ അടയാളമാണ് ഈ വിധിയെന്നാണ് ബ്രിട്ടനിലെ ചാരിറ്റി ആക്ഷൻ എയ്ഡ് വ്യക്തമാക്കിയത്.

ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാനാണ് ഋഷി സുനക് സർക്കാർ വിവാദ ഉത്തരവിറക്കിയത്. അനധികൃത കുടിയേറ്റ ബിൽ എന്ന് വിളിക്കപ്പെടുന്ന ഈ കരട് നിയമം ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനൽ വഴിയെത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അനധികൃതമായി ബ്രിട്ടനിൽ എത്തിയവർക്ക് നിയമപരമായ ഒരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും, അങ്ങനെയുള്ളവർക്ക് രാജ്യത്ത് തുടരാനോ മനുഷ്യാവാകാശങ്ങൾ അവകാശപ്പെടാനോ സാധിക്കില്ലെന്നായിരുന്നു മാർച്ചിൽ ഋഷി സുനക് എക്‌സിൽ കുറിച്ചത്.

1994ൽ എട്ട്‌ ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ വംശഹത്യക്ക് പേരുകേട്ട സ്ഥലമാണ് റുവാണ്ട, എന്നാൽ അതിനുശേഷം രാജ്യം സുസ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും പേരുകേട്ടതായാണ് യുകെ സർക്കാർ കേസിൽ വാദിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ, ലണ്ടനിലെ ഹൈക്കോടതി റുവാണ്ട പദ്ധതി നിയമപരമാണെന്നും എന്നാൽ സ്ഥലമാറ്റം ചെയ്യുന്നതിന് മുൻപ് ഓരോ കേസിന്റെയും വ്യക്തിഗത സാഹചര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും വിധി വന്നിരുന്നു. ഇതിനു പിന്നാലെ മേൽക്കോടതിയിലേക്ക് അപ്പീൽ പോയ സാഹചര്യത്തിൽ, സിറിയ, വിയറ്റ്‌നാം, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ സ്ഥലമാറ്റത്തോടെ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടി അപ്പീൽ കോടതിയിൽ നിന്നും ജൂണിൽ അനുകൂല വിധി വരുന്നത്. സുരക്ഷിതമായ മൂന്നാം രാജ്യമായി റുവാണ്ടയെ പരിഗണിക്കാനാകിലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in