ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീന

ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക്; സെപ്റ്റംബർ അഞ്ചിനെത്തും; സന്ദർശനം നാല് ദിവസം

2019ലാണ് ഷെയ്ഖ് ഹസീന അവസാനം ഇന്ത്യ സന്ദർശിച്ചത്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാല് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തും. സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിലെത്തുന്ന ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജയ്‌പൂർ, അജ്മീര്‍ എന്നിവിടങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകള്‍. സന്ദർശനം സംബന്ധിക്കുന്ന പ്രോട്ടോകോളും സുരക്ഷാ സംവിധാനങ്ങളും ചർച്ച ചെയ്യാൻ ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ഇതിനകം ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

സെപ്റ്റംബർ ആറിന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഗതാഗതം, വ്യാപാരം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ചർച്ചയായേക്കും. ബംഗ്ലാദേശിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 'സ്വാതിനാഥ സരക്' പാത സന്ദർശന വേളയിൽ ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്‌തേക്കും. സെപ്തംബർ എട്ടിന് ഷെയ്ഖ് ഹസീന ധാക്കയിലേക്ക് മടങ്ങും.

ബംഗ്ലാദേശില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു

വ്യാഴാഴ്ച ജന്മാഷ്ടമി ദിനത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷമാണ് ഹിന്ദുക്കളെന്ന് ചിന്തിക്കരുതെന്ന് ഹിന്ദു സമൂഹത്തോട് ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാക്കയിലെ ധാകേശ്വരി മന്ദിറിൽ നടന്ന പരിപാടിയിൽ വിർച്വലായി പങ്കെടുത്തായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'സർക്കാരും അവാമി ലീഗും ഒരു മതത്തെയും ഇല്ലാതാക്കാൻ ശ്രമിക്കില്ല. അതിന് ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കും. എല്ലാ മതങ്ങളിലുമുള്ള ആളുകൾ തുല്യ അവകാശത്തോടെ ഇവിടെ ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവരും ഈ രാജ്യത്തെ ആളുകളാണ്, നിങ്ങളെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്, എനിക്കുള്ള അതേ അവകാശങ്ങൾ നിങ്ങൾക്കും ഉണ്ട്. ദയവായി നിങ്ങൾ നിങ്ങളെത്തന്നെ ദുർബലരായി കാണരുത്' എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ വാക്കുകള്‍.

2021 മാർച്ചിൽ നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി, ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ 50-ാം വാർഷികമായ 2021 മാർച്ചിൽ നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. 2019ലാണ് ഷെയ്ഖ് ഹസീന അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

logo
The Fourth
www.thefourthnews.in