ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന എത്തി, കത്തിയെടുത്ത് കഴുത്തില്‍ കുത്തി; ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് നേരെ വധശ്രമം

ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന എത്തി, കത്തിയെടുത്ത് കഴുത്തില്‍ കുത്തി; ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് നേരെ വധശ്രമം

നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ലീയ്ക്ക് നേരെ ആക്രമണം നടന്നത്

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജെ മ്യാങിന് കുത്തേറ്റു. തുറമുഖ നഗരമായ ബുസാന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. 67-കാരനായ ഒരാളാണ് അദ്ദേഹത്തെ കഴുത്തില്‍ കുത്തിയതെന്നും 18 സെന്റീമീറ്റര്‍ നീളമുള്ള കത്തികൊണ്ടാണ് ആക്രമിച്ചതെന്നും പോലീസ് അറിയിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ലീയ്ക്ക് നേരെ ആക്രമണം നടന്നത്.

ലീയുടെ പേരെഴുതിയ തൊപ്പി ധരിച്ചെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഓട്ടോഗ്രാഫ് ചോദിച്ച് അടുത്തെത്തിയതിന് ശേഷം കത്തിയെടുത്ത് ലീയെ കുത്തി വീഴ്ത്തുകയായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുവെച്ചു തന്നെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

പുസാന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലീയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വേണ്ടി അദ്ദേഹത്തെ ഹെലികോപ്റ്റര്‍ മാര്‍ഗം സോളിലേക്ക് കൊണ്ടുപോയി.

ദക്ഷിണ കൊറിയയിലെ ജനകീയ നേതാക്കളില്‍ ഒരാളാണ് ലീ. നിര്‍ധന കുടുംബത്തില്‍ ജനിച്ച അദ്ദേഹം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോകാതെ ഫാക്ടറികളില്‍ ജോലിക്ക് പോയാണ് കുടുംബത്തെ സഹായിച്ചിരുന്നത്. പിന്നീട്, നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പൗരാവകാശ അഭിഭാഷകനായാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. മധ്യ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ അദ്ദേഹം, 2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യൂന്‍-സുക്-സോളുമായി നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. 2027ലെ തിരഞ്ഞെടുപ്പിലും ലീ മത്സര രംഗത്തുണ്ടാകുമെന്ന സൂചനകള്‍ പാര്‍ട്ടി നല്‍കിയിരുന്നു.

ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന എത്തി, കത്തിയെടുത്ത് കഴുത്തില്‍ കുത്തി; ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് നേരെ വധശ്രമം
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം; അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധന

ആക്രമണത്തെ അപലപിച്ച് പ്രസിഡന്റ് യൂന്‍-സുക്-സോള്‍ പ്രസ്താവനയിറക്കി. ലീയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസിഡന്റ് നിര്‍ദേശം നല്‍കി.

സ്യോങ്‌നാം മേയര്‍ ആയിരുന്ന സമയത്ത് വികസന പദ്ധതിക്ക് വേണ്ടി കൈക്കൂലി വാങ്ങിയ കേസില്‍ ലീ വിചാരണ നേരിടുകയാണ്. തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശന നിയന്ത്രണമുള്ള ദക്ഷിണ കൊറിയയില്‍, ക്രിമിനല്‍ കേസുകള്‍ പൊതുവേ കുറവാണ്. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും നേതാക്കള്‍ക്ക് എതിരെയുള്ള ആക്രണങ്ങളും പതിവാണ്. 2006-ല്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍-ഹെയ്ക്ക് നേരെ കത്തികൊണ്ട് ആക്രമണം നടന്നിരുന്നു.

logo
The Fourth
www.thefourthnews.in