റഹീമുള്ള ഹഖാനി
റഹീമുള്ള ഹഖാനി

അഫ്ഗാനിസ്ഥാനിലെ മതപഠനശാലയിൽ ഐഎസ് ആക്രമണം; താലിബാൻ നേതാവ് കൊല്ലപ്പെട്ടു

നേരത്തെ രണ്ട് തവണ റഹീമുള്ള ഹഖാനിയെ കൊലപ്പെടുത്താന്‍ ഐ എസ് ശ്രമിച്ചിരുന്നു

അഫ്ഗാനിസ്ഥാനിൽ താലിബാനും ഐഎസും നേർക്കുനേർ. ഐ എസ് നടത്തിയ ബോംബ് ആക്രമണത്തില്‍ താലിബാന്‍ നേതാവ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. കൃത്രിമ കാലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കൊലപാതക വിവരം താലിബാന്‍ സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിലെ മതപഠനശാലയിലാണ് ആക്രമണം ഉണ്ടായത്. കാലില്ലാത്ത ഒരാളാണ് കൃത്രിമകാലിൽ ബോംബ് ഘടിപ്പിച്ച് മതപഠനശാലയിൽ അത് സ്ഥാപിച്ചതെന്നാണ് താലിബാൻ വിശദീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം താലിബാൻ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഐഎസ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

കടുത്ത വിമര്‍ശകനായിരുന്ന ഹഖാനിയെ ലക്ഷ്യമിട്ട് നേരത്തെയും ഐ എസ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2020-ല്‍ പാകിസ്ഥാനിലെ പെഷവാറില്‍ മതപാഠശാലയില്‍ നടന്ന സ്‌ഫോടനമായിരുന്നു അതിലൊന്ന്. ഏഴുപേരാണ് അന്നത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മറ്റൊരിക്കല്‍ അഫ്ഗാ‍നിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇസ്ലാമിക് സെമിനാരിയിലാണ് ഹഖാനിയെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന പ്രമുഖനാണ് റഹീമുള്ള ഹഖാനി. ഐ എസിന്റെ പ്രാദേശിക ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സിനെതിരായ പ്രസംഗങ്ങളാണ് ഹഖാനിയെ ശ്രദ്ധേയനാക്കിയത് .

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം വേണമെന്ന് വാദിച്ച ഹഖാനി സ്ത്രീ വിദ്യാഭ്യാസത്തെ പിന്തുണച്ച് ഫത്വ പുറപ്പെടുവിച്ചിരുന്നു. സ്ത്രീ വിദ്യാഭ്യാസം വിലക്കുന്നതിന് ശരീഅത്തില്‍ ഒരു ന്യായീകരണവുമില്ലെന്നായിരുന്നു റഹീമുള്ള ഹഖാനിയുടെ നിലപാട്.

logo
The Fourth
www.thefourthnews.in