'സ്വീകരിക്കാൻ മന്ത്രി മാത്രം, മോദിക്ക് പ്രതിഷേധം'; വാര്‍ത്തയ്ക്കുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ മാധ്യമത്തിന്
സൈബര്‍ ആക്രമണം

'സ്വീകരിക്കാൻ മന്ത്രി മാത്രം, മോദിക്ക് പ്രതിഷേധം'; വാര്‍ത്തയ്ക്കുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ മാധ്യമത്തിന് സൈബര്‍ ആക്രമണം

ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ മോദി വിമാനത്തിൽനിന്ന് ഇറങ്ങാൻ തയാറായില്ലെന്ന് ന്യൂസ് വെബ്‌സൈറ്റായ 'ഡെയ്‌ലി മാവെറിക്' ആണ് റിപ്പോർട്ട് ചെയ്തത്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് വാർത്ത നൽകിയതിനുപിന്നാലെ ഇന്ത്യയിൽനിന്ന് സൈബർ ആക്രമണം നേരിടുന്നതായി ദക്ഷിണാഫ്രിക്കൻ മാധ്യമം. ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നരേന്ദ്രമോദിയെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സൈബർ ആക്രമണം നേരിട്ടുവെന്നാണ് ദക്ഷിണാഫ്രിക്കൻ ന്യൂസ് വെബ്‌സൈറ്റ് 'ഡെയ്‌ലി മാവെറിക്' ആരോപിക്കുന്നത്.

തന്നെ സ്വീകരിക്കാൻ ക്യാബിനറ്റ് മന്ത്രി മാത്രം വിമാനത്താവളത്തിൽ എത്തിയതിൽ പ്രതിഷേധിച്ച് മോദി വിമാനം വിട്ടിറങ്ങാൻ വിസമ്മതിച്ചുവെന്നായിരുന്നു ഡെയ്‌ലി മാവെറിക്കിന്റെ റിപ്പോർട്ട്. അവഗണനയിൽ പ്രതിഷേധിച്ച് മോദി, പ്രിട്ടോറിയയിലെ വാട്ടർക്ലോഫ് എയർഫോഴ്‌സ് ബേസിൽ വിമാനത്തിൽനിന്ന് ഇറങ്ങാൻ മോദി വിസമ്മതിച്ചു. തുടർന്ന് മോദിയെ സ്വീകരിക്കാൻ ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റിലിനെ പ്രസിഡന്റ് സിറിൽ റമഫോസ അയച്ചു. അതിനുശേഷമാണ് മോദി വിമാനത്തിൽനിന്ന് ഇറങ്ങാൻ തയ്യാറായതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്‌ എത്തിയപ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ സിറിൽ റമാഫോസ നേരിട്ട് എത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന് പിന്നാലെയാണ് സൈറ്റിന് ഇന്ത്യയിൽനിന്ന് സൈബർ ആക്രമണം നേരിട്ടത്.

"ഇന്ത്യയിൽ നിന്നും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനിയൽ ഓഫ് സർവീസ്) ആക്രമണമുണ്ടായതായി ഞാൻ സ്ഥിരീകരിക്കുന്നു," ഡെയ്‌ലി മാവെറിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റൈലി ചരലംബസ് ഇന്ത്യൻ ഓൺലൈൻ മാധ്യമമായ സ്ക്രോളിനോട് പറഞ്ഞു. ഒരു വെബ്‌സൈറ്റിനെയോ അതിന്റെ സെർവറിനെയോ തകർക്കാനായി, ഓൺലൈൻ സേവനങ്ങളും സൈറ്റുകളും ആക്‌സസ് ചെയ്യുന്നതിൽനിന്ന് ഉപയോക്താക്കളെ തടയുന്ന രീതിയിലുള്ള സൈബർ ആക്രമണമാണ് ഡിഡിഒഎസ്.

“കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്, സൈറ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായി. ഞങ്ങൾ അത് വളരെ വേഗത്തിൽ പരിശോധിക്കുകയും ഡിഡിഒഎസ് ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടത്തിയപ്പോൾ അത് ഇന്ത്യൻ സെർവറുകളിൽനിന്നാണെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഉറവിടം മറയ്ക്കാൻ ഒരു ശ്രമവും നടന്നിട്ടില്ലാത്തതിനാൽ, ഈ വാർത്തയിലേക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. സൈറ്റിന്റെ സമഗ്രത സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ മുഴുവൻ ഡൊമെയ്‌നും തടയുകയല്ലാതെ മറ്റ് വഴികളിൽ ഇല്ലായിരുന്നു," ഡെയ്‌ലി മാവെറിക്ക് എഡിറ്റർ-ഇൻ-ചീഫ്, ബ്രാങ്കോ ബ്രിക്കിക് പറഞ്ഞു.

എന്നാൽ എന്നാൽ വാർത്ത റിപ്പോർട്ട് ദക്ഷിണാഫ്രിക്കൻ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. ഡെയ്‌ലി മാവെറിക്ക് റിപ്പോർട്ട് തെറ്റാണെന്ന് ഡെപ്യൂട്ടി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നരേന്ദ്രമോദി എത്തുന്നതിന് മുൻപ് തന്നെ ഡെപ്യൂട്ടി പ്രസിഡൻറ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയെന്നും ഓഫീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in