ഫാസിസം ഓർമയില്‍ നിന്ന് തുടച്ചുമാറ്റാൻ സ്‌പെയിൻ; ഏകാധിപത്യത്തെ പിന്തുണച്ച നേതാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ മാറ്റും

ഫാസിസം ഓർമയില്‍ നിന്ന് തുടച്ചുമാറ്റാൻ സ്‌പെയിൻ; ഏകാധിപത്യത്തെ പിന്തുണച്ച നേതാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ മാറ്റും

സാൻ ഇസിഡ്രോ ശ്മശാനത്തിലേക്കാണ് ഹോസെ അന്റോണിയോയുടെ മൃതദേഹാവശിഷ്ടം മാറ്റുക

സ്പെയിനിൽ നിന്നും ഫാസിസം തുടച്ചു നീക്കാനൊരുങ്ങി ഭരണകൂടം. ഇതിന്റെ ഭാഗമായി ഫാഷിസ്റ്റ് നേതാവും ഫാഷിസ്റ്റ് ഫാലാൻഗെ മൂവ്മെന്‍റിന്‍റെ സ്ഥാപകനുമായ ഹോസെ അന്റോണിയോ പ്രിമോ ഡി റിവേരയുടെ ശരീരാവശിഷ്ടങ്ങൾ കുഴിമാടത്തിൽ നിന്നും പുറത്തെടുത്ത് മാറ്റി സംസ്കരിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം.

മാഡ്രിഡ് നഗരത്തിന് പുറത്ത് മുൻ ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിച്ച കൂറ്റൻ ശവക്കല്ലറയിലാണ് ഹോസെ അന്റോണിയോയുടെ മൃതദേഹം അടക്കിയിരുന്നത്. ഫാളൻ താഴ്വരയിലെ ബസലിക്കയോടു ചേർന്നാണ് ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും സാൻ ഇസിഡ്രോ ശ്മശാനത്തിലേക്കാകും ഹോസെ അന്റോണിയോയുടെ മൃതദേഹവശിഷ്ടം മാറ്റുക.1936-39 കാലഘട്ടത്തിൽ കൊല്ലപ്പെട്ട 5,00,000 ആളുകളുടെ സ്മാരകമായി ഫ്രാങ്കോ നിർമ്മിച്ച ഫാളൻ സമുച്ചയത്തിന്റെ താഴ്വരയെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഫാസിസ്റ്റ് ആഭ്യന്തരയുദ്ധത്തിന്റെ വിജയം ആഘോഷിക്കുന്നതും ഫ്രാങ്കോയുടെ ഏകാധിപത്യത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് പൂർണമായും തടയാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുനഃസംസ്കാരം

2019ൽ ഫ്രാങ്കോയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റിയിരുന്നു. ഈ നീക്കം തീവ്ര വലതുപക്ഷ പ്രവർത്തകരെ ചൊടിപ്പിച്ചു. ഫ്രാങ്കോയുടെ അനുയായികൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ തുടർച്ചയായിട്ടാണ് ഫാസിസ്റ്റ് നേതാവ് ഹോസെ അന്റോണിയെയുടെ അവശിഷ്ടങ്ങളും മാറ്റുന്നത്. ഫാസിസ്റ്റ് ആഭ്യന്തരയുദ്ധത്തിന്റെ വിജയം ആഘോഷിക്കുന്നതും ഫ്രാങ്കോയുടെ ഏകാധിപത്യത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് പൂർണമായും തടയാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുനഃസംസ്കാരം. അതേസമയം സ്വേച്ഛാധിപത്യത്തെ ആഘോഷിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ആദരിക്കുകയോ പ്രകീർത്തിക്കുകയോ ചെയ്യരുതെന്നും മന്ത്രി ഫെലിക്‌സ് ബൊലനോസ് മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാങ്കോ ഭരണകൂടത്തിന്റെ ഇരകളായ 34,000 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്യുകയായിരുന്നു. ബന്ധുക്കൾ പലരും ഇപ്പോള്‍ അവരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ്

സ്​പെയിൻ ഏകാധിപതിയായിരുന്ന ജനറൽ ഫ്രാൻസിസ്കോ ഫ്രാ​ങ്കോ 1939ൽ അധികാരത്തില്‍ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രിമോ ഡി റിവേര. 1936-1939 കാലഘട്ടത്തിൽ നടന്ന സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലൂടെയായിരുന്നു ഫ്രാങ്കോയെ അധികാരത്തിലെത്തിച്ചത്. അതിന് ചുക്കാൻ പിടിച്ചത് ഡി റിവേരയായിരുന്നു. ഇതോടെ അഞ്ചാം തവണയാണ് റിവേരയുടെ മൃതദേഹം പുറത്തെടുക്കുന്നത്. ഫ്രാങ്കോ ഭരണകൂടത്തിന്റെ ഇരകളായ 34,000 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്യുകയായിരുന്നു. ബന്ധുക്കൾ പലരും ഇപ്പോള്‍ അവരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ്. എന്നാൽ ഫാഷിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങൾ മാറ്റുന്നതോടെ ശവകുടീരം നിലനിന്ന സ്ഥലം സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകമായി മാറ്റും.

1936 നവംബറിൽ അലികാന്റെയിൽ വെച്ച് റിപ്പബ്ലിക്കൻ ഫയറിംഗ് സ്ക്വാഡ് പ്രിമോ ഡി റിവേരയെ വധിക്കുകയായിരുന്നു. 1923-1930 കാലഘട്ടത്തിൽ സ്പെയിൻ ഭരിച്ചിരുന്ന സ്വേച്ഛാധിപതി മിഗ്വൽ പ്രിമോ ഡി റിവേരയുടെ മകനാണ് പ്രിമോ ഡി റിവേര. അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടെ ശവകുടീരങ്ങൾക്ക് സമീപത്തേക്കാണ് മാറ്റുന്നത്.

logo
The Fourth
www.thefourthnews.in