പാര്‍ലമെന്റിലും രക്ഷയില്ല; ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഓസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പെ

പാര്‍ലമെന്റിലും രക്ഷയില്ല; ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഓസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പെ

പാര്‍ലമെന്റ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാകുന്ന സുരക്ഷിതമായ സ്ഥലമല്ലെന്നും ലിഡിയ തോർപ്പെ

പാര്‍ലമെന്റില്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയന്‍ സെനറ്റർ ലിഡിയ തോര്‍പ്പെ. പാര്‍ലമെന്റ് കെട്ടിടത്തിനകത്തുവച്ച് മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് ലിഡിയ തോര്‍പ്പെ വെളിപ്പെടുത്തി. അധികാരവും ഉയർന്ന പദവിയുമുള്ളവരാണ് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്നും ലിഡിയ കൂട്ടിച്ചേർത്തു. സെനറ്റിനെ അഭിസംബോധന ചെയ്യവേ പാര്‍ലമെന്റ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന സുരക്ഷിത സ്ഥലമല്ലെന്ന ആരോപണവും ലിഡിയ ഉന്നയിച്ചു.

സാക്ഷികളോ സുരക്ഷാ ക്യാമറകളോ ഇല്ലാത്ത ഭാഗത്തുള്ള ഗോവണിയിലേയ്ക്ക് ഒരാള്‍ തന്നെ പിന്തുടര്‍ന്നെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു തോര്‍പ്പെയുടെ ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാനോ പോലീസില്‍ പരാതിപ്പെടാനോ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് ലിഡിയ ആരുടെയും പേര് വ്യക്തമാക്കാന്‍ തയ്യാറായില്ല.

ബുധനാഴ്ച സഹസെനറ്ററായ ഡേവിഡ് വാന്‍ തന്നെ ഉപദ്രവിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ലിഡിയ തോര്‍പ്പെ ആരോപിച്ചിരുന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ പാർലമെന്റ് ചട്ടലംഘനമാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ലിഡിയ ആരോപണം പിന്‍വലിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ചത്തെ യോഗത്തില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് ലിഡിയ സെനറ്റ് അംഗങ്ങളെ അറിയിച്ചത്.

അതേസമയം, ബുധനാഴ്ച തന്നെ ഡേവിഡ് വാന്‍ ലിഡിയ തോര്‍പ്പെയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് രംഗത്തെത്തി. തുടര്‍ന്ന് വ്യാഴാഴ്ച നടന്ന സെനറ്റ് യോഗത്തിലും ലിഡിയ തോര്‍പ്പെയുടെ പ്രസംഗത്തെ തുടര്‍ന്ന് സെനറ്റില്‍ നടത്തിയ പ്രസ്താവനയില്‍, അദ്ദേഹം ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. തോര്‍പ്പെയുടെ വാദങ്ങള്‍ അതിരുകടക്കുന്നതാണെന്നും ഡേവിഡ് വാന്‍ കൂട്ടിച്ചേർത്തു

കൂടാതെ, ലൈംഗിക ചൂഷണമെന്ന ആരോപണത്തില്‍ അന്വേഷണത്തോട് താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഏത് ചോദ്യത്തിനും ഉത്തരം നല്‍കുമെന്നും തോര്‍പ്പെയും അത് തന്നെ ചെയ്യണമെന്നും ഡേവിഡ് വാന്‍ വാദിച്ചു.

അതേസമയം വാനുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വാനിനെ ഒഴിവാക്കുമെന്നും ലിബറല്‍ പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ തീരുമാനം വാനിന്റെ കുറ്റബോധത്തിന്റെയോ നിരപരാധിത്വത്തിന്റെയോ പ്രതിഫലനമല്ലെന്നും വാന്‍ സെനറ്റില്‍ അംഗമായി തന്നെ തുടരുമെന്നും ഡട്ടണ്‍ പറഞ്ഞു.

പാർലമെന്റില്‍ ലൈംഗികചൂഷണവും മോശം പെരുമാറ്റവുമുണ്ടായെന്ന പരാതികള്‍ നേരത്തെയും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ലിഡിയ തോര്‍പ്പിന്റെ ആരോപണങ്ങള്‍. ഇതേതുടര്‍ന്ന് പാര്‍ലമെന്റിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തുകയും അതില്‍ അവിടെ ജോലി ചെയ്യുന്ന മൂന്നില്‍ ഒരാള്‍ ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ചെയ്തു.

logo
The Fourth
www.thefourthnews.in