സർജറിക്ക് ശേഷം രൂപമാറ്റം വരുത്തിയ പ്രതിയുടെ ചിത്രങ്ങള്‍
സർജറിക്ക് ശേഷം രൂപമാറ്റം വരുത്തിയ പ്രതിയുടെ ചിത്രങ്ങള്‍

പിടിക്കപ്പെടാതിരിക്കാന്‍ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം; തായ്‌ലൻഡിലെ മയക്കുമരുന്ന് മാഫിയ നേതാവ് അറസ്റ്റിൽ

പ്ലാസ്റ്റിക് സർജറിക്ക് വിധേയനായ ഇയാള്‍ കൊറിയന്‍ പൗരനെപോലെ രൂപമാറ്റം വരുത്തിയിരുന്നു

മയക്കുമരുന്ന് കടത്തിയശേഷം പിടിക്കപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് ഒളിവിൽ പോയ തായ്‌ലൻഡിലെ മയക്കുമരുന്ന് മാഫിയ നേതാവ് അറസ്റ്റിൽ. ബാങ്കോക്കിൽ ഒളിവിലായിരുന്ന സഹാറത് സവജങ്ങിനെയാണ് തായ്‌ലൻഡ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തായ്‌ലൻഡ് അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് കൊറിയന്‍കാരെപോലെ പ്ലാസ്റ്റിക് സർജറി ചെയ്ത് രൂപം മാറ്റിയ ഇയാളെ കണ്ടെത്തിയത്.

തായ് പൗരനും ബാങ്കോക്ക് നിവാസിയുമായ ഇരുപത്തിയഞ്ച് കാരനായ ഇയാൾ, സർജറിക്ക് ശേഷം ജിമിൻ സിയോങ്ങെന്ന പേരിലാണ് സിറ്റിയിൽ താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു. മുഖവും മുടിയുമുൾപ്പെടെ രൂപത്തിൽ അടിമുടി മാറ്റം വരുത്താൻ ഇയാൾ നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയമായതായാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോലീസ് പുറത്തുവിട്ട സർജറിക്ക് മുൻപും ശേഷവുമുള്ള ഇയാളുടെ ചിത്രങ്ങളിൽ നാടകീയമായ മാറ്റമാണ് കാണുന്നത്. ഇരുരൂപങ്ങളും തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും പോലീസ് പറഞ്ഞു.

മുഖവും മുടിയുമുൾപ്പെടെ രൂപത്തിൽ അടിമുടി മാറ്റം വരുത്താൻ ഇയാൾ നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയമായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

തായ്ലന്‍ഡ് പോലീസ് നടത്തിയ പരിശോധനയില്‍ നിന്ന്
തായ്ലന്‍ഡ് പോലീസ് നടത്തിയ പരിശോധനയില്‍ നിന്ന്

എക്സ്റ്റസി അല്ലെങ്കിൽ മോളി എന്നറിയപ്പെടുന്ന 2,500 ഗ്രാമിലധികം വരുന്ന 290 എംഡിഎംഎ ഗുളികകള്‍ തായ്‌ലൻഡിലേക്ക് ഇറക്കുമതി ചെയ്തതിന് സഹാറത്ത് കഴിഞ്ഞ വർഷം മുതൽ പിടികിട്ടാ പുള്ളികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ബാങ്കോക്കിലും തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ നേതാവ് ഇയാളാണെന്നും പോലീസ് പ്രസ്താവനയിൽ പറയുന്നു. സിറ്റിയില്‍ താമസിക്കുന്ന ഒരു കൊറിയന്‍ പൗരനാണ് മയക്കുമരുന്നിൻ്റെ പ്രധാന ഡീലറെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഡാർക്ക് വെബില്‍ നിന്ന് മയക്കുമരുന്ന് ശേഖരിക്കുകയും അവ ബിറ്റ് കോയിന്‍ ഉപയോഗിച്ച് വില്പന നടത്തുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചു.

പൊതു ഇടങ്ങളിലുൾപ്പെടെ മയക്കുമരുന്നിൻ്റെ ഉപയോഗം വ്യാപിപ്പിച്ചതിലൂടെ ഇയാൾ ദേശ സുരക്ഷയ്ക്കും പൊതു ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പോലീസ് പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങളെപ്പോലെ തായ്‌ലൻഡിലും മയക്കുമരുന്ന് ഉപയോഗം നിയമവിരുദ്ധമാണ്. എങ്കിലും സമീപ വർഷങ്ങളായി നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. 2017 ലെ ഒരു പ്രധാന നിയമ ഭേദഗതിയിലൂടെ മയക്കുമരുന്ന് വിൽക്കുന്നതിനുള്ള പരമാവധി ശിക്ഷ വധശിക്ഷയിൽ നിന്ന് ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. കഞ്ചാവ് കഫേകളും കടകളും രാജ്യത്തുടനീളം അതിവേഗം വ്യാപിച്ചതോടെ, കഴിഞ്ഞ വർഷം കഞ്ചാവ് കുറ്റകരമല്ലാതാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്‌ലൻഡ് മാറി.

logo
The Fourth
www.thefourthnews.in