'അതായിരുന്നു എന്റെ വലതു കണ്ണ് അവസാനമായി കണ്ട കാഴ്ച'; അക്രമിയെ മുഖാമുഖം കണ്ട നിമിഷം ഓര്‍ത്തെടുത്ത് സല്‍മാന്‍ റുഷ്ദി

'അതായിരുന്നു എന്റെ വലതു കണ്ണ് അവസാനമായി കണ്ട കാഴ്ച'; അക്രമിയെ മുഖാമുഖം കണ്ട നിമിഷം ഓര്‍ത്തെടുത്ത് സല്‍മാന്‍ റുഷ്ദി

''എന്നെ കൊല്ലാം, വിദൂര ഭൂതകാലത്തിലേക്ക് മടങ്ങാം'' ആ നിമിഷം തനിക്ക് അങ്ങനെയാണ് തോന്നിയതെന്ന് പറയുന്നു റുഷ്ദി

''അയാള്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ ആലോചിച്ചു; അപ്പോള്‍ അത് നിങ്ങളാണ്...നിങ്ങളിതാ ഇവിടെ എത്തിയിരിക്കുന്നു...'', കുത്തേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് ആക്രമണകാരിയെ മുഖാമുഖം കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് പ്രസിദ്ധ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി.

''വിദൂരഭൂതകാലത്തില്‍ നിന്ന് എന്തോ വന്ന് എന്നെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍, എന്നെ കൊല്ലാം, വിദൂര ഭൂതകാലത്തിലേക്ക് മടങ്ങാം,'' ആ നിമിഷം തനിക്ക് അങ്ങനെയാണ് തോന്നിയതെന്ന് പറയുന്നു റുഷ്ദി. 2002 ഓഗസ്റ്റ് 12-നാണ് ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിക്കിടെ റുഷ്ദിക്ക് പത്തു തവണ കുത്തേറ്റത്. മാരകമായി പരുക്കേറ്റ അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

''നൈഫ്; മെഡിറ്റേഷന്‍ ആഫ്റ്റര്‍ ആന്‍ അറ്റംപ്റ്റഡ് മര്‍ഡര്‍ (Knife: Meditations After an Attempted Murder) എന്ന പുറത്തിറങ്ങാന്‍ പോകുന്ന പുതിയ പുസ്തകത്തിലാണ് റുഷ്ദി ആക്രമണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വിവരിക്കുന്നത്. പുസ്തകത്തെ കുറിച്ചും താന്‍ കടന്നുവന്ന നാളുകളെ കുറിച്ചും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആന്റേഴ്‌സണ്‍ കൂപ്പറിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം ആദ്യമായാണ് റുഷ്ദി ടെലിവിഷന്‍ അഭിമുഖം നല്‍കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് സിബിഎസ് ചാനലില്‍ സംപ്രേഷണം ചെയ്യും.

''ഞാന്‍ സ്റ്റേജില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ വലത് വശത്തുനിന്ന് ഒരാള്‍ എന്റെ നേര്‍ക്ക് ഓടിവരുന്നത് കണ്ടു. അതാണ് എന്റെ വലതു കണ്ണ് അവസാനമായി കണ്ട കാഴ്ച. കറുത്ത വസ്ത്രം, കറുത്ത മുഖംമൂടി, ഒരു സ്‌ക്വാറ്റ് മിസൈല്‍ കണക്കേയാണ് അയാള്‍ വന്നത്. എന്റെ ഘാതകന്‍ ഏതെങ്കിലും പൊതുവേദിയിലോ മറ്റോ എഴുന്നേറ്റ് ഈ രീതിയില്‍ എന്നെത്തേടി വരുന്നതായി ഞാന്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ചിരുന്നു. അതുകൊണ്ട്, ഈ കൊലപാതകിയുടെ രൂപം എന്റെ നേരെ പാഞ്ഞടുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് ഇത് നിങ്ങളാണ്, നിങ്ങളിതാ ഇവിടെ എത്തിയിരിക്കുന്നു എന്നാണ്...''. റുഷ്ദി പറഞ്ഞു.

ആക്രമണത്തിന് ശേഷം ആറാഴ്ചയോളം റുഷ്ദി ആശുപത്രിയില്‍ കിടന്നു. വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ''നിങ്ങള്‍ ഒരേസമയം ഭാഗ്യവാനും നിര്‍ഭാഗ്യവാനുമാണ് എന്നാണ് എന്റെ ജീവന്‍ രക്ഷിച്ച സര്‍ജന്‍മാരില്‍ ഒരാള്‍ പറഞ്ഞത്. എന്താണ് ഭാഗ്യം? ഞാന്‍ ചോദിച്ചു. ഭാഗ്യം എന്തെന്നാല്‍, നിങ്ങളെ ആക്രമിച്ചയാള്‍ക്ക് ഒരു മനുഷ്യനെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ അറിയില്ല എന്നതാണ്,'' റുഷ്ദി പറഞ്ഞു.

33 വര്‍ഷം മുന്‍പ് സാത്താനിക് വേര്‍സസ് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ, ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കാനായി ഫത്വ പുറത്തിറക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി ഹാദിര്‍ മാതര്‍, തനിക്ക് തെല്ലും കുറ്റബോധമില്ലെന്നാണ് പറഞ്ഞത്.

കഴിഞ്ഞ ജൂണിലാണ്, ആക്രമണത്തെയും അതേത്തുടര്‍ന്നുള്ള ആശുപത്രി വാസത്തേയും കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തകമാക്കുമെന്ന് റുഷ്ദി പ്രഖ്യാപിച്ചത്. ആക്രമണത്തിന് ശേഷം റുഷ്ദി ആദ്യം എഴുതിയ പുസ്തകമാണ് 224 പേജുള്ള നീഫ്.

''ഈ പുസ്തകം എഴുതേണ്ടത് ആവശ്യമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനും അക്രമത്തിന് കല ഉപയോഗിച്ച് മറുപടി പറയാനുമാണ് ശ്രമിക്കുന്നത്.'' അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ആയിരിക്കെയാണ് അവസാന നേവലായ വിക്ടറി സിറ്റി പുറത്തിറങ്ങിയത്.

logo
The Fourth
www.thefourthnews.in