ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: സ്പെയിനിൽ യുവാവ് അറസ്റ്റിൽ

ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: സ്പെയിനിൽ യുവാവ് അറസ്റ്റിൽ

നേരത്തെ വനിതാ ഫുട്ബോൾ ലോകകപ്പിനിടെയുണ്ടായ ലൈംഗികാരോപണം സ്പെയിനിൽ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു

സ്പെയിനിൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ. ഇസ ബലാഡോ എന്ന മാധ്യമപ്രവർത്തകയെ ജോലിക്കിടെ കടന്നുപിടിച്ച യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 12ന് മാഡ്രിഡിലുണ്ടായ വൻ കവർച്ച റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ക്യാമറയിൽ നോക്കി സംസാരിക്കുന്ന മാധ്യമപ്രവർത്തകയുടെ പിന്നിൽ നിന്ന് നടന്നുവന്ന യുവാവ് അവരെ അനുമതിയില്ലാതെ സ്പർശിക്കുകയായിരുന്നു.

സ്പെയിനിലെ പ്രാദേശിക ചാനലായ ചാനൽ ക്യുട്രോയിലെ റിപ്പോർട്ടറാണ് ഇസ ബലാഡോ. ലൈവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ പിന്നിൽനിന്ന് വരുന്നതും ഇസയെ സ്പർശിക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്ന് അസ്വസ്ഥയായെങ്കിലും തത്സമയ റിപ്പോർട്ടിങ്ങാണെന്ന കാരണത്താൽ ഇസ ജോലി തുടരുകയായിരുന്നു. ഇതോടെ അവതാരകൻ നാച്ചോ അബാദ് ഇടപെട്ട് യുവാവ് മോശമായി പെരുമാറിയതിനെക്കുറിച്ച് ഇസയോട് ചോദിച്ചു " ഇസ, തടസപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു, അനുമതിയില്ലാതെ അയാൾ നിങ്ങളെ സ്പർശിച്ചോ?" എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈസമയത്തും യുവാവ് ഇസയ്ക്ക് സമീപം തന്നെ നിന്നിരുന്നു.

അവതാരകന്റെ നിർദേശപ്രകാരം ഇസ യുവാവിനോട് എന്തിനാണ് സ്പർശിച്ചതെന്ന് ചോദിച്ചെങ്കിലും അയാൾ ആരോപണം നിഷേധിച്ചു. പോകുമ്പോൾ യുവാവ് മാധ്യമപ്രവർത്തകയുടെ മുടിയിൽ തലോടാൻ ശ്രമിക്കുന്നതും അവർ ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളിൽകാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതതോടെയാണ് സ്പെയിൻ പോലീസ് വിഷയത്തിൽ ഇടപെട്ട് യുവാവിനെ അറസ്റ്റ് ചെയ്തത്.

സ്പെയിൻ തൊഴിൽ മന്ത്രി യോലാൻഡ ഡയസ് അടക്കമുള്ളവരും അതിക്രമത്തെ അപലപിച്ചു. " പുരുഷന്മാർ കൊണ്ടുനടക്കുന്ന അഹങ്കാരമാണ് മാധ്യമപ്രവർത്തക ഇന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തിന് കാരണം. ക്യാമറയുണ്ടെന്ന് ധാരണയുണ്ടായിട്ടും അക്രമി പശ്ചാത്തപിക്കുന്നില്ല.” യോലാൻഡ ഡയസ് എക്സിൽ കുറിച്ചു.

കഴിഞ്ഞ മാസം നടന്ന വനിതാ ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷവേളയിൽ സ്‌പെയിൻ ഫുട്‌ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ഒരു ദേശീയ ടീം താരത്തിന്റെ ചുണ്ടിൽ ചുംബിച്ചത് രാജ്യത്ത് വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് ലൂയിസ് റൂബിയാലെസ് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി സ്ഥാനത്ത് നിന്ന് രാജി വച്ചത്.

logo
The Fourth
www.thefourthnews.in