രണ്ടര മണിക്കൂറിനുള്ളില്‍ 500 കി.മി, ബുള്ളറ്റ് ട്രെയിൻ പോലുള്ള സംവിധാനം ഇന്ത്യയിലും വേണം; ജപ്പാനിൽ നിന്ന് എംകെ സ്റ്റാലിൻ

രണ്ടര മണിക്കൂറിനുള്ളില്‍ 500 കി.മി, ബുള്ളറ്റ് ട്രെയിൻ പോലുള്ള സംവിധാനം ഇന്ത്യയിലും വേണം; ജപ്പാനിൽ നിന്ന് എംകെ സ്റ്റാലിൻ

ഒസാക്കയിൽ നിന്ന് തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയിനിൽ 500 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറു കൊണ്ടാണ് സ്റ്റാലിൻ നടത്തിയത്.

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന്റെ സവിശേഷതകള്‍ പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജപ്പാൻ സന്ദർശനത്തിനിടെ നടത്തിയ ബുള്ളറ്റ് ട്രെയിനിന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച എം കെ സ്റ്റാലിന്‍ ആധുനിക യാത്രാ സംവിധാനങ്ങള്‍ ഇന്ത്യയിലും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഒസാക്കയിൽ നിന്ന് തലസ്ഥാന നഗരമായ ടോക്കിയോയിലേക്കായിരുന്നു സ്റ്റാലിന്റെ ബുള്ളറ്റ് ട്രെയിന്‍ യാത്ര.

'ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നു. ഏകദേശം 500 കിലോമീറ്റർ ദൂരം രണ്ടര മണിക്കൂറിനുള്ളിൽ മറികടക്കാന്‍ കഴിയും' ജപ്പാനിലെ യാത്രയുടെ ചിത്രങ്ങൾക്കൊപ്പം സ്റ്റാലിൻ ട്വീറ്റ് ചെയ്തു. രൂപകൽപ്പനയിലും വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ ഒരു റെയിൽവേ സംവിധാനം നമ്മുടെ ഇന്ത്യയിലും വരണം. പാവപ്പെട്ടവരായ, ഇടത്തരക്കരായ ആളുകൾക്ക് അതുവഴി പ്രയോജനം ലഭിക്കുകയും അവരുടെ യാത്രകൾ എളുപ്പമാകുകയും ചെയ്യും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യാത്രയുടെ ഭാഗമായി ജപ്പാനിലെ ഒസാക്കയിലുള്ള മൈനിങ് ഉപകരണ നിര്‍മാണ കമ്പനിയായ കൊമത്സുവിന്റെ ഉത്പാദന കേന്ദ്രത്തിലും എം കെ സ്റ്റാലിൻ സന്ദർശനം നടത്തി. തമിഴ്നാട്ടിലുള്ള പ്ലാന്റ് കൊമത്സുവിന്റെ വിപുലീകരിക്കാൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി. 'മന്ത്രിയായിരിക്കെ തമിഴ്‌നാട്ടിൽ ഒരു ഫാക്ടറി ഞാൻ തുറന്നിരുന്നു. കൂടുതൽ നിക്ഷേപം നടത്തുന്നതിനായി കമ്പനിയെ വീണ്ടും ക്ഷണിച്ചിട്ടുണ്ട്' പ്ലാന്റ് സന്ദർശിച്ചതിന്റെ വീഡിയോ പങ്കു വച്ചു കൊണ്ട് സ്റ്റാലിൻ വ്യക്തമാക്കി.

ഒസാക്ക പ്രവിശ്യയുടെ വൈസ് ഗവർണർ നൊബുഹിക്കോ യമാഗുച്ചിയുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ഒസാക്ക കാസിൽ സന്ദർശനം നടത്തിയത്. തമിഴ്‌നാട്ടിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂരിലും ജപ്പാനിലും സ്റ്റാലിൻ നേരത്തെ ഔദ്യോഗിക യാത്ര നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in