തായ്‌വാനിൽ വൻ  ഭൂചലനം; 4 മരണം, 60 പേർക്ക് പരുക്ക്

തായ്‌വാനിൽ വൻ ഭൂചലനം; 4 മരണം, 60 പേർക്ക് പരുക്ക്

1999ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്

തായ്‌വാനിൽ വൻ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് മരണം. 60 പേർക്ക് പരുക്കേല്‍ക്കുകയും തായ്‌വാൻ തലസ്ഥാന നഗരമായ തായ്പേയിൽ കെട്ടിടങ്ങൾ തകരുകയും ചെയ്തു. 1999ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസിലും ജപ്പാന്റെ തെക്കൻ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാനിലെ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു. തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ പ്രകാരം, രാവിലെ 7.58 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. തായ്‌വാന്റെ കിഴക്കൻ മേഖലയിലെ ഹുവലിയനിൽനിന്ന് 25 കിലോമീറ്റർ തെക്കുകിഴക്ക് 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 25 വർഷത്തിനിടെ ദ്വീപിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് തായ്‌വാൻ മാധ്യമങ്ങൾ അറിയിച്ചു.

ഭൂചലനത്തിൽ തായ്‌വാനിലെ ഹുവാലിയൻ നഗരത്തിൽ കെട്ടിടങ്ങൾ തകർന്നു. രാജ്യത്തുടനീളം ട്രെയിൻ സർവീസുകളും നിർത്തിവച്ചു. സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും വേണമെങ്കിൽ ക്ലാസുകളും ജോലികളും റദ്ദാക്കാനുള്ള അധികാരവും സർക്കാർ നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ ഹുവാലിയനിലെ അഞ്ച് നില കെട്ടിടത്തിന്റെ ഒന്നാം നില ഭാഗികമായി തകരുകയും കെട്ടിടം 45 ഡിഗ്രി ചെരിയുകയും ചെയ്തു. ചെരിഞ്ഞ കെട്ടിടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒകിനാവയുടെ തെക്കൻ തീരപ്രദേശങ്ങളിലുള്ളവർ അവിടെനിന്ന് ഒഴിയണമെന്നും ഉയരം കൂടിയ മേഖലകളിലേക്ക് മാരനായും ജപ്പാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി പ്രവചിച്ചു.

logo
The Fourth
www.thefourthnews.in