കഞ്ചാവ് കടത്ത്: സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി
കഞ്ചാവ് കടത്താന്‍ ഗൂഡാലോചന നടത്തിയതിന് പിടിയിലായ ഇന്ത്യന്‍ വംശജനെ വധശിക്ഷയ്ക്ക് വിധേയമാക്കി സിംഗപ്പൂര്‍. ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും ദയാഹര്‍ജി നല്‍കിയിട്ടും തങ്കരാജു സുപ്പയ (46)യുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുകയായിരുന്നു.
2017ല്‍ ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് തങ്കരാജു സുപ്പയ അറസ്റ്റിലായത്. 2018ല്‍ തങ്കരാജുവിന് വധശിക്ഷയ്ക്ക് വിധിക്കുകയും അപ്പീൽ കോടതി ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. സിംഗപ്പൂര്‍ പൗരനായ തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ ഇന്ന് ചാംഗി ജയില്‍ സമുച്ചയത്തില്‍ നടപ്പാക്കിയതായി സിംഗപ്പൂര്‍ പ്രിസണ്‍സ് സര്‍വിസസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വധശിക്ഷ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കാര്യാലയം സിംഗപ്പൂരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രിട്ടീഷ് വ്യവസായിയും ജനീവ ആസ്ഥാവമായുള്ള മയക്കുമരുന്ന് നയങ്ങള്‍ക്കുള്ള ആഗോള കമ്മിഷന്റെ അംഗവുമായ റിച്ചാര്‍ഡ് ബ്രാന്‍സണും ശിക്ഷാ വിധിക്കെതിരെ രംഗത്തുവന്നിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് തങ്കരാജു കഞ്ചാവ് പിടികൂടിയ സ്ഥലത്തിന് അടുത്തെങ്ങും ഉണ്ടായിരുന്നില്ലെന്നും നിരപരാധിയെയാണ് സിംഗപ്പൂര്‍ വധിക്കാന്‍ പോകുന്നതെന്നും ബ്രാന്‍സൺ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചിരുന്നു.
എന്നാൽ ബ്രാന്‍സണിന്റെ കാഴ്ചപ്പാട് രാജ്യത്തെ ജഡ്ജിമാരോടും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടുമുള്ള അനാദരവാണെന്ന് സിംഗപ്പൂര്‍ ആഭ്യന്ത്രര മന്ത്രാലയം (എംഎച്ച്എ) ചൊവ്വാഴ്ച പറഞ്ഞു. ബ്രാന്‍സണിന്റെ അവകാശവാദങ്ങള്‍ തികച്ചും അസത്യമാണ്. മൂന്ന് വര്‍ഷത്തിലേറെ കേസ് സമഗ്രമായി പരിശോധിക്കുന്ന സിംഗപ്പൂര്‍ കോടതിയേക്കാള്‍ തങ്കരാജുവിന്റെ കേസിനെക്കുറിച്ച് കൂടുതലറിയാന്‍ ബ്രാന്‍സണ്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബ്രാന്‍സണിനെ കൂടാതെ, സിംഗപ്പൂരിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി സംഘവും ഓസ്‌ട്രേലിയന്‍ എംപി ഗ്രഹാം പെരെറ്റും ശിക്ഷാവിധിക്കെതിരെ പ്രസ്താവനകള്‍ പുറപ്പെടുപ്പിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങളില്‍ പലതും സിംഗപ്പൂരിനുണ്ട്. വധശിക്ഷാ കള്ളക്കടത്തിനെതിരായ കര്‍ശന ശിക്ഷാവിധിയായി ഇപ്പോഴും തുടരുന്നു.