സച്ചിൻ ദേവ് ബർമ്മൻ
സച്ചിൻ ദേവ് ബർമ്മൻ

ദേവ് ബർമ്മൻ ജനിച്ചുവളര്‍ന്ന കൊട്ടാരം ഇനി സാംസ്കാരിക സമുച്ചയം

ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ വീട് സാംസ്കാരിക കേന്ദ്രമാക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 88 ലക്ഷം രൂപ അനുവദിച്ചു

പ്രശസ്ത സംഗീതസംവിധായകന്‍ സച്ചിൻ ദേവ് ബർമ്മൻ ജനിച്ച് വളര്‍ന്ന രാജ്ബാരി കൊട്ടാരം സാംസ്കാരിക സമുച്ചയമാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ കൊട്ടാരം സാംസ്കാരിക കേന്ദ്രമാക്കാനുള്ള പദ്ധതിക്കായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 88 ലക്ഷം രൂപ അനുവദിച്ചു.

സച്ചിൻ ദേവ് ബർമ്മൻ താമസിച്ചിരുന്ന സ്ഥലം വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു . ഏഴ് ഏക്കറില്‍ പല ഭാഗങ്ങളും കയ്യേറിയും നശിച്ചും ഇല്ലാതായി. 2012 ല്‍ ത്രിപുര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഗർത്തലയിലെത്തിയ പ്രധാനമന്ത്രി, കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും സാംസ്കാരിക കേന്ദ്രമായും മ്യൂസിയമായും മാറ്റുമെന്നും എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയിരുന്നു.

പ്രശസ്ത ബംഗാളി കവി കാസി നസ്രുല്‍ ഇസ്ലാമിന്റെ 116-ാം ജന്മവാർഷികത്തിൽ പങ്കെടുക്കാൻ 2017 മേയിൽ ഹസീന വീണ്ടും കുമില്ല സന്ദർശിച്ചു. അന്ന് തറക്കല്ലിട്ട ഏഴ് പദ്ധതികളിൽ ഒന്ന്, കൊട്ടാരത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. പിന്നീട്, 2017 നവംബറിൽ സർക്കാർ ഇത് സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

രാജ്ബാരി കൊട്ടാരം
രാജ്ബാരി കൊട്ടാരം

ത്രിപുര രാജകുടുംബാംഗമായ ദേവ് ബർമ്മൻ, അദ്ദേഹത്തിന്‍റെ ബാല്യവും കൗമാരവും ചെലവഴിച്ചത് രാജ്ബാരി കൊട്ടാരത്തിലാണ്

രാജകുടുംബത്തിന്റെ പിൻഗാമിയായ അദ്ദേഹത്തിന്റെ പിതാവ്, നാട്ടുരാജ്യങ്ങളുടെ മേൽനോട്ടം ഏറ്റെടുത്താണ് കുമില്ലയിലേക്ക് താമസം മാറുന്നത്. സിതാരിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു സംഗീതത്തിന്റെ ലോകത്തേക്ക് ദേവ് ബർമ്മൻ ചുവടുവച്ചത്. കുമില്ല ജില്ലാ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, വിക്ടോറിയ ഗവൺമെന്റ് കോളേജിൽ നിന്ന് 1924 ൽ ബിരുദം നേടി.

ത്രിപുര കൊട്ടാരം
ത്രിപുര കൊട്ടാരം

1937 ൽ ബംഗാളി സിനിമകളിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഹിന്ദി സിനിമകൾക്ക് വേണ്ടി കമ്പോസ് ചെയ്യാൻ തുടങ്ങിയതോടെ ഏറ്റവും വിജയകരവും സ്വാധീനമുള്ളതുമായ ബോളിവുഡ് ചലച്ചിത്ര സംഗീത സംവിധായകരിൽ ഒരാളായി മാറി. 1947-ൽ 'ദോ ഭായ്' എന്ന ചിത്രമാണ് ദേവ് ബർമ്മന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. 'പ്യാസ', 'കാഗസ് കെ ഫൂൽ', 'ഗൈഡ്', 'അഭിമാൻ', 'മിലി' എന്നിവയുൾപ്പെടെ നിരവധി ഇതിഹാസ ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം നൽകി. ബംഗാളിലെ സെമി ക്ലാസിക്കൽ, നാടോടി ശൈലികളിലും ദേവ് ബർമ്മൻ ഗാനങ്ങൾ ആലപിച്ചു. 1969ൽ സംഗീതത്തിലെ അതുല്യ സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

പുരാവസ്തു വകുപ്പിന് കൊട്ടാരം കൈമാറാൻ സര്‍ക്കാര്‍ തയാറാണെന്ന് കുമില്ല ജില്ലാ കളക്ടർ മുഹമ്മദ് കമ്റുൽ ഹസൻ

ബംഗാളി കവി ഖാസി നസ്രുല്‍ ഇസ്ലാം ഉള്‍പ്പെടെ നിരവധി പ്രതിഭകൾ ദേവ് ബർമ്മന്റെ വീട് സന്ദർശിക്കുകയും അദ്ദേഹത്തോടൊപ്പം സംഗീതം ആലപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫറൂഖ് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ടിരുന്ന കൊട്ടാരം, പാകിസ്താൻ ഭരണകാലത്ത് സൈനിക സംഭരണശാലയായി ഉപയോഗിച്ചിരുന്നതായും വെളുപ്പെടുത്തലുകളുണ്ട്. ഇങ്ങനെ പല തരത്തിലുള്ള കയ്യേറ്റങ്ങൾക്ക് വേദിയായ കൊട്ടാരം, ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കുമില്ല എംപി ബഹാഉദ്ദിൻ ബഹ്‌റിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്.

പുരാവസ്തു വകുപ്പിന് വീട് കൈമാറാൻ സര്‍ക്കാര്‍ തയാറാണെന്നും എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയായതായും കുമില്ല ജില്ലാ കളക്ടർ മുഹമ്മദ് കമ്റുൽ ഹസൻ പറഞ്ഞു. കൊട്ടാരവളപ്പിൽ, കുളത്തിൽ ഫ്ലോട്ടിങ് സ്റ്റേജ് ആയി ഒരു സമുച്ചയം നിർമ്മിക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും നാടക പ്രവർത്തകനുമായ അസദ്ദുസ്മാൻ നൂർ മുൻപ് പ്രഖ്യാപിച്ചിരുന്നു. ഒരു മ്യൂസിക് ലൈബ്രറിയും പദ്ധതിയുടെ ഭാഗമായി പരിഗണിച്ചിട്ടുണ്ട്. ത്രിപുര പുഷ്പാബന്ധ കൊട്ടാരവും മ്യൂസിയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in