പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കറാച്ചി ആക്രമണത്തിന് പിന്നാലെ പാകിസ്താനിൽ നിന്ന് സ്ത്രീ ചാവേറിനെ പിടികൂടി

ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടത് തീവ്രവാദ സംഘടനയായ ബലൂച്ച് ലിബറേഷന്‍ ഫ്രണ്ട്

പാക്കിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി ഞായറാഴ്ച പോലീസ് അറിയിച്ചു. ശനിയാഴ്ച ക്വറ്റയിലെ സാറ്റ്ലൈറ്റ് ടൗണില്‍ വച്ചാണ് ഇവരെ പിടികൂടിയത്. സ്ത്രീയുടെ പേര് മഹ്ബല്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബലൂചിസ്ഥാന്‍ പോലീസിലെ തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്വറ്റയിലെ സുപ്രധാനമേഖലയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനായി തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ഫ്രണ്ട് ചാവേറിനെ അയക്കുന്നുണ്ടെന്ന് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് മുതല്‍ അഞ്ച് കിലോഗ്രാം ഭാരം വരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ ജാക്കറ്റ് പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയതായും തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.

'തീവ്രവാദ സംഘടനയായ ബലോച്ച് ലിബറേഷന്‍ ഫ്രണ്ടിനെതിരെ (പാക്) രഹസ്യന്വേഷണ ഏജന്‍സിയും CTD യും നടത്തിയ ഓപ്പറേഷനിലാണ് ക്വറ്റയിലെ സാറ്റ്‌ലൈറ്റ് ടൗണിന് സമീപമുള്ള പാര്‍ക്കില്‍ നിന്ന് സ്ത്രീയെ അറസ്റ്റ് ചെയ്തത്' തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കറാച്ചി പോലീസ് ആസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പായ തെഹരീക്ക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും ചാവേറിനെ പിടികൂടിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തിലെ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.സുരക്ഷാസേന തീവ്രവാദികളെ കൊന്നശേഷം പോലീസുകാരുടെയും പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കറാച്ചിയിൽ ഒരു സ്ത്രീ ചാവേറാക്രമണം നടത്തിയിരുന്നു.ബലൂചിസ്ഥാന്‍ നാഷണല്‍ ആര്‍മിയുമായി ബന്ധമുള്ള സ്ത്രീ കറാച്ചി സര്‍വകലാശാലയുടെ കണ്‍ഫ്യഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന കവാടത്തില്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് ചൈനീസ് അധ്യാപകരും അവരുടെ പാക്കിസ്താനി ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in