ടോക് മക്കാക്ക് കുരങ്ങുകള്‍ ലങ്ക ചാടില്ല; ചൈനയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് ശ്രീലങ്ക

ടോക് മക്കാക്ക് കുരങ്ങുകള്‍ ലങ്ക ചാടില്ല; ചൈനയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് ശ്രീലങ്ക

മൃഗശാലകളിലേക്കെന്ന് പറഞ്ഞ് കുരങ്ങുകളെ ലാബുകളിലേക്കായിരിക്കും കൊണ്ടുപോകുകയെന്ന് ചൂണ്ടിക്കാട്ടിയുള്ള മൃഗസംരക്ഷണ സമിതിയുടെ ഹര്‍ജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്

വംശനാശഭീഷണി നേരിടുന്ന ഒരു ലക്ഷം ടോക് മക്കാക്ക് കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതി ഉപേക്ഷിച്ച് ശ്രീലങ്ക. ചൈനീസ് സ്വകാര്യ കമ്പനിയുടെ നിര്‍ദ്ദേശത്തെത്തുടർന്നുള്ള പദ്ധതി ഉപേക്ഷിച്ചതായി വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ശ്രീലങ്ക അറിയിച്ചു.

ടോക് മക്കാക്ക് കുരങ്ങുകളെ ചൈനയിലെ മൃഗശാലകളിലേക്ക് അയയ്ക്കാനായിരുന്നു നീക്കം. എന്നാൽ കുരങ്ങുകളെ മൃഗശാലകള്‍ക്ക് പകരം ലാബുകളിലേക്കായിരിക്കും ചൈന കൊണ്ടുപോകുകയെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സംഘടന കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച വിഷയം പരിഗണിച്ചപ്പോള്‍, ചൈനയിലേക്ക് കുരങ്ങുകളെ കയറ്റുമതി ചെയ്യില്ലെന്ന് ശ്രീലങ്കൻ വന്യജീവി സംരക്ഷണ വകുപ്പ് ഉറപ്പുനല്‍കിയതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുകയായിരുന്നു. ജൂലൈ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചേര്‍ പുറത്തുവിട്ട കണക്കനുസരിച്ച് വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗത്തില്‍പ്പെട്ടവയാണ് ടോക്ക് മക്കാക്ക് കുരങ്ങുകള്‍. മൃഗങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള വസ്തുക്കളല്ലെന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) വ്യക്തമാക്കിയത്.

രാജ്യത്തെ 1000 മൃഗശാലകളില്‍ വളര്‍ത്താനായി മക്കോക്ക് കുരങ്ങന്‍മാരെ വേണമെന്നാണ് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടത്. ഏകദേശം 10,0000 കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുമെന്നായിരുന്നു ശ്രീലങ്ക കൃഷി മന്ത്രി മഹിന്ദ്ര അമരവീര വ്യക്തമാക്കിയത്. ശ്രീലങ്കയില്‍ ഈയിനം കുരങ്ങുകളുടെ എണ്ണം കൂടുതലാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കുരങ്ങുകള്‍ കൃഷിയിടങ്ങളില്‍ കയറി വിളകള്‍ നശിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം പരിഗണനയില്‍ വച്ചത്.

ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറമുള്ള കുരങ്ങുകളാണ് ടോക് മക്കാക്ക്. ശ്രീലങ്കയില്‍ ഇവ റിലാവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോണ്‍സ്, ഒപിസ്‌തോമേലസ് എന്നീ ഇനം കുരങ്ങന്‍മാരുമുണ്ട്.

logo
The Fourth
www.thefourthnews.in