സുവെല്ല ബ്രെവർമാൻ
സുവെല്ല ബ്രെവർമാൻ

ബ്രിട്ടൻ: ലിസ് ട്രസ് മന്ത്രിയസഭയിൽ നിന്ന് ആഭ്യന്തര മന്ത്രി സുവെല്ല ബ്രെവർമാൻ രാജിവെച്ചു

ഒരാഴ്ചയ്ക്കിടെ ക്യാബിനറ്റിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെയാളാണ് ബ്രെവർമാൻ

ബ്രിട്ടനിലെ ലിസ് ട്രസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രെവർമാൻ രാജി വെച്ചു. തന്‍റെ സ്വകാര്യ മെയിലിൽ നിന്ന് പാർലമെന്ററി സഹപ്രവർത്തകന് ഒരു ഔദ്യോഗിക രേഖ അയച്ചിരുന്നു. അത് നിയമലംഘനമാണെന്നും അതിനാൽ രാജി വെയ്ക്കുകയാണെന്നുമാണ് ബ്രെവർമാൻ വ്യക്തമാക്കിയിട്ടുള്ളത്. രാജിക്കത്തില്‍ ലിസ് ട്രസിന്റെ ഭരണത്തിലുള്ള അതൃപ്തിയും ബ്രെവർമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ട്രസിന്റെ പ്രധാനമന്ത്രി പദത്തെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് പുതിയ സംഭവം. ഒരാഴ്ചയ്ക്കിടെ ക്യാബിനറ്റിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെയാളാണ് ബ്രെവർമാൻ.

ചെയ്ത തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുന്നതും പ്രശ്നങ്ങളെല്ലാം തനിയെ ശരിയാകുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്നതും ശരിയായ രാഷ്ട്രീയമല്ലെന്ന് ബ്രെവർമാൻ രാജി കത്തിൽ പറയുന്നു. രാജ്യം ഒരു മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. സർക്കാരിന്റെ മുന്നോട്ട് പോക്കിൽ എനിക്ക് ആശങ്കകളുണ്ട്. വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിലെ സർക്കാരിന്റെ പ്രതിബദ്ധതയിൽ ആശങ്കയുണ്ടെന്നും ബ്രെവർമാൻ പറയുന്നു.

യു കെ വിപണിയെ തകർച്ചയിലേക്ക് തള്ളി വിട്ട സാമ്പത്തിക നയത്തിന്റെ പേരിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങ്ങിനെ കഴിഞ്ഞ ആഴ്ചയാണ് ലിസ് ട്രസ് പുറത്താക്കിയത്. ഇതിന് പിന്നാലെയുണ്ടായിരിക്കുന്ന ബ്രെവർമാന്റെ രാജി ട്രസിന്റെ ഭരണത്തിനേറ്റ കനത്ത ആഘാതമാണ്. ട്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കോർപ്പറേറ്റ് നികുതി വെട്ടികുറയ്ക്കുന്ന നയത്തിൽ നിന്ന് പിന്നോക്കം പോയതിനെ തുറന്ന് എതിർത്തവരില്‍ ഒരാളായിരുന്നു ബ്രെവർമാൻ.

കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഋഷി സുനക്കിനെ ശക്തമായി പിന്തുണച്ച മുൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, ബ്രെവർമാന് പകരക്കാരനായി എത്തിയേക്കുമെന്നാണ് സൂചന. കൺസർവേറ്റീവ് പാർട്ടിയിലെ വലിയൊരു വിഭാഗത്തെ കൂടെ നിർത്താനുള്ള ട്രസിന്റെ നീക്കമായിട്ടാണ് ഷാപ്‌സിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in