രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹവായ് കാട്ടുതീ ദുരന്തം: മരണം 55, നൂറുകണക്കിന് ആളുകളെ കാണാനില്ല

മരണസഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരണം 55 ആയി. മൗയില്‍ നൂറുകണക്കിനാളുകളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മരണസഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് മൗയി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കടല്‍ത്തീര പട്ടണമായ ലഹൈനയുടെ 80 ശതമാനവും കാട്ടുതീയില്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഹവായിൽ കാട്ടുതീ ദുരന്തം; മൗയി ദ്വീപിൽ 36 മരണം

ചൊവ്വാഴ്ച്ച വീശിയടിച്ച ഡോറ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാട്ടുതീ നിയന്ത്രിക്കാനായി ഇപ്പോഴും അഗ്നിശമന സേന വിഭാഗം ശ്രമം തുടരുകയാണ്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.

തീ പടരുന്ന സാഹചര്യത്തില്‍ കടലില്‍ ചാടി മണിക്കൂറുകളോളം നിന്നതാണ് വിനോദ സഞ്ചാരികള്‍ക്ക് രക്ഷയായത്. കാട്ടുതീയെ തുടര്‍ന്ന് പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

തീ പടരുന്ന സാഹചര്യത്തില്‍ കടലില്‍ ചാടി മണിക്കൂറുകളോളം നിന്നതാണ് വിനോദ സഞ്ചാരികള്‍ക്ക് രക്ഷയായത്

മൗയിയില്‍ അതിവേഗം പടരുന്ന കാട്ടുതീയില്‍ 36 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഡോറ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാട്ടുതീയാണ് ദ്വീപില്‍ നാശം വിതച്ചത്. പൊള്ളലേറ്റവരെ ചികിത്സ നല്‍കുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചിരുന്നു.

രാത്രിയും പകലുമായി തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് വീടുവിട്ട് ഇറങ്ങേണ്ടി വന്നത്. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ പ്രദേശവാസികള്‍ സ്വയരക്ഷയ്ക്കായി കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ഇവരില്‍ മിക്കവരെയും യുഎസ് കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കരയിലെത്തിച്ചത്.

വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്ക് അഭയമൊരുക്കുന്നതിനായി മൗയിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ക്യാമ്പിലെത്തുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്.

ഡോറ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാട്ടുതീയാണ് ദ്വീപില്‍ നാശം വിതച്ചത്

വിനോദസഞ്ചാര കേന്ദ്രമായ മൗയിലേക്ക് സഞ്ചാരികള്‍ പ്രവേശിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെടാനായി നിരവധി സഞ്ചാരികളാണ് വിമാനത്താവളത്തില്‍ വിമാനം കാത്തു കഴിയുന്നത്. അതേ സമയം തീപിടിത്തത്തെ ദേശീയ ദുരന്തമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in