പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാബൂളിൽ ആക്രമണം നടത്താൻ പദ്ധതി; രണ്ട് ഐഎസ് ഭീകരരെ വധിച്ച് താലിബാൻ

ഐഎസ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിനെയും കൊലപ്പെടുത്തിയതായി താലിബാൻ വ്യക്തമാക്കി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ സുരക്ഷാ സേന നടത്തിയ റെയ്ഡിൽ രണ്ട് ഐഎസ് ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായും താലിബാൻ സർക്കാ‌ർ വക്താവ് അറിയിച്ചു. കാബൂളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരരെയാണ് ഓപ്പറേഷനിലൂടെ വകവരുത്തിയതെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന ഓപ്പറേഷനിൽ പ്രാദേശിക ഐഎസ് ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യം വധിച്ചതായും പ്രസ്താവനയിൽ പറഞ്ഞു. കാബൂളിൽ റഷ്യ, പാകിസ്താൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഫത്തേഹ് പദ്ധതിയിട്ടതായാണ് റിപ്പോർട്ട്. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. താലിബാന്‍ സുരക്ഷാ സേനയിലെ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിലെ അനുബന്ധ സംഘടനയായ ഐഎസ്‌കെപി താലിബാനിന്റെ പ്രധാന എതിരാളിയാണ്. ഐഎസ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിനെയും കൊലപ്പെടുത്തിയതായി താലിബാൻ വ്യക്തമാക്കി. ശ്രീനഗറിൽ ജനിച്ച ഇയാൾക്ക് ഉസ്മാൻ അൽ കശ്മീരി എന്നും പേരുണ്ട്. 2020 മാർച്ചിൽ കാബൂളിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട മുഖ്യ സൂത്രധാരനാണ് അഹാംഹറെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇയാൾക്ക് അൽ ഖ്വായ്ദ അടക്കമുള്ള ഭീകരസംഘടനകളുമായും ബന്ധമുണ്ടായിരുന്നുവെന്നുമാണ് താലിബാന്റെ വാദം.

2021 ഓഗസ്റ്റിൽ താലിബാൻ രാജ്യം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരാക്രമണം വർധിച്ചിരിക്കുകയാണ്. ഞായറാഴ്ച പ്രദേശത്ത് രാത്രി ശക്തമായ വെടിവയ്പുണ്ടായതായി സമീപവാസികള്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന രണ്ട് മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ താലിബാന്‍ അധികൃതര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in