മുഖത്ത് ബൂട്ടിട്ട് ചവിട്ടി, കണ്ണില്‍ കുരുമുളക് സ്‌പ്രേ പ്രയോഗം: ടയര്‍ നിക്കോള്‍സ് നേരിട്ടത് ക്രൂര പീഡനം

മുഖത്ത് ബൂട്ടിട്ട് ചവിട്ടി, കണ്ണില്‍ കുരുമുളക് സ്‌പ്രേ പ്രയോഗം: ടയര്‍ നിക്കോള്‍സ് നേരിട്ടത് ക്രൂര പീഡനം

നിക്കോള്‍സിനെ മര്‍ദിച്ച പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്
Updated on
1 min read

അമേരിക്കയിലെ ടെന്നിസിയില്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ ടയര്‍ നിക്കോള്‍സിനെ മര്‍ദിക്കുന്ന വീഡിയോ പുറത്ത് വിട്ടു. 29 കാരനായ ടയര്‍ നിക്കോള്‍സനെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോ ഫൂട്ടേജിലുള്ളത്. കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരേയും കൊലപാതകക്കുറ്റം ചുമത്തി പുറത്താക്കിയതിന് പിന്നാലെയാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

നിക്കോള്‍സിനെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വലിച്ച് പുറത്തേക്കിടുന്നുണ്ട്. തുടര്‍ന്ന് കമിഴ്ന്ന് കിടക്കാന്‍ നിര്‍ദേശിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് വ്യത്യസ്ത വീഡിയോ ഫൂട്ടേജുകളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിക്കോള്‍സിനെ മര്‍ദിക്കുന്നത് ആദ്യ ഫുട്ടേജില്‍ വ്യക്തമാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവയ്ക്കുകയും മൂന്നുപേര്‍ മര്‍ദിക്കുന്നതുമാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. കുരുമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ച് നിലത്തിട്ട് ചവിട്ടുന്നതാണ് മറ്റൊരു ദൃശ്യം. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന നിക്കോള്‍സിന്റെ മുഖത്തേയ്ക്ക് വീണ്ടും കുരുമുളക് സ്പ്രേ ചെയ്യുകയും തുടരെ മര്‍ദിക്കുന്നതും കാണാം. പോലീസുകാര്‍ ചേര്‍ന്ന് നിക്കോള്‍സന്റെ മുഖത്തേയ്ക്ക് ചവിട്ടുന്നുമുണ്ട്. രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്ന നിക്കോള്‍സിനെ പിന്തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

ജനുവരി ആദ്യമാണ് നിക്കോള്‍സിന് അമേരിക്കന്‍ പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. ജനുവരി 10ന് അദ്ദേഹം മരിച്ചു. ഇതോടെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുയര്‍ന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അന്ന് മുതല്‍ പ്രതിഷേധം ശക്തമാകുകയാണ്. പോലീസുകാര്‍ക്കെതിരായ നടപടിയോടെ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്ന കണക്കുകൂട്ടലിനിടെയാണ് ഇപ്പോള്‍ ക്രൂരതയുടെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്.

കഴിഞ്ഞ ദിവസം നിക്കോള്‍സിന്റെ മാതാപിതാക്കളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.10 മിനിറ്റ് അദ്ദേഹം ഇരുവരോടും സംസാരിച്ചു. വികാര നിര്‍ഭരമായിരുന്നു നിക്കോള്‍സന്റെ അമ്മയും ബൈഡനും തമ്മിലുള്ള സംഭാഷണം. മകന്റെ കയ്യില്‍ തന്റെ പേര് പച്ചകുത്തിയിരുന്നെന്ന് അവര്‍ പ്രസിഡന്റിനോട് പറഞ്ഞു. അതുകൊണ്ടാണ് മാതൃത്വം മനോഹരമാവുന്നതെന്നായിരുന്നു ബൈഡന്റെ മറുപടി.

ടയര്‍ നിക്കോള്‍സിന്റെ മരണത്തില്‍ മെംഫിസിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു. ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പോലീസുകാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ടഡാരിയസ് ബീന്‍, ഡെമിട്രിയസ് ഹേലി, ഡെസ്മണ്ട് മില്‍സ് ജൂനിയര്‍, എമിറ്റ് മാര്‍ട്ടിന്‍ , ജസ്റ്റിന്‍ സ്മിത്ത് എന്നീ ഉദ്യോഗസ്ഥര്‍ക്ക് മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തിലായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in