ലങ്കയുടെ പ്രധാനമന്ത്രിയായി പ്രസിഡന്റിന്റെ സഹപാഠി; ആരാണ്‌
ദിനേശ് ഗുണവർധന?

ലങ്കയുടെ പ്രധാനമന്ത്രിയായി പ്രസിഡന്റിന്റെ സഹപാഠി; ആരാണ്‌ ദിനേശ് ഗുണവർധന?

ജനകീയ സമരത്തെ തുടർന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വിശ്വസ്തനാണ്.

ശ്രീലങ്കന്‍ രാഷ്ട്രീയത്തിന് ദിനേശ് ചന്ദ്ര രൂപാസിംഗെ ഗുണവര്‍ധനയെന്ന പേര് പുതിയതല്ല. സിംഹള രാഷ്ട്രീയത്തിലെ അതികായനായ നേതാവ്. 22 വർഷക്കാലമായി ക്യാബിനറ്റിലെ പ്രബല സാന്നിധ്യം. പാര്‍ലമെന്‍റ് അംഗം, ക്യാബിനറ്റ് അംഗം, ശ്രീലങ്കന്‍ പാര്‍ലമെന്‍റ് ഹൗസ് ലീഡര്‍ തുടങ്ങിയ പദവികള്‍ ദിനേശ് ഗുണവർധന വഹിച്ചിട്ടുണ്ട്. 1959ല്‍ സ്ഥാപിതമായ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ മഹാജന എക്സാത് പെരമുന (പീപിള്‍സ് യുണൈറ്റഡ് ഫ്രണ്ട്)യുടെ നേതാവായ അദ്ദേഹത്തിന് പാർലമെന്റിലും വലിയ പിന്തുണയാണുള്ളത്. ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് വാദിക്കുന്നവരില്‍ പ്രധാനിയാണ് ഗുണവർധന.

ജനകീയ സമരത്തെ തുടർന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വിശ്വസ്തനാണ് അദ്ദേഹം. കഴിഞ്ഞ മഹിന്ദ രാജപക്‌സെയുടെ സർക്കാരിൽ വിദ്യാഭ്യാസവും വിദേശകാര്യവും കൈകാര്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ 2022 ഏപ്രിൽ 18ന് മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു.

1970കളിലാണ് ഗുണവർധന രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1973 ഓഗസ്റ്റിൽ മഹാജന എക്സാത് പെരമുനയുടെ (എംഇപി) കേന്ദ്ര കമ്മിറ്റിയിലേക്ക് ഗുണവർധന തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ എംഇപിയുടെ ജനറൽ സെക്രട്ടറിയായി., റോയൽ കോളേജ് ഓഫ് കൊളമ്പോയിലെ വിക്രമസിംഗെയുടെ സഹപാഠിയുമായിരുന്നു. മൈത്രിപാല സിരിസേനയുടെയും റനിൽ വിക്രമസിംഗെയുടെയും ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഗുണവർധന.

73 കാരനായ ഗുണവർധന പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. അമേരിക്ക, നെതർലൻഡ്സിൽ എന്നിവിടങ്ങളിൽ നിന്നുമാണ് ദിനേശ് ഗുണവർധന വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ട്രേഡ് യൂണിയൻ നേതാവായ അദ്ദേഹം, ശ്രീലങ്കയിലെ സോഷ്യലിസത്തിന്റെ പിതാവെന്നറിയപെടുന്ന ഫിലിപ്പ് ഗുണവർധനയുടെ മകനാണ്. ഫിലിപ്പ് ഗുണവർധനയുടെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ പോരാട്ടങ്ങൾ 1920 കളുടെ തുടക്കത്തിൽ യുഎസ്എയിൽ നിന്നാണ് ആരംഭിക്കുന്നത്.

വസ്കോൺസിൻ സർവകലാശാലയിൽ ജയപ്രകാശ് നാരായണന്റെയും വി കെ കൃഷ്ണമേനോന്റെയും സഹപാഠിയായിരുന്നു അദ്ദേഹം ലണ്ടനിലെ ആന്റി-ഇമ്പീരിയലിസ്റ്റ് ലീഗ് ഓഫ് ഇന്ത്യയെ നയിച്ചതും ഫിലിപ്പ് ഗുണവർധനയായിരുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് ശ്രീലങ്കയിൽ നിന്ന് (അന്നത്തെ സിലോൺ) ദിനേശ് ഗുണവർധനയുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in