തിരഞ്ഞ് പിടിച്ച് അറസ്റ്റുമായി ഇസ്രയേല്‍; പതിനായിരം കടന്ന് പലസ്തീന്‍ തടവുകാരുടെ എണ്ണം

തിരഞ്ഞ് പിടിച്ച് അറസ്റ്റുമായി ഇസ്രയേല്‍; പതിനായിരം കടന്ന് പലസ്തീന്‍ തടവുകാരുടെ എണ്ണം

ഇസ്രയേൽ- പലസ്തീൻ സംഘർഷം രൂക്ഷമായതിനു ശേഷം വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറുസലേമിൽ നിന്നും ഇസ്രയേൽ ബന്ദിയാക്കിയ പലസ്തീനികളുടെ എണ്ണം പ്രതിദിനം 120 ആയി ഉയർന്നതായാണ് പലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നത്.

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ ഇസ്രയേലില്‍ ജയിലില്‍ അടയ്ക്കപ്പെട്ട പലസ്തീനികളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നു പിടികൂടി ജയിലിലടയ്ക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വളരെ അധികം വര്‍ധിച്ചതായി പലസ്തീൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ മിന്നലാക്രമണം നടത്തുന്നതിന് മുന്‍പ് ഏകദേശം അയ്യായിരത്തിൽപ്പരം പലസ്‌തീനികളാണ് ഇസ്രയേൽ ജയിലുകളിൽ കഴിഞ്ഞിരുന്നത്. എന്നാൽ സംഘർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇസ്രയേൽ തടവിലാക്കിയ പലസ്തീനികളുടെ എണ്ണം പതിനായിരം കടന്നതായാണ് പലസ്തീൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

ഇസ്രയേല്‍ ഭൂപ്രദേശങ്ങളില്‍ ജോലിചെയ്തു വന്നിരുന്ന പലസ്തീനികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാലായിരത്തോളം പലസ്തീൻ തൊഴിലാളികളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായും സന്നദ്ധ സംഘടകളുടെ കണക്കുകള്‍ പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ സൈന്യം നടത്തിയ കടന്നാക്രമണത്തിന് പിന്നാലെ ഒറ്റ രാത്രിയില്‍ ആയിരത്തിൽപരം പലസ്തീനികളെയും അറസ്റ്റ് ചെയ്തിരുന്നു.

56 വർഷത്തെ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്ത തരത്തിലാണ് അറസ്റ്റും കസ്റ്റഡിയും പുരോഗമിക്കുന്നത്. മുന്‍ കാലങ്ങളില്‍ തടവിലാക്കപ്പെട്ടവരുടെ എണ്ണം പ്രതിദിനം 15 മുതൽ 20 എന്ന കണക്കിലായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറുസലേമിൽ നിന്നും ഇസ്രയേൽ ബന്ദിയാക്കിയ പലസ്തീനികളുടെ എണ്ണം പ്രതിദിനം 120 ആയി ഉയർന്നതായാണ് പലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നത്.

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇസ്രയേല്‍ പോലീസ് അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ തെക്കൻ നഖാബ് മരുഭൂമിയിലെ ബീർ അൽ സബെയ്ക്ക് (ബീർ ഷെവ) സമീപമുള്ള സ്ഡെ ടെയ്മാൻ എന്ന സൈനിക താവളത്തിലാണ് പാര്‍പ്പിക്കുന്നത്. റമല്ലയ്ക്ക് സമീപമുള്ള ഓഫർ ജയിലിലും കിഴക്കൻ ജറുസലേമിലെ അനറ്റ ഗ്രാമത്തിനടുത്തുള്ള അനാട്ടോട് സൈനിക ക്യാമ്പിലും തടങ്കല്‍ പാളയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റാമല്ല ആസ്ഥാനമായി തടവുകാരുടെ അവകാശങ്ങൾക്കായുള്ള അദ്ദമീർ സംഘടനയുടെ തലപ്പത്തുള്ള സഹർ ഫ്രാൻസിസ് ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായ പലരും സാധാരണക്കാരാണെന്നും ഇവര്‍ക്ക് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞ് പിടിച്ച് അറസ്റ്റുമായി ഇസ്രയേല്‍; പതിനായിരം കടന്ന് പലസ്തീന്‍ തടവുകാരുടെ എണ്ണം
റഫാ കവാടം തുറന്നു; ഗാസയിലേക്ക് സഹായവുമായി പ്രവേശിച്ച് 20 ട്രക്കുകൾ

തടവറയ്ക്കുള്ളിലെ ഭീകരാന്തരീക്ഷങ്ങൾ

ഇസ്രയേല്‍ സുരക്ഷാ സേനയുടെ പിടിയിലാകുന്നവര്‍ സമാനതകളില്ലാത്ത ദുരിതമാണ് തടങ്കല്‍ പാളയങ്ങളില്‍ നേരിടുന്നതെന്ന് തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പലസ്തീൻ കമ്മീഷന്റെ തലവൻ, ഖദുര ഫരേസ് ആരോപിച്ചു. റമല്ലയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഫരേസ്.

തടവില്‍ കഴിയുന്നവര്‍ക്ക് അവശ്യ മരുന്നുകള്‍ പോലും ലഭിക്കുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ പലസ്തീനിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിരുന്നു. ഇതിന്റെ ഫലമായുള്ള പ്രതിസന്ധികള്‍ തടവറകളെയും ബാധിച്ചിട്ടുണ്ട്. തീവ്രമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ആവശ്യമായ വൈദ്യസഹായം പോലും അധികൃതർ നിഷേധിക്കുന്നു. ആശുപത്രികളിലേക്ക് പോകുന്നതിൽനിന്ന് തടവുകാരെ വിലക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജയില്‍ അധികൃതര്‍ ക്രൂര പീഡനങ്ങളാണ് അന്തേവാസികള്‍ക്ക് മേല്‍ അഴിച്ചുവിടുന്നത്. കയ്യേറ്റങ്ങളില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്ന നിലയുണ്ട്. മാനസിക പീഡനങ്ങളും വലിയ തോതില്‍ അരങ്ങേറുന്ന നിലയുണ്ടെന്നും ഖദുര ഫരേസ് പറയുന്നു. ഇങ്ങനെ തടവിലാക്കപ്പെട്ടവർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ല. രണ്ട് ദിവസം കൂടുമ്പോള്‍, അതും പരിമിതമായ അളവിലാണ് ഭക്ഷണം പോലും നൽകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ റെഡ് ക്രോസ് ഇടപെടല്‍ കാര്യക്ഷമമാക്കണം

തിരഞ്ഞ് പിടിച്ച് അറസ്റ്റുമായി ഇസ്രയേല്‍; പതിനായിരം കടന്ന് പലസ്തീന്‍ തടവുകാരുടെ എണ്ണം
പലസ്തീന്‍ അനുകൂല പോസ്റ്റര്‍ പോസ്റ്റ് ചെയ്ത്‌ നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ഗ്രെറ്റ തുന്‍ബെര്‍ഗ്; കാരണം ഒരു 'നീരാളി'

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീനികള്‍ക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ റെഡ് ക്രോസ് ഇടപെടല്‍ കാര്യക്ഷമമാക്കണം. അന്താരാഷ്ട സംഘടനങ്ങള്‍ സൈനിക ക്യാമ്പുകളിൽ ചെന്ന് തടവുകാരെ സന്ദർശിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

വ്യത്യസ്ത നിയമങ്ങൾ ഉന്നയിച്ചാണ് ഇസ്രയേൽ വിവിധ പ്രദേശങ്ങളിൽ നിന്നും തടവുകാരെ ബന്ദിയാക്കുന്നത്

അൺലാഫുൾ കോംബാറ്റന്റ്സ് ലോ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ പലസ്തീനികള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇസ്രയേൽ രാഷ്ട്രത്തിനെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് കാട്ടിയാണ് ഭൂരിഭാഗം ആൾക്കാരെയും ബന്ദികളാക്കുന്നത്. വെറും സംശയത്തിന്റെ പേരിൽ പലസ്‌തീനികളെ അറസ്റ്റ് ചെയ്ത് ബന്ദികളാക്കാനുള്ള നിയമവും ഇസ്രയേൽ ഒക്ടോബർ പതിമൂന്നോടെ നിയമം ഭേദഗതി ചെയ്തുവെന്നും ആരോപണങ്ങളുണ്ട്.

ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണതിന് ശേഷമാണ് ഇസ്രയേൽ ഗാസയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം ആരംഭിക്കുന്നത്. ഇതുവരെ, ഇസ്രയേലിൽ 1,400 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ തുടർന്നുള്ള ബോംബാക്രമണത്തിൽ ഗാസയിൽ 1,524 കുട്ടികൾ ഉൾപ്പെടെ 4,137 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in