'മുത്തുരാജയ്ക്ക് അവഗണനയും പീഡനവും'; ലങ്കയ്ക്ക് സമ്മാനമായി നല്‍കിയ കൊമ്പനെ
മടക്കി വാങ്ങി തായ്‌ലൻഡ്

'മുത്തുരാജയ്ക്ക് അവഗണനയും പീഡനവും'; ലങ്കയ്ക്ക് സമ്മാനമായി നല്‍കിയ കൊമ്പനെ മടക്കി വാങ്ങി തായ്‌ലൻഡ്

കൊളംബോ വിമാനത്താവളത്തിൽ നിന്നു പ്രത്യേക വിമാനത്തിലാണ് ആനയെ തായ്‌ലൻഡിലേയ്ക്ക് മടക്കി അയച്ചത്.

ഇരുപത് വർഷം മുൻപ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച മുത്തുരാജയെന്ന ആനയെ മടക്കി വാങ്ങി തായ്‌ലൻഡ്. ആനയ്ക്കു മതിയായ പരിചരണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് തായ്‌ലന്‍ഡിന്റെ നടപടി. ഇതിനെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ നിന്നു പ്രത്യേക വിമാനത്തിലാണ് ആനയെ തായ്‌ലൻഡിലേയ്ക്ക് മടക്കി അയച്ചത്. പ്രത്യേകം രൂപകല്പന ചെയ്ത സ്റ്റീൽ കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു മുത്തുരാജയുടെ വിമാനയാത്ര. യാത്രയ്ക്കിടെ ആനയുടെ ആരോഗ്യം നിരീക്ഷിക്കാൻ രണ്ട് സിസിടിവി ക്യാമറകളും സജ്ജീകരിച്ചിരുന്നു.

2001ലാണ് സാക് സരിൻ എന്നും പേരുള്ള മുത്തുരാജയെന്ന കൊമ്പനെ തായ്‌ലൻഡ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. ശ്രീലങ്കയുടെ തെക്ക് ഭാഗത്തുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ വച്ച് ആനയ്ക്ക് പീഡനം നേരിടേണ്ടി വന്നെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ആനയെ മടക്കി അയക്കണമെന്ന് തായ്‌ലൻഡ് ആവശ്യപ്പെട്ടിരുന്നു. ആനയുടെ ശരീരത്തിൽ കണ്ട മുറിവുകളും പഴുപ്പുകളും പാപ്പാന്മാരുടെ ഉപദ്രവം കാരണം ഉണ്ടായതാണെന്നും, കൂപ്പില്‍ തടിപിടിക്കാന്‍ മുത്തുരാജയെ ഉപയോഗിച്ചുവെന്നും മൃഗസംരക്ഷണ സംഘടനകൾ ആരോപിച്ചിരുന്നു.

ആനയെ മടക്കിയെത്തിക്കാന്‍ ഏകദേശം 700,000 ഡോളർ ചെലവായതായി തായ്‌ലൻഡ് അധികൃതർ പറഞ്ഞു. മടങ്ങിയെത്തുന്ന ആനയെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം. ആനയെ തായ്‌ലൻഡിൽ തിരിച്ചെത്തിച്ച ശേഷം ഇടതുകാലിലെ മുറിവ് ഭേദമാക്കുന്നതിന്റെ ഭാഗമായി ജലചികിത്സയ്ക്ക് വിധേയമാക്കുമെന്ന് ദെഹിവാല മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോക്ടർ മധുഷ പെരേര പറഞ്ഞു. അതേസമയം ശ്രീലങ്കയിലെ ഒരു ദേശീയവാദി സംഘം ആനയെ ആറ് മാസം കൂടി ശ്രീലങ്കയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ തായ് എംബസിക്ക് പുറത്ത് പ്രകടനം നടത്തി.

logo
The Fourth
www.thefourthnews.in